ജി20 എനർജി ട്രാൻസിഷൻ വർക്കിംഗ്‌ ഗ്രൂപ്പ്‌ മീറ്റിംഗ് ഫെബ്രുവരി 5 മുതൽ

ബെംഗളൂരു: ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ആദ്യ ജി20 എനര്‍ജി ട്രാന്‍സിഷന്‍ വര്‍ക്കിങ് ഗ്രൂപ്പ് മീറ്റിങ് ഫെബ്രുവരി 5 മുതല്‍ 7 വരെ ബെംഗളൂരുവില്‍ നടക്കും. യോഗത്തില്‍ ജി 20 അംഗരാജ്യങ്ങളും ഒമ്പത് പ്രത്യേക ക്ഷണിതാക്കളായ അതിഥി രാജ്യങ്ങളായ ബംഗ്ലാദേശ്, ഈജിപ്‌ത്, മൗറീഷ്യസ്, നെതര്‍ലന്‍ഡ്‌സ്, നൈജീരിയ, ഒമാന്‍, സിംഗപ്പൂര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), സ്‌പെയിന്‍ ഉള്‍പ്പെടെ 150 ലധികം പേര്‍ പങ്കെടുക്കുമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രാലയം അറിയിച്ചു.

കൂടാതെ, ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്‍റ് ബാങ്ക്, യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്‍റ് പ്രോഗ്രാം (യുഎന്‍ഡിപി), ഇന്‍റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) എന്നിവയുള്‍പ്പെടെ പ്രമുഖ അന്താരാഷ്ട്ര സംഘടനകളും യോഗത്തിന്‍റെ ഭാഗമാകും. ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇ‌ടി‌ഡബ്ല്യുജി യോഗത്തില്‍ പങ്കെടുക്കും. സാങ്കേതിക വിടവുകള്‍ പരിഹരിച്ചുകൊണ്ടുള്ള ഊര്‍ജ സംക്രമണം, ഊര്‍ജ പരിവര്‍ത്തനത്തിനുള്ള ചെലവ് കുറഞ്ഞ ധനസഹായം, ഊര്‍ജ സുരക്ഷയും വൈവിധ്യമാര്‍ന്ന വിതരണ ശൃംഖലകളും, ഊര്‍ജ കാര്യക്ഷമത, ഉത്തരവാദിത്ത ഉപഭോഗം, ഭാവിയിലേക്കുള്ള ഇന്ധനം തുടങ്ങിയ വിഷയങ്ങളില്‍ പ്രഥമ പരിഗണന നല്‍കുമെന്നും കേന്ദ്ര ഊര്‍ജ മന്ത്രാലയം അറിയിച്ചു.

കാര്‍ബണ്‍ കാപ്‌ചര്‍, യൂട്ടിലൈസേഷന്‍ ആന്‍ഡ് സ്റ്റോറേജ് (സിസിയുഎസ്)’ എന്ന വിഷയത്തില്‍ ഉന്നതതല അന്താരാഷ്ട്ര സെമിനാറും നടക്കും. 2022 ഡിസംബര്‍ 1 മുതല്‍ 2023 നവംബര്‍ 30 വരെ ഒരു വര്‍ഷത്തേക്ക് ജി20യുടെ പ്രസിഡന്‍റ് സ്ഥാനം ഇന്ത്യ ഏറ്റെടുത്തിരുന്നു. രാജ്യത്തുടനീളം 200-ലധികം മീറ്റിങുകള്‍ നടക്കും.

സര്‍ക്കാര്‍ തലത്തിലുള്ള ജി20 നേതാക്കളുടെ ഉച്ചകോടി 2023 സെപ്‌തംബര്‍ 9, 10 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കും. ജി20 അല്ലെങ്കില്‍ ഗ്രൂപ്പ് ഓഫ് 20 എന്നത് ലോകത്തിലെ പ്രധാന വികസിതവും വികസ്വരവുമായ സമ്പദ്‌വ്യവസ്ഥകളുടെ ഒരു ഇന്‍റര്‍ ഗവണ്‍മെന്‍റല്‍ ഫോറമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us