ബെംഗളൂരു: കമ്പള (പോത്തോട്ടം) മത്സരത്തിൽ സാക്ഷാൽ ഉസൈൻ ബോൾട്ടിനെ വെല്ലുന്ന വേഗം കൊണ്ട് കായികലോകത്തിന്റെ ശ്രദ്ധ നേടിയ കമ്പള ജോക്കി (പോത്തോട്ടക്കാരൻ) ശ്രീനിവാസ ഗൗഡ കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ കണ്ടു.
തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിൽവെച്ചായിരുന്നു കൂടിക്കാഴ്ച.
രാജ്യത്തിന്റെ തന്നെ ശ്രദ്ധനേടിയ ഓട്ടത്തിന്റെ ക്രെഡിറ്റ് ഗൗഡ നൽകുന്നത് തന്റെ പോത്തുകൾക്കാണ്. ഞാൻ ഇത്രയ്ക്ക് പ്രശസ്തനാകുമെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. ഇത്രയും വേഗത്തിൽ ഓടാൻ സാധിക്കുമെന്നും കരുതിയതല്ല.
അതിന്റെ ക്രെഡിറ്റ് പോത്തുകൾക്കാണ്, ഒപ്പം അതിന്റെ ഉടമസ്ഥനും. അദ്ദേഹം വളരെ നല്ലരീതിയിലാണ് പോത്തുകളെ പരിപാലിക്കുന്നത്.
ആ പോത്തുകൾക്ക് ഇതിനേക്കാൾ വേഗത്തിലോടാൻ സാധിക്കും, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണവെ ശ്രീനിവാസ ഗൗഡ പറഞ്ഞു.
മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതിൽ സന്തോഷമുണ്ടെന്നും ഗൗഡ കൂട്ടിച്ചേർത്തു. അതേസമയം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) കായികക്ഷമതാ പരിശോധനയിൽ അദ്ദേഹം പങ്കെടുത്തില്ല.
ട്രയൽസിന് താൽപ്പര്യമില്ലെന്ന് നേരത്തെ തന്നെ ഗൗഡ പറഞ്ഞിരുന്നു.
ഫെബ്രുവരി ഒന്നിന് ദക്ഷിണ കന്നഡയിലെ ഐയ്ക്കള ഗ്രാമത്തിൽ നടന്ന കമ്പള മത്സരത്തിലായിരുന്നു മൂഡബദ്രിയിൽ നിന്നുള്ള ശ്രീനിവാസ ഗൗഡയുടെ പ്രകടനം.
ഇത് സാക്ഷാൽ ഉസൈൻ ബോൾട്ടിന്റെ റെക്കോഡ് മറികടക്കുന്നതാണെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കേന്ദ്രകായിക മന്ത്രി കിരൺ റിജിജു നേരിട്ടിടപെട്ട് സായിയിൽ ട്രയൽസിന് സൗകര്യമൊരുക്കാൻ നിർദേശിക്കുകയായിരുന്നു.
13.62 സെക്കൻഡുകൊണ്ട് 145 മീറ്റർ ദൂരം പിന്നിട്ടതുവെച്ച് കണക്കാക്കുമ്പോൾ ശ്രീനിവാസ ഗൗഡ 100 മീറ്റർ പൂർത്തിയാക്കാനെടുത്തത് വെറും 9.55 സെക്കൻഡാണെന്നാണ് റിപ്പോർട്ട്. 100 മീറ്ററിൽ ലോകറെക്കോഡിന് ഉടമയായി ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന്റെ ഏറ്റവും മികച്ച സമയം 9.58 സെക്കൻഡാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.