ബെംഗളൂരു: നഞ്ചൻകോട്ടെ കർഷകരെ കോഴിഫാം ബിസിനസ്സിലൂടെ വഞ്ചിച്ചെന്ന കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ.
നെയ്യാറ്റിൻകരയിലെ ഒമേഗ 36 പോൾട്രി ആൻഡ് ടെക്നോളജി എന്ന സ്ഥാപനത്തിന്റെ ഉടമ നെയ്യാറ്റിൻകര സ്വദേശി പ്രമോദി(60)നെ നഞ്ചൻകോട് പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ കമ്പനിയുടെ ബ്രാഞ്ച് നഞ്ചൻകോട്ട് തുറന്ന ശേഷമായിരുന്നു തട്ടിപ്പെന്ന് പോലീസ് പറഞ്ഞു.
നഞ്ചൻകോട്ടെ കർഷകർക്ക് ഒമേഗ ബി.വി.380 എന്ന പേരിലുള്ള കോഴിക്കുഞ്ഞുങ്ങളെയും കോഴിഫാം തുടങ്ങാനുള്ള ഷെഡും മറ്റും ഇയാൾ 1.25 ലക്ഷം രൂപയ്ക്ക് നൽകി. ഫാമിൽനിന്നും കോഴിമുട്ടകൾ ഒന്നിന് അഞ്ചുരൂപ നിരക്കിൽ വാങ്ങിക്കൊള്ളുമെന്ന ഉറപ്പിലായിരുന്നു കർഷകരെക്കൊണ്ട് ഫാം തുടങ്ങിച്ചത്.
നൂറ് കോഴിക്കുഞ്ഞുങ്ങളെയാണ് നൽകിയത്. ആദ്യം രണ്ടു കർഷകരാണ് ഇതിൽ ഉൾപ്പെട്ടത്. കോഴികൾ വലുതായ ശേഷം മൂന്നുമാസം കൃത്യമായി മുട്ടകൾ വാങ്ങുകയുംചെയ്തു. ഇതുകണ്ട് കൂടുതൽ കർഷകർ ഇതിൽ ഉൾപ്പെട്ടു.
കൂടുതൽ പേരിൽനിന്നും പണം വാങ്ങുകയും കോഴിക്കുഞ്ഞുങ്ങളെയുംമറ്റും നൽകിയശേഷം ബ്രാഞ്ച് പൂട്ടി ഇയാൾ നാട്ടിലേക്ക് മുങ്ങുകയും ചെയ്തെന്നാണ് പരാതി. ഇതോടെ കോഴിമുട്ടകൾ ഉത്‌പാദിപ്പിച്ച കർഷകർ അത് വിൽക്കാൻ കഴിയാതെ പ്രയസത്തിലായി.
കർഷകരുമായി ഇതിനെച്ചൊല്ലി തർക്കം നടന്നു. ഇതോടെ ഇയാൾ കോഴികളെ മുഴുവൻ തിരികെ കൊണ്ടുപോയി. പക്ഷേ, കർഷകരിൽനിന്നു വാങ്ങിയ പണം തിരിച്ചുനൽകാൻ കൂട്ടാക്കിയില്ല.
തുടർന്ന് കർഷകർ നഞ്ചൻകോട് പോലീസിൽ പരാതി നൽകുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ ലക്ഷ്മികാന്ത് തൽവാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം നെയ്യാറ്റിൻകരയിലെത്തിയാണ് ഇയാളെ അറസ്റ്റുചെയ്തത്.
നഞ്ചൻകോടിനു പുറമേ ഉഡുപ്പി, മടിക്കേരി, സാലിഗ്രാമ തുടങ്ങിയ സ്ഥലങ്ങളിലും ഇയാൾ കോഴിഫാം ബിസിനസ് നടത്തിയിരുന്നു. അവിടങ്ങളിലും സമാനമായ രീതിയിൽ ഇയാൾക്കെതിരെ പരാതിയുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാൾ ഇപ്പോൾ റിമന്റിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.