ഉച്ച ഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി.

ബെംഗളൂരു : സംസ്ഥാനത്ത് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി.
രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിച്ചു കൊണ്ടാണ് കര്‍ണാടക സംസ്ഥാന വഖഫ് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചത്.
ശബ്ദ മലിനീകരണം തടയുന്നതിനായാണ് ഉച്ചഭാഷിണികളുടെ ഉപയോഗം തടയാനുള്ള തീരുമാനമെടുത്തതെന്ന് ബോർഡ് സർക്കുലറിൽ അറിയിച്ചു.

മസ്ജിദുകൾക്കും ദർഗകൾക്കും ചുറ്റുമുള്ള ജനറേറ്ററുകൾ ,ഉച്ചഭാഷിണികൾ, മറ്റ് ശബ്ദ മലിനീകരണ സംവിധാനങ്ങൾ എന്നിവയുടെ ശബ്ദത്തിന്റെ തോത് വർദ്ധിക്കുന്നത് മനുഷ്യന്റെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ശബ്ദത്തിന്റെ അന്തരീക്ഷ നിലവാരം, ശബ്ദ മലിനീകരണം എന്നിവ സംബന്ധിച്ച നിയമങ്ങൾ മുൻ നിർത്തി രാത്രി സമയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കരുത്, അതായത് രാത്രി 10:00 മുതൽ രാവിലെ 6:00 വരെ. ‘ ഇത്തരത്തിലാണ് സർക്കുലറിൽ പറയുന്നത് . ലംഘിച്ചാല്‍ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ എന്നിവയ്ക്ക് ചുറ്റുമുള്ള 100 മീറ്ററിൽ കുറയാത്ത പ്രദേശം ‘നിശബ്ദ മേഖലകളായി’ പ്രഖ്യാപിച്ചിരിക്കുന്നു.

ആരെങ്കിലും ഉച്ചഭാഷിണികൾ ഉപയോഗിക്കുകയോ, മറ്റോ ചെയ്താൽ പരിസ്ഥിതി (സംരക്ഷണ) ആക്റ്റ്, 1986 ലെ വ്യവസ്ഥകൾ പ്രകാരം പിഴ ഈടാക്കും ‘ സർക്കുലർ മുന്നറിയിപ്പ് നൽകുന്നു.

മസ്ജിദുകൾക്കും, ദർഗകൾക്കും ബോർഡ് ചില നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കരുത് ,പകല്‍ ഉപയോഗിക്കുന്ന ഉച്ചഭാഷിണികള്‍ക്ക് അന്തരീക്ഷ വായുവിന്റെ നിലവാരമനുസരിച്ചുള്ള ശബ്ദതോത് ആയിരിക്കണം , ഉച്ചഭാഷിണികള്‍ ബാങ്കുവിളിക്ക് മാത്രമായി ഉപയോഗിക്കണം.

ഇതിനു പുറമെ മരണം, ഖബറടക്ക സമയം, മാസപ്പിറവി അറിയിക്കല്‍ തുടങ്ങിയ സുപ്രധാന പ്രഖ്യാപനങ്ങള്‍ക്കും ഉപയോഗിക്കാം.

പ്രത്യേക സ്വലാത്ത്, ജുമുഅ ഖുത്ബ, മത-സാമൂഹിക-സാംസ്‌കാരിക-വിജ്ഞാനാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് സ്ഥാപനത്തിനുള്ളിലെ സ്പീക്കറുകള്‍ ഉപയോഗിക്കണം, പ്രാദേശിക പരിസ്ഥിതി ഉദ്യാഗസ്ഥരുമായി കൂടിയാലോചിച്ച് സ്ഥാപനത്തില്‍ ശബ്ദനിയന്ത്രണ ഉപകരണം സ്ഥാപിക്കണം എന്നിവയാണ് നിർദ്ദേശങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us