അഗര്‍ത്തല: ദേശീയ പൗരത്വ ബില്ലിനെതിരെ ത്രിപുരയില്‍ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ശക്തമാകുകയാണ്. ഇതേതുടര്‍ന്ന്, സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.
ത്രിപുരയിലെ ഗോത്രവര്‍ഗക്കാരും ഇതര സമുദായക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായേക്കുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ, മൊബൈലിലൂടെ അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് ത്രിപുര സർക്കാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
എസ് എം എസ്, വാട്സാപ്പ്, സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളായ ട്വിറ്റർ, ഫേസ്ബുക്ക്, യുട്യൂബ് എന്നിവിടങ്ങൾ വ്യാജ വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കാൻ ഉപയോഗിച്ച് വരുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും ത്രിപുര സർക്കാർ വ്യക്തമാക്കി.
ബില്ലിനെതിരെ ട്രൈബൽ പാർട്ടികൾ ബന്ദ് പ്രഖ്യാപിച്ചതോടെ ത്രിപുരയിൽ ജനജീവിതം സ്തംഭിച്ചു. സർക്കാർ സ്കൂളുകളും ഓഫീസുകളും ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും മിക്കയിടത്തും അടഞ്ഞുകിടന്നു. വടക്കു കിഴക്കൻ മേഖലയിലെ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ അവസ്ഥയാണ്. ഗുവാഹത്തിയിൽ ബില്ലിനെതിരെ പ്രതിഷേധ റാലി നടന്നു.
അസം, ത്രിപുര , അരുണാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ടയര്‍ കൂട്ടിയിട്ട് കത്തിച്ച് ദേശീയ പാതയില്‍ ഉള്‍പ്പെടെ ഗതാഗതം തടസപ്പെടുത്തിയിരുന്നു. അസമില്‍ പ്രതിഷേധം റെയില്‍വേ ട്രാക്കിലേക്ക് കൂടി കടന്നതോടെ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. ഗുവാഹത്തിയില്‍ സര്‍ക്കാര്‍ ബസിനെതിരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.
ഒരു ബൈക്കിന് തീവെക്കുകയും ചെയ്തു. സംഘര്‍ഷം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുസ്ലീം ഇതര മത വിഭാഗങ്ങളില്‍ നിന്ന് കുടിയേറിയവര്‍ക്ക് പൌരത്വം നല്‍കുന്നത് സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കാന്‍ ഇടയാക്കുമെന്ന് വിവിധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.