ബെംഗളൂരു : 2018 സെപ്റ്റംബറിൽ അവസാനിച്ചതാണു വിവാദ ആൾദൈവം നിത്യാനന്ദയുടെ പാസ്പോർട്ടിന്റെ കാലാവധി.
പുതുക്കി നൽകണമെന്ന ആവശ്യം കർണാടക പൊലീസ് തള്ളുകയും ചെയ്തു. ബലാത്സംഗക്കേസും കുട്ടികളെ തട്ടിക്കൊണ്ടു പോയി അനധികൃത തടവിൽ വച്ചെന്നുള്ള കേസും നിലനിൽക്കുന്നതിനിടെ ഇടക്കാലത്ത് ഇയാൾ അപ്രത്യക്ഷനായി. ഇന്ത്യ വിട്ടെന്ന് ഗുജറാത്ത് പൊലീസ് കഴിഞ്ഞ മാസം റിപ്പോർട്ടും നൽകി.
എന്നാൽ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ് നിത്യാനന്ദ. പാസ്പോർട്ടില്ലാതെ രാജ്യം വിട്ട ഇയാൾ സ്വന്തമായി പാസ്പോർട്ടുള്ള ഒരു രാജ്യം തന്നെയാണിപ്പോൾ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങിക്കഴിഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ഹിന്ദുരാഷ്ട്രത്തിലേക്കു സ്വാഗതമെന്നു പറഞ്ഞ് ‘ഭക്തരിൽ’ നിന്ന് സംഭാവനയും സ്വീകരിക്കുന്നു. സൗജന്യ ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങി ഗുരുകുല സമ്പ്രദായം വരെയായി കൈലാസ എന്നു പേരിട്ട ഈ ദ്വീപിന്റെ വിശദവിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെയും രാജ്യത്തിനായുള്ള പ്രത്യേക വെബ്സൈറ്റിലൂടെയും നിത്യാനന്ദ പുറത്തു വിട്ടു കഴിഞ്ഞു.
കൈലാസത്തിനു സ്വന്തമായി പാസ്പോർട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമുണ്ട്. അതിരുകളില്ലാത്ത രാജ്യമായിരിക്കും ഇത്. ലക്ഷ്യമിടുന്നത് ലോകമെമ്പാടുമുള്ള ഹിന്ദുക്കളെയാണ്, അതും സ്വന്തം രാജ്യത്ത് ഹിന്ദുമത പ്രകാരം ജീവിക്കാനുള്ള എല്ലാ ‘അവകാശങ്ങളും’ നഷ്ടപ്പെട്ടവരെ.
ജാതി, ലിംഗം, പ്രദേശം, വിഭാഗം ഇങ്ങനെ ഒന്നിന്റെയും തരംതിരിവില്ലാതെ ഭക്തർക്ക് കൈലാസത്തിലേക്കു സ്വാഗതമെന്നും വെബ്സൈറ്റ് പറയുന്നു. സമാധാനത്തോടെ ഇവിടെ ജീവിക്കാം. സ്വന്തം ആധ്യാത്മികജീവിതം ആസ്വദിക്കാം. സ്വന്തം കലയും സംസ്കാരവും പ്രകടമാക്കാം.
ആരും അപകീർത്തിപ്പെടുത്താനോ ഇടപെടാനോ ഉണ്ടാകില്ല. അക്രമത്തിനും കൈലാസത്തിൽ സ്ഥാനമില്ലെന്നും https://kailaasa.org എന്ന വെബ്സൈറ്റില് പറയുന്നു.
ക്ഷേത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ജീവിതവ്യവസ്ഥയായിരിക്കും ഇവിടെ. മൂന്നാം കണ്ണിന്റെ ശാസ്ത്രം, യോഗ, ധ്യാനം എന്നിവയും ഗുരുകുല സമ്പ്രദായത്തിലൂടെ പഠിപ്പിക്കും.
ഈ ദ്വീപു രാഷ്ട്രത്തിന് ഒരു സർക്കാരുമുണ്ടാകും. ആഭ്യന്തര സുരക്ഷ, പ്രതിരോധം, സാങ്കേതികം, ധനകാര്യം, വാണിജ്യം, ഭവനകാര്യം, മനുഷ്യസേവനം, വിദ്യാഭ്യാസം തുടങ്ങി പല വകുപ്പുകളുമുണ്ട്. ചിലതിന്റെ തലപ്പത്ത് നിത്യാനന്ദയാണ്. സ്വതന്ത്രമായ, ഒരു പുതുരാഷ്ട്രം എന്നാണു കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.