ആരോഗ്യകരമായ ജീവിതം നയിക്കുന്നവരെയും ചെറുപ്പക്കാരെയും വിടാതെ കോവിഡ്

ബെംഗളൂരു: സ്വന്തം ആരോഗ്യത്തെക്കുറിച്ച് അമിത ആത്മവിശ്വാസമുള്ള ചെറുപ്പക്കാർ ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നു. പ്രായം കുറവാണെന്ന് കരുതി പ്രതിരോധശക്തി ഉണ്ടാകണമെന്നില്ലെന്ന് വിദഗ്ധർ പറയുന്നു.

ഓക്സിജൻനില കുറവാണെങ്കിലും ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടാത്തവരുണ്ട്. ഇത്തരം ആളുകളുടെ ആരോഗ്യനിലയും ഏതുനിമിഷവും വഷളാകാവുന്നതാണെന്ന് ഡോക്ടർമാർ വെളിപ്പെടുത്തി.

സംസ്ഥാനത്ത് ആരോഗ്യനില വേഗത്തിൽ വഷളായി മരിച്ചവരിൽ പലരും 25-നും 30-നും ഇടയിൽ പ്രായമുള്ളവരാണ്. ഏപ്രിൽ 21-ന് സംസ്ഥാനത്ത് 123 പേർ മരിച്ചതിൽ 38 പേർക്കും 22-ന് മരിച്ച 190 പേരിൽ 44 പേർക്കും 23-ന് 208 പേർ മരിച്ചതിൽ 43 പേർക്കും 24-ന് 143 പേർ മരിച്ചതിൽ 69 പർക്കും മറ്റ് അസുഖങ്ങളില്ലായിരുന്നു.

ഇതിൽനിന്ന് മനസ്സിലാകുന്നത് ആരോഗ്യകരമായ ജീവിതം നയിച്ചുവന്നവരും മരണത്തിന് കീഴടങ്ങുന്നു എന്നാണ്. കോവിഡ് രണ്ടാംഘട്ടത്തിലുണ്ടാകുന്ന മരണങ്ങളിൽ 30 ശതമാനവും മറ്റ് അസുഖങ്ങൾ ഇല്ലാത്തവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

വ്യാഴാഴ്ച കോവിഡ് ബാധിച്ച് മരിച്ച 270 പേരിൽ 2 പേർക്കും മറ്റ് അസുഖങ്ങളില്ലായിരുന്നു
എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇതിൽ 38 പേരും 50 വയസ്സിൽ താഴെയുള്ളവരുമാണ്.

രണ്ട് ദിവസം മുൻപ് ചിക്കമഗളൂരു കൊപ്പ സ്വദേശി ഡി.എം. പ്രിഥ്വിരാജ് (32) കോവിഡ് ബാധിച്ചുമരിച്ചു. വിവാഹത്തിന് തലേദിവസമാണ് ഇയാൾ മരിച്ചത്. വ്യാഴാഴ്ചയായിരുന്നു യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.

രണ്ടുതവണ കോവിഡ് നെഗറ്റീവായിരുന്നെങ്കിലും ശ്വാസതടസ്സമനുഭവപ്പെട്ടതിനെത്തുടർന്ന് ശിവമൊഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ബുധനാഴ്ച വൈകീട്ട് മരിച്ചു.

മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഏപ്രിൽ 29-ന് കല്യാണത്തിന് മുമ്പായി രണ്ടുതവണ കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. അതിനാൽ നേരത്തേ നിശ്ചയിച്ച പ്രകാരം കല്യാണം നടത്താനുള്ള ഒരുക്കങ്ങൾ തുടങ്ങി.

ഇതിനിടെയാണ് ശ്വാസതടസ്സമുണ്ടാവുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. ബുധനാഴ്ച വൈകീട്ടോടെ ആരോഗ്യനില വഷളായി മരിക്കുകയായിരുന്നു.

കോവിഡ് പരിശോധന നെഗറ്റീവായാലും ഗുരുതര രോഗലക്ഷണമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച്
അഡീഷണൽ ചീഫ് സെക്രട്ടറി (ആരോഗ്യം) ജാവേദ് അക്തർ ഉത്തരവ് പുറത്തിറക്കി.

ആന്റിജൻ പരിശോധനയിലും ആർ.ടി.പി.സി.ആർ. പരിശോധനയിലും കോവിഡ് നെഗറ്റീവ് ഫലം ലഭിക്കുകയും രോഗിക്ക് കോവിഡ് ലക്ഷണങ്ങൾ തുടരുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനാലാണ് ഇവർക്ക് ചികിത്സ ഉറപ്പാക്കാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് നിർദേശം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us