കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന; നഗരത്തിൽ വ്യാപനം കൂടുന്നത് ഇവിടങ്ങളിൽ

ബെംഗളൂരു: കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന. സംസ്ഥാനത്ത് രോഗികൾ ആറ് ലക്ഷത്തിലേക്ക് കടക്കുകയാണ്. ഇന്നലെ 10453 പേർക്കുക്കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ഒരു ദിവസത്തെ ഏറ്റവും വലിയ വർധനവാണ് രേഖപ്പെടുത്തിയത്. കോവിഡ് മൂലമുള്ള മരണവും കുത്തനെ ഉയരുന്നു.

ബെല്ലാരി, മൈസൂരു, ബെലഗാവി, ബാഗൽകോട്ട, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലും രോഗികൾ കൂടുകയാണ്. ബംഗളുരുവിലെ സ്ഥിതിയും വെത്യസ്‌ഥമല്ല. നഗരത്തിൽ 4868 പേർക്കുക്കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികൾ 2,28,437 ആയി.

നഗരത്തിൽ കോവിഡ് വ്യാപനം കൂടുന്നത് ഈ സ്ഥലങ്ങളിലാണ്:

– ഉത്തരഹള്ളി

– സിംഗസാന്ദ്ര

– കെംപെഗൗഡ

– തനിസാന്ദ്ര

– ബ്യാറ്റരായനാപുര

– വിദ്യരാണ്യപുര

– നാഗേനഹള്ളി

– രാജരാജേശ്വരി നഗർ

– യെല്ലഹങ്ക

– ജക്കൂർ

– ഹൊറമാവ്

– ദൊഡ്ഡബൈദരകല്ലു

– ജ്ഞാനഭാരതി

– ബെലണ്ടൂർ

– ഹേമ്മിഗേപുര

വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ രോഗികൾക്ക് അനുമതി നൽകിയതോടെ രോഗം അതിവേഗം പടരുന്നുവെന്ന ആരോപണവുമായി ആരോഗ്യവിദഗ്ധർ രംഗത്തെത്തി.

കാര്യമായ രോഗ ലക്ഷണങ്ങളില്ലാത്തവരെയാണ് വീടുകളിൽ നീരീക്ഷണത്തിൽ കഴിയാൻ അനുവദിക്കുന്നത്. എന്നാൽ ഈ സംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ രോഗവ്യാപനം വർധിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വീട്ടിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ കാര്യമായ സംവിധാനങ്ങളൊന്നും നിലവിലില്ലെന്നും ആരോപണമുണ്ട്. നഗരത്തിലെ വിവിധ ആശുപത്രികളിൽ ജോലിചെയ്യുന്ന ഡോക്ടർമാരുടെ കൂട്ടായ്മയാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുന്നത്.

വീടുകളിൽ കഴിയാമെന്ന് അറിയിക്കുന്ന രോഗികളുടെ വീട്ടിൽ ഇതിനാവശ്യമായ സൗകര്യങ്ങളുണ്ടോയെന്ന് വിലയിരുത്താനുള്ള സംവിധാനം കാര്യക്ഷമമല്ല. ഒറ്റമുറിവീടുകളിൽ പ്പോലും കുടുംബത്തോടൊപ്പം രോഗികൾ കഴിയുന്നതായി വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ നേരത്തേ കണ്ടെത്തിയിരുന്നു.

മറ്റു കുടുംബാംഗങ്ങൾ യഥേഷ്ടം പുറത്തിറങ്ങുകയും പൊതുസമൂഹവുമായി ഇടപഴകുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ഏതൊക്കെ വീടുകളിലാണ് കോവിഡ് രോഗികൾ കഴിയുന്നതെന്ന വിവരങ്ങൾ ലഭിക്കാത്തതിനാൽ സമീപവാസികൾക്ക് മുൻകരുതലെടുക്കാനും കഴിയില്ല.

രോഗം മാറുന്നതുവരെ വീട്ടിൽ കഴിയണമെന്നാണ് നിർദേശമെങ്കിലും രോഗികൾ രണ്ടോമൂന്നോ ദിവസത്തിനുള്ളിൽ പുറത്തിറങ്ങുന്ന ഒട്ടേറെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് സ്ഥിരീകരിച്ചശേഷം ആരോഗ്യവകുപ്പുമായി യാതൊരു ബന്ധവും പുലർത്താത്ത രോഗികളുമുണ്ട്.

രോഗം മാറുന്നതുവരെ വായുസഞ്ചാരമുള്ള, ശുചിമുറി സൗകര്യമുള്ള മുറിയിൽ താമസിക്കണമെന്നാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള പ്രധാനനിർദേശം. എന്നാൽ സാധാരണക്കാരായ തൊഴിലാളികളുടെയും ദിവസവേതനക്കാരുടെയും വീടുകളിൽ ഇത്തരം സൗകര്യമില്ല. കുടുംബത്തോടൊപ്പം സാധാരണ നിലയിൽ കഴിയുകയാണ് ഇവർ ചെയ്യുന്നത്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ വേണ്ടെന്ന നിർദേശവും രോഗവ്യാപനം വർധിക്കുന്നതിന് ഇടയാക്കിയെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് കെയർ സെന്ററുകൾ സജീവമാക്കണമെന്ന ആവശ്യവും വ്യാപകമായി ഉയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us