“ഓർമയിൽ പൊന്നോണം” ഓണപ്പാട്ട് ജനശ്രദ്ധയാകർഷിക്കുന്നു

9 വർഷത്തിന് ശേഷം പ്രശസ്ത പിന്നണി ഗായകൻ ഫ്രാങ്കോ പാടിയ ഏറ്റവും പുതിയ ഓണപ്പാട്ട് ജനശ്രദ്ധയാകർഷിക്കുന്നു. ഫ്രാങ്കോയുടെ സ്ഥിരം അടിപൊളി ശൈലിയിൽ നിന്നും മാറി ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന ഈ ഗാനം നിർമ്മിച്ചിരിക്കുന്നത് ജെ ജെ ക്രയിൻ സെർവിസ്സ് സ്ഥാപന ഉടമ ജിനോ ജോസഫ് ആണ്. കോഴിക്കോട് സ്വദേശിയായ എം കെ സന്തോഷ് കുമാർ ആണ് കേൾവിക്കാരെ പഴയകാല ഓണസ്മരണകളിലേക്ക് കൂട്ടികൊണ്ടു പോകുന്ന മനോഹരമായ വരികൾ എഴുതിയത്. ബാംഗ്ലൂർ മ്യൂസിക് കഫേയിലെ ഗായകനായ ജിജോ ഒലക്കേങ്കൽ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അരുൺ കുമാരനും നിശാന്ത്കുമാർ പുനത്തിലും ചേർന്നാണ് ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ ചെയ്തത്. പ്രശസ്ത പുല്ലാങ്കുഴൽ വാദകനായ രാജേഷ് ചേർത്തലയാണ് ഈ ഗാനത്തിൽ പുല്ലാങ്കുഴൽ വായിച്ചിരിക്കുന്നത്. UK യിലെ ഒരു മാധ്യമ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ആദർശ് കുരിയൻ ആണ് ഈ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്

ക്ലബ് ഹൌസ് എന്ന സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഏതാനും സുഹൃത്തുക്കളുടെ ചിന്തയിൽ ആണ് ഈ വർഷത്തെ ഓണത്തിന് നല്ലൊരു ഓണപ്പാട്ട് പുറത്തിറക്കണം എന്ന ആശയം ഉണ്ടാകുന്നത്.
ബാംഗ്ലൂർ മ്യൂസിക് കഫേ സ്ഥാപകനായ ജോസ് റാഫേലിന്റെ സുഹൃത്തായ സന്തോഷ് കുമാർ എഴുതി നൽകിയ വരികൾക്ക് ജിജോ ഈണം ഇട്ടതിനു ശേഷം ക്ലബ് ഹൌസിലെ സുഹൃത്തായ ജിനോയോട് ഇക്കാര്യം പറയുകയായിരുന്നു. ഗാനം എഴുതിയ സന്തോഷ് കുമാറും, സംഗീതം നൽകിയ ജിജോയും, പാടിയ ഫ്രാങ്കോയും, ഓർക്കസ്ട്രഷൻ നിർവഹിച്ച നിഷാന്തും, അരുണും, പുല്ലാങ്കുഴൽ വായിച്ച രാജേഷും, വീഡിയോ എഡിറ്റിങ് ചെയ്ത അരുണും, ഈ ഗാനം നിർമ്മിച്ച ജിനോയും ഇതുവരെ നേരിൽ കണ്ടിട്ടില്ല എന്നുള്ളത് വലിയ കൗതുകമാണ്. ഏതായാലും സാമൂഹ്യ മാധ്യമങ്ങളെ അടച്ചാക്ഷേപിക്കുന്ന ഈ കാലത്തും അതിനെ നല്ല കാര്യങ്ങൾക്കും ഉപയോഗിക്കാം എന്ന് ഈ ഗാനത്തിലൂടെ ഇതിന്റെ അണിയറ പ്രവർത്തകർ തെളിയിക്കുന്നു. ഇതുപോലുള്ള കൂട്ടായ്‌മകൾ ഇനിയും ഉണ്ടാകട്ടെ, നല്ല കലാസൃഷ്ടികളും…
ഈ ഗാനത്തിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാ ആശംസകളും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us