ബെംഗളൂരു /കോട്ടയം : നഗരത്തിൽ നിന്ന് കേരളത്തിലേക്കും അതിർത്തിയിലേക്കും യാത്ര ചെയ്യാൻ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഏർപ്പാടാക്കിയ ബസ് വിദ്യാർത്ഥികളായ യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടതായി പരാതി, സി.പി.ഐ.എം മുഖപത്രമായ “ദേശാഭിമാനി” ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അവരുടെ റിപ്പോർട്ട് താഴെ വായിക്കാം.
“കോൺഗ്രസ് ഏർപ്പാടാക്കിയ ബസിൽ ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട വിദ്യാർഥികളെ വഴിയിൽ ഇറക്കിവിട്ടതായി പരാതി.
അന്തർജില്ലാ യാത്രാ പാസിനായി ബസിൽ വന്ന യുവാക്കൾ പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇവർ ക്വാറന്റൈനിലായി, സംഭവം ദുരൂഹമെന്ന് പൊലീസ്.
വെള്ളിയാഴ്‌ച വൈകിട്ട് ഏഴോടെ കോട്ടയം ഈസ്‌റ്റ് സ്‌റ്റേഷനിലെത്തിയ അടൂർ സ്വദേശി വിനോദ് (21), ആലപ്പുഴ കൈനകരി സ്വദേശി ജീവൻ (20) എന്നിവരാണ് പൊലീസിന്റെ ചോദ്യങ്ങൾക്ക് തൃപ്‌തികരമായ മറുപടി നൽകാനാവാതെ ഒടുവിൽ ഹോട്ടലിൽ നിരീക്ഷണത്തിലായത്.
സ്വകാര്യ ടൂറിസ്‌റ്റ് ബസിൽ കുമളിയിൽ നിന്നെത്തിയെന്നും ഇനി എറണാകുളത്തിന് പോകണമെന്നുമാണ് യുവാക്കൾ പൊലീസിനോട് പറഞ്ഞത്.
ബംഗളൂരുവിൽനിന്ന് തങ്ങളെ ബസിൽ കയറ്റിവിട്ടത് ചില ഉന്നത കോൺഗ്രസ് നേതാക്കളാണെന്നും കോട്ടയത്ത് ഇറക്കിവിട്ട കെഎൽ 56 എച്ച് 3232 ബസ് എറണാകുളത്തേക്ക് വിട്ടുപോയെന്നും ഇവർ പറഞ്ഞു.
കെപിസിസി ഏർപ്പാടാക്കിയ ബസാണെന്ന് ഡ്രൈവറും ക്ലീനറും പറഞ്ഞു. ഇതനുസരിച്ച് ബസ് ഡ്രൈവറെ ബന്ധപ്പെട്ട പൊലീസ് ബസ് തിരികെ കോട്ടയം ജില്ലാ അതിർത്തിയിലേക്ക് (തലയോലപ്പറമ്പ്) കൊണ്ടുവരാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
ബസ് സംസ്ഥാനാന്തര യാത്ര നടത്തിയത് അധികൃതരുടെ അനുമതിയില്ലാതെയാണെന്നാണ് പൊലീസ് നിഗമനം. അതേസമയം യുവാക്കളെ ജില്ലാ പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിർദ്ദേശപ്രകാരം റെയിൽവേ സ്‌റ്റേഷന് സമീപത്തുള്ള മാലി ഹോട്ടലിൽ നിരീക്ഷണത്തിൽ പാർപ്പിക്കാനും സംഭവം സംബന്ധിച്ച് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷിക്കാനും തീരുമാനിച്ചതായി സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് അറിയിച്ചു.”
വ്യാഴാഴ്ച വൈകുന്നേരം 8 ബസുകളിലായി കർണാടക പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിൻ്റേയും ശാന്തി നഗർ എം പി എൻ എ ഹാരിസിൻ്റേയും നേതൃത്വത്തിൽ ആളുകളെ കേരളത്തിലേക്കും കർണാടക-കേരള അതിർത്തിയിലേക്കും അയച്ചിരുന്നു.
കെ.പി.സി അറിയിച്ചത് പ്രകാരം 5 ബസുകൾ കർണാടക ആർ ടി സി യിൽ നിന്ന് വാടകക്ക് എടുത്തതാണ്, ഇവ കേരളത്തിലേക്കാണ് യാത്ര തിരിച്ചത്.
ബാക്കി 3 സ്വകാര്യ ബസുകൾ ബെംഗളുരു കേരള സമാജം ഏർപ്പെടുത്തിയതാണ് ,ഇതിൻ്റെ ചിലവ് കെ.പി.സി.സി ഏറ്റെടുക്കുകയായിരുന്നു.എന്നാൽ ഇവ അതിർത്തി വരെ മാത്രമാണ് സർവ്വീസ് നടത്തുന്നത് എന്നായിരുന്നു വിവരം.
http://h4k.d79.myftpupload.com/archives/48795