നഗരത്തിലെ ആശുപത്രികള്‍ക്കു മുന്നിൽ കാണുന്നത് കരളലിയിക്കുന്ന ദൃശ്യങ്ങൾ

ബെംഗളൂരു: രാജ്യത്തിന്റെ ഐ.ടി. തലസ്ഥാനമായ നഗരത്തിൽ രണ്ടാമതൊരിക്കൽക്കൂടി കോവിഡ് അതിന്റെ ഭീകരത പുറത്തെടുക്കുകയാണിപ്പോൾ.

ഓക്സിജൻ സൗകര്യമുള്ള ഒരു കിടക്ക ഒഴുവുണ്ടോയെന്നന്വേഷിച്ച് ആംബുലൻസിൽ നഗരത്തിലെ ആറ് ആശുപത്രികൾ കയറിയിറങ്ങിയ 41-കാരൻ മരിച്ചത് അവസാനമെത്തിയ ആശുപത്രിക്കുമുമ്പിൽ.

ആശുപത്രിയിൽ  പ്രവേശിപ്പിക്കാൻ അധികൃതർ വിസമ്മതിച്ചതിനെത്തുടർന്ന് ഉത്‌പാൽ സിൻഹ എന്ന രോഗി (77) ബെന്നാർഘട്ട റോഡിലെ ഒരു സ്വകാര്യ ആശുപത്രി മതിൽക്കെട്ടിന് ഉള്ളിൽ വെച്ചാണ് മരിച്ചത്. ബൊമ്മനഹള്ളി ആരോഗ്യവകുപ്പ് ഓഫീസർ ഡോ. നാഗേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈ ആസ്പത്രിക്കെതിരെ പോലീസ് എഫ് ഐ ആർ ഫയൽ ചെയ്തു.

ശ്വാസതടസ്സമനുഭപ്പെട്ട
ഒരു യുവാവ് ആശുപത്രിയുടെ കരുണതേടി കറങ്ങിയത് 12 മണിക്കൂർ നേരം. ഒടുവിൽ മരണത്തിന് കീഴടങ്ങിയത് ആംബുലൻസിൽ. കരളലിയിക്കുന്ന ദൃശ്യങ്ങളാണ് നഗരത്തിലെ ആശുപത്രികള്‍ക്കു മുന്നിൽ കാണുന്നത്.

ആശുപത്രി കിടക്കകള്‍, പ്രത്യേകിച്ച്‌ ഐസിയു വെന്റിലേറ്റര്‍ കിടക്കകള്‍ ഒഴിവില്ലാത്തതു നഗരത്തില്‍ കോവിഡ് മരണങ്ങള്‍ വര്‍ധിച്ചുവരുന്നതിനു കാരണമാവുകയാണ്. ഇന്നലെ മാത്രം 208 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.

ഐസിയു വെന്റിലേറ്റര്‍ കിടക്കകള്‍ ലഭിക്കുന്നതിനായി കാത്തുകിടക്കുന്ന നിരവധി രോഗികള്‍ മരിക്കുന്ന വാര്‍ത്തകളാണു നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു പുറത്തുവരുന്നത്. നിത്യേന കോവിഡ് രോഗികൾ നിറഞ്ഞ് അത്യാഹിതവിഭാഗങ്ങളും വെന്റിലേറ്ററുകളും.

ഓക്‌സിജന്‍ സൗകര്യമുള്ള കിടക്ക ലഭിക്കുന്നതിനായി ആശുപത്രികളുടെ റിസപ്ഷനില്‍ ഓക്‌സിജന്‍ മെഷീനുകളില്‍ കെട്ടിവച്ച വീല്‍ചെയറുകളില്‍ മൂന്നുദിവസമായി രോഗികള്‍ ഇരിക്കുന്ന സംഭവങ്ങളുമുണ്ട്.

ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന രോഗികളെയുമായി പല ആശുപത്രികളിലും ബന്ധുക്കൾ കയറിയിറങ്ങുന്നു.

മണിക്കൂറുകളുടെ അലച്ചിലിനുശേഷവും ചികിത്സ കിട്ടാതെ ആശുപത്രിക്കുമുമ്പിൽ ആംബുലൻസിൽ രോഗികൾ മരണത്തിനു കീഴടങ്ങുന്നു.

നഗരത്തിലെ 17 സര്‍ക്കാര്‍ ആശുപത്രികളിലായി കോവിഡ് -19 രോഗികള്‍ക്കായി 117 ഐസിയു വെന്റിലേറ്റര്‍ കിടക്കകള്‍ മാത്രമാണു നിലവിലുള്ളത്. ആവശ്യക്കാരായി വരുന്നവർ ഇതിന്റെ എത്രയോ അധികവും. പല ആശുപത്രികളിലും മെഡിക്കൽ ഓക്സിജന്റെ വലിയ ക്ഷാമവുമുണ്ട്.

ഈ സാഹചര്യം കണക്കിലെടുത്ത്
അടുത്ത 15 ദിവസത്തിനുള്ളില്‍ കുറഞ്ഞത് 2,000 താല്‍ക്കാലിക ഐസിയു കിടക്കകളെങ്കിലും തയാറാകുമെന്നും ഇവയില്‍ 800 എണ്ണത്തില്‍ വെന്റിലേറ്ററുകള്‍ ഉണ്ടാകുമെന്നും, വിക്ടോറിയ ഹോസ്പിറ്റല്‍ കാമ്ബസില്‍ 250 ഐസിയു കിടക്കകളും മറ്റൊരു പുതിയ കെട്ടിടത്തില്‍ 150-200 ഐസിയു കിടക്കകളും ഒരുക്കുമെന്നും
ഇതില്‍ നൂറെണ്ണത്തില്‍ വെന്റിലേറ്ററുകളുണ്ടാവുമെന്നും ആരോഗ്യമന്ത്രി കെ.സുധാകര്‍ വെളിപ്പെടുത്തി.

കോവിഡ് ബാധിച്ചുമരിക്കുന്നവർക്കായി നീക്കിവെച്ച ഏഴു ശ്മശാനങ്ങളിലും മൃതദേഹങ്ങളുമായെത്തിയ ആംബുലൻസുകളുടെ തിരക്കാണ്. ഇത് കണക്കിലെടുത്ത് പുതുതായി തവരകരെയിൽ നാലേക്കർ സ്ഥലം ശ്മശാനത്തിനായി റവന്യൂവകുപ്പ് ഏറ്റെടുത്തു.

പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നതോടെ സർക്കാർ കടുത്തനിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യവസ്തുക്കൾ വിൽക്കുന്നവയല്ലാത്ത കടകളും വാണിജ്യ സ്ഥാപനങ്ങളും പോലീസ് അടപ്പിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us