ബെംഗളുരു; വന്യ ജീവിയെ കൊന്ന കർഷകൻ അറസ്റ്റിൽ, നാഗർഹോള കടുവസങ്കേതത്തിൽ പുള്ളിപ്പുലിയെ വിഷംവെച്ചുകൊന്ന സംഭവത്തിൽ കർഷകൻ അറസ്റ്റിൽ. ഡി.പി.കുപ്പേ സ്വദേശിയായ മച്ചെ ഗൗഡ(65)യാണ് വനംവകുപ്പിന്റെ പിടിയിലായത്.
കൂടാതെ മറ്റൊരു പ്രതിയായ ഇയാളുടെ മകൻ കൃഷ്ണൻ (36) ഒളിവിലാണ്. പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി 24 മണിക്കൂർ പിന്നിടുന്നതിനുള്ളിലാണ് വനപാലകർ പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൃഷിഭൂമിയിൽ ചത്തനിലയിൽ പുള്ളിപ്പുലിയെ കണ്ടത്. തുടർന്ന് പ്രദേശവാസികൾ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
പരിശോധനയിൽ വിഷം ഉള്ളിൽച്ചെന്നാണ് പുലി ചത്തതെന്ന് വനംവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. തുടർന്നുനടന്ന അന്വേഷണത്തിൽ കൃഷിഭൂമിക്ക് സമീപമുള്ള ഷെഡ്ഡിൽനിന്ന് വിഷം കണ്ടെത്തി. പ്രദേശത്ത് കൃഷിചെയ്തിരുന്ന മച്ചെഗൗഡയും മകനും ഷെഡ് പൂട്ടി സ്ഥലംവിട്ടതും വനം വകുപ്പിന്റെ സംശയം ബലപ്പെടുത്തി. പിന്നീട് ഡി.പി. കുപ്പേയിൽനിന്നാണ് അറസ്റ്റിലായത്.
വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയിൽ പ്രദേശവാസികൾ നിശ്ചിത പാട്ടം നൽകിയാണ് കൃഷിനടത്തുന്നത്. വന്യമൃഗങ്ങൾക്കോ വനത്തിന്‍റെ സ്വഭാവികതയ്ക്കോ കോട്ടംതട്ടുന്നരീതിയിലുള്ള പ്രവർത്തനങ്ങളുണ്ടാകരുതെന്ന കർശനവ്യവസ്ഥയോടെയാണ് വനത്തോടുചേർന്ന പ്രദേശങ്ങളിൽ താമസിച്ചവർക്ക് കൃഷിചെയ്യാൻ അനുമതി നൽകിയത്.
എന്നാൽ ഇക്കൂട്ടത്തിൽ കൃഷിഭൂമി പാട്ടത്തിനുലഭിച്ച കർഷരിലൊരാളാണ് മച്ചെഗൗഡ. നിർദേശങ്ങൾ തെറ്റിച്ചതിനാൽ പുലിയെ കൊന്ന കേസിനൊപ്പം വനഭൂമി തിരിച്ചെടുക്കുന്നതുൾപ്പെടെയള്ള നടപടി വനം വകുപ്പ് സ്വീകരിക്കും.