തുളു-കന്നഡ ശൈലിയിലുള്ള പേരുകൾ മലയാളവൽക്കരിക്കുന്നതിനെതിരെ പ്രതിഷേധം

ബെംഗളൂരു: കാസർകോട് കർണാടക അതിർത്തിയിലെ ചില സ്ഥലങ്ങളുടെ പേരുകൾ മലയാളവൽക്കരിക്കാനുള്ള കേരള സർക്കാരിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

തുളു-കന്നഡ ശൈലിയിലുള്ള പേരുകൾ മലയാള ശൈലിയിലേക്ക് മാറ്റുന്നതിനെതിരേ കർണാടക അതിർത്തി മേഖല വികസന അതോറിറ്റിയും കർണാടക വികസന അതോറിറ്റിയുമാണ് പ്രതിഷേധവുമായി മുന്നോട്ടു വന്നത്.

കന്നഡ സംസ്കാരവും പാരമ്പര്യവും ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന പേരുകൾ മാറ്റിയാൽ നിയമപരമായി നേരിടുമെന്ന് കർണാടക വികസന അതോറിറ്റി ചെയർപേഴ്‌സൺ ടി.എസ്. നാഗഭരണ പറഞ്ഞു.

പേരുമാറ്റുന്ന സ്ഥലങ്ങൾ (ബ്രാക്കറ്റിൽ മലയാളത്തിലേക്ക് മാറ്റുന്ന വിധം):

– മഞ്ചേശ്വര (മഞ്ചേശ്വരം)
– ബേഡഡുക്ക (ബേഡകം)
– കാറട്ക്ക (കാഡഗം)
– മദ്ദൂരു (മദ്ദൂർ)
– മല്ല (മല്ലം)
– ഹൊസദുർഗ (പുതിയകോട്ട)
– കുബളെ (കുംബള)
– പിലികുഞ്ചെ (പുലികുന്ന്)
– ആനേബാഗിലു (ആനേബാഗിൽ)
– നെല്ലികിഞ്ജ (നെല്ലിക്കുന്ന്)
– ശശിഹിത് ലു (ശൈവളപ്പ്)

അതിർത്തി പ്രദേശത്തുള്ളവരുടെ വികാരം ഹനിക്കുന്ന തീരുമാനത്തിൽനിന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിൻമാറണമെന്നാവശ്യപ്പെട്ട് കേരള സർക്കാരിന് കത്തെഴുതിയതായി കർണാടക അതിർത്തി മേഖല വികസന അതോറിറ്റി ചെയർപേഴ്‌സൺ സി. സോമശേഖർ അറിയിച്ചു.

കന്നഡ പേരുകൾ നിലനിർത്തണമെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി അഭിപ്രായപ്പെട്ടു.

“കർണാടകയുമായി അടുത്ത ബന്ധം പുലർത്തുന്ന സ്ഥലമാണ് കാസർകോട്. കർണാടകയ്ക്കും കന്നഡി​ഗർക്കും കാസർകോട്ടെ ജനങ്ങളുമായി സാംസ്കാരികമായ ബന്ധമുണ്ട്. ഭാഷാപരമായ ഐക്യത്തിന്റെ പ്രതീകമാണ് കാസർകോട്. ”

“കന്നഡയും മലയാളവും സംസാരിക്കുന്ന ജനങ്ങളുടെ എണ്ണം കാസർകോട്ട് തുല്യമാണെങ്കിലും അവർ വളരെ ഐക്യത്തോടെയാണ് കഴിയുന്നത്. ഭാഷാപ്രശ്നത്തിന്റെ പേരിൽ അവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളില്ല. വികാരങ്ങളെ രാഷ്ട്രീയനേട്ടത്തിനുപയോ​ഗിക്കുന്ന ഇക്കാലത്ത് ഈ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അവിടെ ജീവിക്കുന്ന കന്നഡി​ഗരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ കർണാടകയ്ക്കും  കേരളത്തിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നാണ് കരുതുന്നത്.” എന്ന് കുമാരസ്വാമി പറഞ്ഞു.

സ്ഥലങ്ങളുടെ പേരുകൾ മലയാളവൽക്കരിക്കാനുള്ള നീക്കത്തിൽ‌ നിന്ന് പിന്മാറണമെന്ന് കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും കുമാരസ്വാമി ട്വീറ്റ് ചെയ്തു.

മുൻപ് കാസര്‍കോട് അതിര്‍ത്തിയിലെ എൻമകജെ പഞ്ചായത്തിലെ ‘മൈരെ’ എന്ന സ്ഥലത്തിന്റെ പേര് മാറ്റി ‘ഷേണി’ എന്നാക്കിയിരുന്നു. ആ തുളു പദം മലയാള ഭാഷയില്‍ അശ്ലീലമാണ് എന്ന് പറഞ്ഞാണ് പേര് മാറ്റിയത്. 2013 ലാണ് ‘മൈരേ’ എന്ന ഈ ഗ്രാമത്തിന്റെ പേര് മാറ്റി ‘ഷേണി’ എന്നാക്കിയത്.

ഈ സ്ഥലത്തിൻ്റെ പേര് മാറ്റുന്നതിന് മുൻപ് ഇവിടേക്ക് സ്ഥലം മാറ്റം കിട്ടി വരുന്ന തെക്കൻ ജില്ലക്കാർക്കായിരുന്നു പെടാപ്പാട് അനുഭവിക്കേണ്ടി വന്നിരുന്നത്. ജോലി ചെയ്യുന്ന സ്ഥലം എവിടെയാണെന്ന് എങ്ങനെ മറ്റുള്ളവരോട് പറയും എന്നോർത്ത് അങ്ങനെ സ്ഥലം മാറി വന്നവരെല്ലാം കുറെ വെള്ളം കുടിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us