ബെംഗളൂരു:ഏഴാംക്ലാസുകാരിയായ ബാലികയെ വിവാഹം കഴിച്ചയയ്ക്കാനുള്ള രക്ഷിതാക്കളുടെ തീരുമാനം പോലീസിന്റെ ഫെയ്സ് ബുക്ക് പേജിൽ സന്ദേശമായെത്തി.
ഉടൻ ഉണർന്നു പ്രവർത്തിച്ച പോലീസ് വിവാഹം തടയുകയും പെൺകുട്ടിയെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
മൈസൂരുവിനടുത്തുള്ള ഒരു ഗ്രാമത്തിലെ 11 വയസ്സുള്ള പെൺകുട്ടിയുടെ വിവാഹം നടത്തുന്ന വിവരം പെൺകുട്ടിയുടെ കൂട്ടുകാരിയാണ് ബെംഗളൂരു പോലീസിന്റെ ഫെയ്സ് ബുക്ക് പേജിൽ പങ്കുവെച്ചത്. ജനുവരി 30-ന് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ കുട്ടി ഇതിനെ എതിർത്തു.
തുടർന്നാണ് കൂട്ടുകാരി പോലീസിന്റെ എഫ്.ബി. പേജിൽ സഹായം തേടിയത്. വിവാഹം തടയണമെന്നുള്ള അപേക്ഷയും സന്ദേശത്തിലുണ്ടായിരുന്നു.
പോലീസ് ഉടൻ മൈസൂരു പോലീസിനെ വിവരമറിയിച്ചു. പോലീസ് കുട്ടിയുടെ വീട്ടിലെത്തി നടപടികൾ സ്വീകരിക്കുകയായിരുന്നു. വനിതാ-ശിശുക്ഷേമവിഭാഗവും വിഷയത്തിലിടപെട്ടു. പക്ഷേ, അപ്പോഴേക്കും രക്ഷിതാക്കൾ കുട്ടിയുടെ വിവാഹം വേണ്ടെന്നു വച്ചിരുന്നു.
നിയമവിരുദ്ധമാണ് ഈ വിവാഹമെന്ന് കുട്ടിയുടെ അമ്മാവൻ രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയതിനെത്തുടർന്നാണിത്. എങ്കിലും സുരക്ഷ മുൻനിർത്തി പെൺകുട്ടിയെ ശിശുക്ഷേമ വിഭാഗത്തിന്റെ ഗേൾസ് ഹോമിലേക്ക് മാറ്റി. ബാലികയെ വിവാഹം കഴിച്ചയയ്ക്കാനുള്ള ശ്രമംനടന്ന സംഭവത്തിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.