വധഭീഷണി ഉണ്ടെന്ന് പരാതി നൽകിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ് 

ബെംഗളൂരു : വധഭീഷണിയുണ്ടെന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ 83 കാരിയെ വീട്ടിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി.

പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിരവധി തവണ സ്റ്റേഷനിൽ വിളിച്ച ജയശ്രീയെയാണ് എച്ച്എസ്ആർ ലെഔട്ട് ഫസ്റ്റ് സ്റ്റേജിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജയശ്രീയുടെ വീടിനു സമീപം ബീറ്റ് പോലീസിനെ നിയോഗിച്ചിരുന്നു, എന്നാൽ കൊലപാതകം തടയാനായില്ല. വീട്ടിൽ നിന്ന് ആഭരണങ്ങൾ കവർന്നിട്ടുണ്ട്. എന്നാൽ മോഷണം നടന്നതിന്റെ അടയാളങ്ങളൊന്നുമില്ല.  കൊല നടത്തിയ ആൾക്ക് ആഭരണങ്ങൾ സൂക്ഷിക്കുന്നത് എവിടെയാണെന്ന് കൃത്യമായി അറിയാമായിരുന്നു. ഒളിവിൽപ്പോയ നേപ്പാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

നാവികസേന ഉദ്യോഗസ്ഥനായിരുന്നു ഭർത്താവ് എം ശ്രീനിവാസൻ മരിച്ചതിനു ശേഷം ഇവർ തനിച്ചായിരുന്നു താമസം. ആൺമക്കളിൽ ഒരാൾ വിദേശത്തും മറ്റൊരാൾ വേറെ വീട്ടിലുമാണ് താമസം. നാലു നിലകളുള്ള വീടിന്റെ മൂന്നു നിലകളും വാടകയ്ക്കു കൊടുത്തിരിക്കുകയാണ്. വാടകക്കാരിൽ ഒരാൾ ശനിയാഴ്ച രാവിലെ ജയശ്രീയെ പുറത്തുകാണാത്തതിനെ തുടർന്ന് മുറിയിൽ കയറി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തങ്ങൾക്കൊപ്പം താമസിക്കാൻ ആവശ്യപ്പെട്ടിട്ടും അമ്മ തനിച്ച്‌ താമസിക്കാൻ ആഗ്രഹിക്കുകയായിരുന്നുവെന്ന് മക്കളിൽ ഒരാളായ സുരേഷ് ശ്രീനിവാസൻ നൽകിയ പരാതിയിൽ പറയുന്നു. ആഗസ്റ്റ് 12ന് രാത്രി അജ്ഞാതർ വീട്ടിൽ കയറി ജയശ്രീയെ കൊലപ്പെടുത്തിയെന്നാണ് പരാതി. ഇവരുടെ ശരീരത്തിൽ നിന്നും വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ അപഹരിച്ചുവെന്നും പരാതിയിൽ പറയുന്നു.

പ്രതിയെ കണ്ടെത്താനായി അന്വേഷണം നടക്കുന്നുണ്ട്. ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. ഉടൻ തന്നെ പ്രതി വലയിലാകുമെന്ന് ഡെപ്യുട്ടി കമ്മീഷണർ ഓഫ് പോലീസ് സി കെ ബാബ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us