തക്കാളിയ്ക്ക് 100, മത്തിയ്ക്ക് 100 അടുക്കള കുറച്ച് കാലത്തേക്ക് പൂട്ടിയിട്ടാലോ?

പാചക വാതക- മണ്ണെണ്ണ വില കുതിച്ചുയർന്നതോടെ സാധാരണക്കാർ വെട്ടിലായി എന്നു തന്നെ പറയാം. പച്ചക്കറിയുടെയും മീനിന്റെയും വിലയിലെ കുതിച്ചുചാട്ടവും ആളുകൾക്ക് ഇരുട്ടടിയായി.

ചിക്കന്‍ വില നിലവിൽ 240 ല്‍ എത്തി. മഴ തുടങ്ങിയതോടെ ഒരാഴ്ചയായി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവാത്തതാണ് മത്തിയടക്കം മീനുകള്‍ക്കെല്ലാം വില കൂടാന്‍ കാരണമായത്. മത്തിക്ക് കിലോയ്ക്ക് 200 വരെയെത്തി വില. അയലയ്ക്ക് 260 വും. ഓരോ മാര്‍ക്കറ്റിലും ഓരോ വിലയാണ്. പച്ചക്കറിയില്‍ തക്കാളിക്കാണ് പൊള്ളുംവില. കിലോയ്ക്ക് ചില്ലറ വിപണിയില്‍ 100 രൂപയായി. ഗ്രാമങ്ങളില്‍ 120 വരെ വാങ്ങുന്നവരുണ്ട്. ഒരാഴ്ചയ്ക്ക് മുമ്പ് വരെ ചിക്കന്‍ വില കിലോയ്ക്ക് 190 ആയിരുന്നെങ്കില്‍ ഇന്നലെ വില 240. ഒറ്റയടിക്ക് കൂടിയത് 50 രൂപയാണ്.

വില കിട്ടാതായതോടെ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ തക്കാളിപ്പാടത്തിന് തീയിടുന്ന സ്ഥിതിവരെ ഉണ്ടായിരുന്നു. രണ്ടു മാസം മുമ്പ് വരെ 20 രൂപയ്ക്ക് താഴെയായിരുന്നു വില. അതാണിപ്പോള്‍ 100 ല്‍ തിളങ്ങുന്നത്. വേനല്‍മഴ വിളവിനെ ചതിച്ചതാണ് മാര്‍ക്കറ്റില്‍ തക്കാളിയെ താരമാക്കിയതെന്ന് കച്ചവടക്കാര്‍ പറയുന്നു. മുരിങ്ങ വിലയും നൂറിലെത്തി. ബീന്‍സിനാകട്ടെ കിലോയ്ക്ക് 120 രൂപയാണ് വില. മുരിങ്ങയ്ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നര കിലോ 50 രൂപ ആയിരുന്നത് തിങ്കളാഴ്ച ഒരു കിലോയ്ക്ക് 50 രൂപയും ബുധനാഴ്ച 100 രൂപയുമായി. ഇന്നലെ 120 ആയി വില . ബീറ്റ്‌റൂട്ടിന് 60 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 40 രൂപയായിരുന്നതാണ് 60 ലേക്ക് കുതിച്ചത്. അതേസമയം ഇടക്കാലത്ത് വിലകൊണ്ട് മലയാളിയെ കരയിപ്പിച്ച വലിയ ഉള്ളി മാത്രമാണ് ഇപ്പോൾ ചെറിയ ഒരു ആശ്വാസം. കേരള വിപണിയിലേക്ക് പച്ചക്കറിയെത്തുന്ന തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ മഴ കാരണം ഉത്പാദനം കുറഞ്ഞതും ഇന്ധനവില വര്‍ദ്ധനവുമാണ് മലയാളിയുടെ നടുവൊടിക്കുന്ന വിലക്കയറ്റത്തിന് വഴിയൊരുക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us