യാത്രാ നിയന്ത്രണങ്ങളും ക്വാറന്റീൻ നിബന്ധനകളും മൂലം മലയാളികളുടെ വരവ് നിലച്ചത് കർണാടകയ്ക്ക് വൻ തിരിച്ചടിയായി

ബെംഗളൂരു: കേരളത്തിൽനിന്നും സഞ്ചാരികളാരും എത്താത്തത് കർണാടകയുടെ വിനോദസഞ്ചാരമേഖലയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. വിനോദസഞ്ചാരികളുടെ സ്വന്തം നഗരമായ മൈസൂരുവിൽ ടൂറിസ്റ്റുകളെ കാണാതായിട്ട് ആറ് മാസം പിന്നിടുകയാണ്.

സംസ്ഥാനത്ത് ലോക്ഡൗൺ കാലത്ത് അടഞ്ഞുകിടന്ന  വിനോദസഞ്ചാരകേന്ദ്രങ്ങളുടെ കവാടം വീണ്ടും സഞ്ചാരികൾക്കായി തുറന്നുവെച്ചിട്ട് രണ്ടര മാസമാകുന്നു. എന്നാൽ കോവിഡ് കാലത്തെ യാത്രയ്ക്ക് നിലവിലുള്ള ക്വാറന്റീൻ നിബന്ധനകൾ കേരളത്തിൽ നിന്നുള്ള സഞ്ചാരികളെ യാത്രയിൽനിന്നും പിന്തിരിപ്പിക്കുകയാണ്.

ആയിരക്കണക്കിനാളുകൾ സന്ദർശിക്കാനെത്തിയിരുന്ന മൈസൂരു കൊട്ടാരത്തിൽ ഇപ്പോൾ 200-300 പേർ മാത്രമാണെത്തുന്നത്. മൈസൂരു കാഴ്ചബംഗ്ളാവിലെ സ്ഥിതിയും വ്യത്യസ്തമല്ല. സന്ദർശകർ കൂട്ടമായി എത്താറുണ്ടായിരുന്ന ഇവിടെ ഇപ്പോൾ വല്ലപ്പോഴും ഒന്നോ രണ്ടോ പേരോ ചെറിയ സംഘങ്ങളോ വരുന്നതുമാത്രമാണ് ആശ്വാസം.

കാഴ്ചബംഗ്ളാവിനുമുമ്പിലെ വിശാലമായ പാർക്കിങ് ഗ്രൗണ്ട് ഒരു വാഹനംപോലും പാർക്ക് ചെയ്യാതെ കിടക്കുന്നു. ഇതിന്റെ പരിസരത്ത് സഞ്ചാരികളെ ആശ്രയിച്ച് നടത്തിവന്നിരുന്ന ഹോട്ടലുകളുൾപ്പെടെ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.

വിനോദസഞ്ചാരികളെക്കൊണ്ടുമാത്രം പിടിച്ചുനിൽക്കുന്ന നഗരങ്ങൾ നിരവധിയാണ്. കുടക്, മൈസൂരു, ചാമരാജനഗർ, വടക്കൻ കർണാടകയിലെ ജില്ലകളിലൊക്കെ സഞ്ചാരികൾ എത്താതായതോടെ ആയിരക്കണക്കിനാളുകളുടെ ഉപജീവനമാർഗം നിലച്ചു.

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായ ബന്ദിപ്പൂർ, നാഗർഹോളെ തുടങ്ങിയ വന്യജീവിസങ്കേതങ്ങളിലും പഴയ രീതിയിൽ സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടില്ല. പുറംനാടുകളിൽനിന്നും കാഴ്ചകൾ കാണാൻ ആളുകളെത്തിയാലേ ഇവിടം സജീവമാകുകയുള്ളു.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനാന്തര യാത്രകൾക്കുള്ള നിയന്ത്രണമാണ് വിനോദസഞ്ചാര മേഖലകൾ നിർജീവമായിക്കിടക്കാൻ കാരണമാകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us