വിനോദയാത്രയ്ക്കിടെ മലയാളികളെ മൈസൂരുവിൽ തടവിലാക്കി, രക്ഷപ്പെട്ടത് സാഹസികമായി

ബെംഗളൂരു: പള്ളിശ്ശേരിയിൽ നിന്ന് മൈസൂരിലേക്ക് വിനോദയാത്രയ്ക്കെത്തിയ അഞ്ചംഗ മലയാളിസംഘത്തെ തടഞ്ഞുവെച്ച് രണ്ടരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

ഒരുദിവസം ബന്ദികളായി കഴിഞ്ഞ സംഘത്തെ പോലീസ് ഇടപെട്ട് മോചിപ്പിച്ചു.

പി.കെ. ഷറഫുദ്ദീൻ, പുലിവെട്ടി സക്കീർ, ചെറിയ ആലിച്ചെത്ത് ഷറഫുദ്ദീൻ, ടി. ലബീബ്, പി.കെ. ഫാസിൽ എന്നിവരാണു നാട്ടിൽ തിരിച്ചെത്തിയത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസും മറ്റ് പോലീസ് ഉദ്യോഗസ്ഥരും കർണാടക പോലീസുമായി ബന്ധപ്പെട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്.

ശനിയാഴ്ചയാണ് സംഘം മൈസൂരുവിലേക്ക് വിനോദയാത്ര എത്തിയത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മൈസൂരുവിൽ തിരക്കു കൂടുതലായിരുന്നു. ഭക്ഷണത്തിനുപോലും പ്രയാസപ്പെട്ട സംഘത്തെ സഹായിക്കാൻ ഒരു ഓട്ടോഡ്രൈവർ എത്തി. ഭക്ഷണം തരപ്പെടുത്തിക്കൊടുത്തശേഷം താമസിക്കാൻ ഇടം ഒരുക്കിക്കൊടുക്കാമെന്നു പറഞ്ഞ് ഓട്ടോഡ്രൈവർ ഇവരെ കൂട്ടിക്കൊണ്ടുപോയി ഒരു മുറിയിലാക്കി വാതിൽ പൂട്ടി കടന്നുകളയുകയായിരുന്നു.

പിന്നീടെത്തിയ സ്ത്രീകളുൾപ്പെടെയുള്ള പതിനൊന്നംഗ സംഘം മലയാളികളെ ക്രൂരമായി മർദിച്ച് മയക്കുമരുന്ന് രൂപത്തിൽ ഉപയോഗിക്കുന്ന വീഡിയോ ചിത്രീകരിച്ചു. ഈ ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണം കവർന്നത്. പണം വിസമ്മതിച്ചപ്പോൾ മർദിച്ചു.

നാട്ടിൽനിന്ന് ബാങ്ക് മുഖേന വരുത്തിയതടക്കം രണ്ടരലക്ഷം രൂപയും മെബൈൽഫോണുകളും ഈ സംഘം കൈക്കലാക്കി. പിന്നീട് ഇവരെ രഹസ്യതാവളത്തിലേക്കു മാറ്റി.

വിനോദയാത്ര പോയവർ നിരന്തരം പണം ആവശ്യപ്പെട്ടതാണ് അവർ കുടുങ്ങിയതായി നാട്ടുകാർ മനസ്സിലാക്കിയത്. നാട്ടുകാരായ കൊമ്പൻ നാണി, തോളൂരാൻ മിദ്‌ലാജ്, കെ. സാദിഖ് എന്നിവർ കാളികാവ് പോലീസിൽ വിവരമറിയിച്ച് കർണാടകയിലേക്ക് പുറപ്പെട്ടു. മൈസൂരുവിലെ കെ.എം.സി.സി., കർണാടക കർഷകസംഘത്തിലെ കെ.കെ. നഈം തുടങ്ങിയവരും ഇടപെട്ടു. പോലീസ് നടപടി പൂർത്തിയാക്കി വ്യാഴാഴ്ച ഇവരെ നാട്ടിലെത്തിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us