പ്രധാനപ്പെട്ട 13 അണക്കെട്ടുകളിലും ജലനിരപ്പ് കുത്തനെ ഉയർന്നു; പ്രളയ സാധ്യത

ബെംഗളൂരു: സംസ്ഥാനത്തെ പ്രധാനപ്പെട്ട 13 അണക്കെട്ടുകളിലും ജലനിരപ്പ് കുത്തനെ ഉയർന്നു. മഴ ശക്തമായി തുടരുകയാണെങ്കിൽ പ്രളയസാധ്യത അധികൃതർ തള്ളിക്കളയുന്നില്ല. കഴിഞ്ഞവർഷം അണക്കെട്ടുകൾ തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് പ്രളയത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്.

ചില അണക്കെട്ടുകളുടെ ഷട്ടറുകൾ ഇതിനോടകം തുറക്കുകയും ചെയ്തിട്ടുണ്ട്. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന കെ.ആർ.എസ്., കബനി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ ഷട്ടർ തുറന്നിരുന്നു. ബെലഗാവിയിലെ ഗാഥപ്രഭ, മാലപ്രഭ അണക്കെട്ടുകളുടെയും ഷട്ടറുകൾ തുറന്നിരുന്നു. ജില്ലയിലെ കൃഷിയിടങ്ങളിൽ വെള്ളമെത്തിക്കുന്നതിന് ഈ അണക്കെട്ടുകൾ പ്രധാനപങ്കാണ് വഹിക്കുന്നത്.

സാധാരണയായി സെപ്റ്റംബറോടെയാണ് സംസ്ഥാനത്തെ അണക്കെട്ടുകളിൽ ആവശ്യത്തിന് വെള്ളമെത്തുന്നത്. മഴക്കാലം അവസാനിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിനിൽക്കെ അണക്കെട്ടുകൾ നിറയുന്നത് അടുത്തവർഷം ജലക്ഷാമമുണ്ടാകില്ലെന്ന ആശ്വാസത്തിനൊപ്പം ഭീതിയും സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ തവണ ജലക്ഷാമം ഭയന്ന് പരമാവധി വെള്ളം സംഭരിച്ചുവെക്കുകയും അവസാനഘട്ടത്തിൽ ഇവ കാര്യമായ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ തുറന്നുവിടേണ്ടിയും വന്നു. ഇത്തവണ സമാനമായ സാഹചര്യം ഒഴിവാക്കാൻ വരും ദിവസങ്ങളിൽ പരമാവധി സംഭരണശേഷിയുടെ 80-85 ശതമാനമായി ജലനിരപ്പ് ക്രമീകരിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us