കെ.ആര്‍ പുരം- വൈറ്റ് ഫീല്‍ഡ് പാത: മെട്രോ സര്‍വിസ് അടുത്തമാസം മുതല്‍

ബെംഗളൂരു: : കെ.ആര്‍ പുരം മുതല്‍ വൈറ്റ്ഫീല്‍ഡ് വരെയുള്ള പാതയില്‍ നമ്മ മെട്രോ ട്രെയിന്‍ സര്‍വിസ് മാര്‍ച്ച്‌ മുതല്‍ ആരംഭിക്കാന്‍ തീരുമാനം.കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുൻപ് ഈ പാതയില്‍ സര്‍വിസ് നടത്താനാണ് സര്‍ക്കാര്‍ നീക്കം.ബി.ജെ.പി സര്‍ക്കാറിന്റെ വികസന പദ്ധതിയായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടി മുന്നില്‍കണ്ടാണ് പര്‍പ്പിള്‍ ലൈനിലെ മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തിയാവുന്നതിന് മുൻപ് തന്നെ പകുതി ഭാഗം യാത്രക്കാര്‍ക്കായി തുറന്നു നല്‍കുന്നത്. എന്തായാലും മെട്രോ പാത ഭാഗികമായെങ്കിലും തുറക്കുന്നത് വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന വൈറ്റ്ഫീല്‍ഡ് റോഡിലെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ്.

13 കിലോമീറ്റര്‍ വരുന്നതാണ് കെ.ആര്‍ പുരം- വൈറ്റ്ഫീല്‍ഡ് പാത. കെ.ആര്‍ പുരം പിന്നിട്ടാല്‍ മഹാദേവപുര, ഗരുഡാചരപാളയ, ഹൂഡി ജങ്ഷന്‍, സീതാരാമ പാളയ, കുന്ദലഹള്ളി, നല്ലൂര്‍ ഹള്ളി, സാദരമംഗല, പട്ടന്തൂര്‍ അഗ്രഹാര, കാഡുഗൊഡി, ചന്നസാന്ദ്ര, വൈറ്റ്ഫീല്‍ഡ് എന്നിവയാണ് സ്റ്റേഷനുകള്‍. കഴിഞ്ഞ ഒക്ടോബറില്‍ ഈ റൂട്ടില്‍ മണിക്കൂറില്‍ 25 കി.മീ വേഗത്തില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു.

ഫെബ്രുവരി 15ന് ശേഷം പാതയുടെ സുരക്ഷ പരിശോധന നടത്താന്‍ ആവശ്യപ്പെട്ട് റെയില്‍വേ സുരക്ഷ കമീഷണര്‍ക്ക് (സി.ആര്‍.എസ്) ബി.എം.ആര്‍.സി.എല്‍ എം.ഡി അന്‍ജും പര്‍വേസ് കത്തയച്ചിരുന്നു. നാലുദിവസം നീളുന്ന സുരക്ഷ പരിശോധന പൂര്‍ത്തിയായി റെയില്‍വേ സുരക്ഷ കമീഷണറിന്റെ പച്ചക്കൊടി ലഭിച്ചാല്‍ മാര്‍ച്ചില്‍ മെട്രോ സര്‍വിസ് ആരംഭിക്കും.10 മിനിറ്റ് ഇടവേളയില്‍ അഞ്ച് ജോടി ട്രെയിനുകള്‍ സര്‍വിസ് നടത്താന്‍ കഴിയുന്ന പാതയില്‍ ആറു കോച്ചുകള്‍ വീതമുള്ള നാല് ട്രെയിനുകളാണ് സര്‍വിസിനായി ആദ്യമെത്തിച്ചിട്ടുള്ളത്.

ആവശ്യമെങ്കില്‍ കൂടുതല്‍ ട്രെയിനുകള്‍ എത്തിക്കാനാണ് ബി.എം.ആര്‍.സി.എല്‍ തീരുമാനം.കെ.ആര്‍ പുരത്തും വൈറ്റ്ഫീല്‍ഡിലും മെട്രോ സ്റ്റേഷനെയും റെയില്‍വേ സ്റ്റേഷനെയും ബന്ധിപ്പിച്ചുള്ള നടപ്പാലങ്ങളുണ്ടാവും.ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാര്‍ക്ക് ലിമിറ്റഡിന് (ഐ.ടി.പി.എല്‍) കീഴിലെ ഇന്‍ര്‍നാഷനല്‍ ടെക് പാര്‍ക് ബംഗളൂരു (ഐ.ടി.പി.ബി) വില്‍നിന്ന് പട്ടന്തൂര്‍ അഗ്രഹാര മെട്രോ സ്റ്റേഷനിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള സംവിധാനവും ഒരുക്കും. ഇതുസംബന്ധിച്ച്‌ ബി.എം.ആര്‍.സി.എല്ലും ഐ.ടി.പി.എല്ലും കരാര്‍ ഒപ്പിട്ടിരുന്നു. ഐ.ടി.ബി.പിയിലെ നിരവധി ഐ.ടി-ഐ.ടി ഇതര കമ്ബനികളിലെ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് പ്രയാസമില്ലാതെ മെട്രോ സ്റ്റേഷനിലെത്താന്‍ ഇതുപകരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us