ബെംഗളൂരു: ഓൺലൈൻ ക്ലാസുകൾ നടത്തി വിദ്യാർഥികളിൽനിന്ന് ഫീസ് പിരിക്കുന്ന സ്വകാര്യ സ്കൂളുകൾക്കെതിരേ വീണ്ടും താക്കീതുമായി വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ്‌കുമാർ.
വിദ്യാർഥികളിൽനിന്ന് ഫീസ് പിരിക്കുന്നതും അടുത്ത അധ്യയനവർഷത്തേക്കുള്ള പ്രവേശനനടപടികൾ ഓൺലൈനിലൂടെ നടത്തുന്നത് നേരത്തെ സർക്കാർ വിലക്കിയിരുന്നു.
ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്ന സ്വകാര്യ സ്കൂളുകൾക്കെതിരേ കർശന നടപടി സ്വീകരിക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം.
സ്കൂളുകൾ അടച്ചതോടെ നഗരത്തിലെ വൻകിട സ്വകാര്യസ്കൂളുകൾ വിദ്യാർഥികൾക്ക് ഓൺലൈനിലൂടെ ക്ലാസുകൾ നൽകുന്നുണ്ട്. ഇത് സാധാണ ക്ലാസായി പരിഗണിച്ച് ഈ മാസത്തെ ഫീസ് അടയ്ക്കണമെന്നാണ് രക്ഷിതാക്കളോട് സ്കൂൾ അധികൃതർ ആവശ്യപ്പെടുന്നത്. ഇത്തരം ഒട്ടേറെ പരാതികളാണ് വിദ്യാഭ്യാസവകുപ്പിന് ലഭിച്ചത്.
അതേസമയം ഫീസ് ആവശ്യപ്പെടാതെ സ്കൂളുകൾക്ക് ഓൺലൈനിൽ ക്ലാസുകൾ നടത്തുന്നതിന് തടസ്സങ്ങളില്ല. മുമ്പ് രണ്ടുതവണ വിദ്യാലയങ്ങളോട് പ്രവേശനനടപടികൾ പൂർണമായും നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പല വൻകിട സ്വകാര്യ സ്കൂളുകളും ഇതു കാറ്റിൽ പറത്തുകയാണ് ചെയ്തത്. ഇനി മുന്നറിയിപ്പില്ലാതെ നടപടികൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.