ബെംഗളൂരു: നഗരത്തിലെ രണ്ട് ടെക് ടൗണുകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി നിർമ്മിച്ച ബംഗളൂരു – മൈസൂരു എക്സ്പ്രസ്വേ റോഡപകടങ്ങളുടെ കേന്ദ്രമായി മാറി. എന്നാൽ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം അഞ്ച് മാസത്തിനുള്ളിൽ എക്സ്പ്രസ് വേയിൽ 570 അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ അപകടങ്ങളിൽ 55 പേർ മരിക്കുകയും ചെയ്തു. മലയാളികളും മരിച്ചവരിൽ ഉൾപ്പെടും.
റിപ്പോർട്ട് പ്രകാരം 570 അപകടങ്ങളിൽ 52 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 279 പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. ഈ ദക്ഷിണേന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ് വേയിൽ ഉയർന്ന അപകടങ്ങൾ യാത്രക്കാരുടെ സുരക്ഷയിൽ ആശങ്ക ഉയർത്തുന്നു. ഈ സമ്പൂർണ ആക്സസ് നിയന്ത്രിത എക്സ്പ്രസ് വേയിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ നിയന്ത്രണം ഉൾപ്പെടെയുള്ള നിരവധി നടപടികൾ സർക്കാർ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. എക്സ്പ്രസ് വേയിൽ ഏതാനും സ്ഥലങ്ങളിൽ ഗ്രാമവാസികൾ വേലി മുറിച്ചതും റോഡിൽ മൃഗങ്ങളുടെ സാന്നിധ്യത്തിന് കാരണമായി. തിരക്കേറിയ എക്സ്പ്രസ്വേയിൽ ട്രാക്ക് തെറ്റിച്ച് വാഹനമോടിക്കുന്നതും അപകടത്തിന് കാരണമാകുന്നു. കൂടാതെ റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ ഇടിച്ചാണ് പല അപകടങ്ങളും. കാറുകളുടെ ചക്രം പൊട്ടിയും അപകടമുണ്ടായി.
119 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ്വേ 8,408 കോടി രൂപയ്ക്കാണ് നിർമ്മിച്ചത്. ആകെ നീളത്തിൽ 52 കിലോമീറ്ററും ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അഞ്ച് ബൈപാസുകളടങ്ങുന്ന ഗ്രീൻഫീൽഡാണ്. ഈ പദ്ധതിയിൽ 11 മേൽപ്പാലങ്ങൾ, 64 അടിപ്പാതകൾ, അഞ്ച് ബൈപ്പാസുകൾ, 42 ചെറിയ പാലങ്ങൾ എന്നിവ ഉൾപ്പെടുന്നു. എക്സ്പ്രസ് വേയിൽ ആറ് വരിപ്പാതകളും ഇരുവശങ്ങളിലും അധിക രണ്ട് വരി സർവീസ് റോഡുകളുമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.