മോഡലിംഗ്, അനന്ത സാധ്യതകളുടെ വിശാല ലോകം മോഡലിംഗ് ഒരു കരിയർ ആയി തെരഞ്ഞെടുക്കുന്നവർ തയ്യാറെടുക്കേണ്ടതെങ്ങിനെ?

നമ്മുടെയൊക്കെ ചെറുപ്പത്തിൽ റേഡിയോയിലും ടി.വി യിലും വന്നിരുന്ന പരസ്യങ്ങൾ ഒരിക്കലെങ്കിലും മൂളുകയോ, അനുകരിച്ചു കാണിക്കുകയോ ചെയ്യാത്തവരായി ആരുമുണ്ടാവില്ല.

അതിനർത്ഥം എല്ലാവരുടെയുള്ളിലും ഒരു മോഡൽ ഒളിഞ്ഞിരിപ്പുണ്ട് എന്നതല്ലേ? എങ്കിൽ അതിനെ ഒന്ന് തേച്ചു മിനുക്കിയെടുത്താൽ നിങ്ങൾ എത്തിച്ചേരുന്നത് അനന്ത സാധ്യതകളുടെ ഒരു മികച്ച കരിയർ ലോകത്തേയ്ക്കായിരിക്കും
മോഡലിംഗ്, സിനിമയിലേക്കുള്ള ചവിട്ടു പടി കൂടിയാണ് പലർക്കും.

ഇന്ത്യൻ സിനിമാ രംഗത്തെ പ്രശസ്തരായ പലരും അതിനുദാഹരണങ്ങളുമാണ്. അതുകൊണ്ടു തന്നെ മോഡലിംഗ് അല്ലെങ്കിൽ സിനിമ എന്ന കരിയറിനെ ഗൗരവത്തോടെ സമീപിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ, ആദ്യപടിയായി ചെയ്യേണ്ടത് ഒരു പ്രൊഫഷണൽ പോർട്ട് ഫോളിയോ തയാറാക്കുക എന്നതാണ്.

എന്താണ് പോർട്ട് ഫോളിയോ?
നാം ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ ആദ്യ പടിയായി അയച്ചു കൊടുക്കുന്ന ബയോഡേറ്റ എന്താണോ അത് തന്നെയാണ് പോർട്ട് ഫോളിയോ എന്നത് കൊണ്ടും ഉദ്ദേശിക്കുന്നത്. ബയോഡാറ്റയിൽ നമ്മുടെ വിദ്യാഭ്യാസ യോഗ്യതകളും പ്രവർത്തി പരിചയവും കഴിവുകളുമാണെങ്കിൽ, പോർട്ട് ഫോളിയോയിൽ അത് വിവിധ വേഷവിധാനങ്ങളോട് കൂടിയ മികച്ച ഫോട്ടോഗ്രാഫുകളായി ആണ് എന്ന് മാത്രം. അതോടൊപ്പം തന്നെ വിദ്യാഭ്യാസ യോഗ്യതയും, ഭാഷാപ്രാവീണ്യവും, ശരീര അളവുകളും രേഖപ്പെടുത്തിയിരിക്കും. ഒരു പരസ്യ ഏജൻസിയോ അല്ലെങ്കിൽ സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടറോ എപ്പോഴും മുൻഗണന നൽകുന്നത് ഇത്തരം പ്രൊഫഷണൽ പോർട്ട് ഫോളിയോകൾക്കു തന്നെയായിരിക്കും.

ഒരു മികച്ച പോർട്ട് ഫോളിയോ എങ്ങിനെ ഉണ്ടാക്കാം ?
കുറെയേറെ പ്രൊഫഷണലുകളുടെ ദിവസങ്ങളുടെ കഠിനപ്രയത്നത്തിലൂടെയേ ഒരു മികച്ച ഒരു പോർട്ട് ഫോളിയോ നിർമ്മിക്കാനാവൂ. മേക്കപ്പ് ആർട്ടിസ്റ്റ്, കോസ്ട്യുമ് ഡിസൈനർ, ആർട്ട് ഡയറക്ടർ, മോഡലിംഗ് ഫോട്ടോഗ്രാഫർ അങ്ങിനെ നീണ്ടു പോകും ആ ലിസ്റ്റ്. അങ്ങിനെ ഓരോ മേഖലയിലെയും മികച്ചവർ അണിനിരക്കുമ്പോൾ മനോഹരമായ ഒരു പോർട്ട്ഫോളിയോ പിറക്കുകായി.

പോർട്ട് ഫോളിയോ ആയി ഇനിയെന്ത് ?
അടുത്ത പടി നാമുണ്ടാക്കിയ പോർട്ട് ഫോളിയോ അത് എത്തേണ്ടവരിൽ എത്തിക്കുക എന്ന ശ്രമകരമായ ജോലിയാണ്. “മോഡലിംഗ് ജോബ് ഹണ്ടിങ്” എന്നും പറയാം. അതിനു വേണ്ടി കുറച്ചു കാര്യങ്ങൾ കൂടി ചെയ്യേണ്ടതുണ്ട്.

പ്രൊഫഷണൽ ഇ-മെയിൽ
സ്വന്തമായി ഇ-മെയിൽ വിലാസം ഉണ്ടെങ്കിൽ കൂടി ഒരു പ്രൊഫഷണൽ വിലാസം കൂടിയുണ്ടാക്കുക. പെട്ടെന്ന് വായിച്ചെടുക്കാൻ പറ്റുന്ന രീതിയിലുള്ളതും ആകർഷകവുമായ വിലാസങ്ങൾ ശ്രദ്ധിക്കപ്പെടും.

ഡാറ്റ കളക്ഷൻ
കേരളത്തിലും പുറത്തുമുള്ള പരസ്യ ഏജൻസികൾ, മോഡലിംഗ് ഏജൻസികൾ, ഫിലിംപ്രൊഡക്ഷൻ കമ്പനികൾ, കാസ്റ്റിംഗ് ഏജൻസികൾ തുടങ്ങി സിനിമ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും വരെ ഇ-മെയിൽ വിലാസങ്ങൾ പരമാവധി ശേഖരിക്കുക. ഇതിനായി സുഹൃത്തുക്കൾ, മോഡലിംഗ് / ഫിലിം ഇൻഡസ്ട്രിയിൽ ഉള്ളവർ, വെബ്‌സൈറ്റുകൾ , സാമൂഹ്യ മാധ്യമങ്ങൾ എന്നിവ പരമാവധി പ്രയോജനപ്പെടുത്തുക.

കവർ ലെറ്റർ
“First impression is the best impression” എന്നാണല്ലോ! അതിനായി കുറെ സമയമെടുത്തു വളരെ കുറച്ചു വാക്കുകളിൽ നിങ്ങളെക്കുറിച്ചു അവതരിപ്പിക്കുക. എഴുതുമ്പോൾ പൊങ്ങച്ചമാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക . പോർട്ട് ഫോളിയോയുടെ പി ഡി എഫ് ഫയൽ അറ്റാച്ച് ചെയ്യുന്നതിലും നല്ലതു ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്ത ശേഷം ലിങ്ക് കോപ്പി ചെയ്ത് വയ്ക്കുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ ഓപ്പൺ ആകുവാനും നിങ്ങളുടെ പോർട്ട് ഫോളിയോ മറ്റുള്ളവർക്ക് അനായാസം ഷെയർ ചെയ്യുവാനും വളരെ സഹായകരമാണിത് . എല്ലാ വിലാസങ്ങളിലേക്കും ഒരുമിച്ചയക്കാൻ ശ്രമിക്കരുത്, അത് നിങ്ങളുടെ ഇ-മെയിൽ സ്പാം ഫോൾഡറിൽ എത്തിക്കും. ഓരോരുത്തരെയും( പേരുകൾ അറിയാമെങ്കിൽ) പ്രത്യേകം അഭിസംബോധന ചെയ്തു അയക്കുന്നതാണ് നല്ലത്. പോർട്ട് ഫോളിയോയിൽ ഉണ്ടെങ്കിൽ കൂടി കത്തിന്റ്റെ അവസാനം പേരും വിലാസവും ബന്ധപ്പെടേണ്ട നമ്പറും സമയവും ചേർക്കുക. നിങ്ങൾക്ക് കുറച്ചു കൂടി ബഡ്ജറ്റുണ്ടെങ്കിൽ, ഒരു വെബ് ഡിസൈനറുടെ സഹായത്തോടെ ഒരു പോർട്ട് ഫോളിയോ വെബ്സൈറ്റ് ഉണ്ടാക്കി അതിന്റെ ലിങ്കും ഒപ്പം ചേർക്കാവുന്നതാണ്. ട്രെൻഡുകൾക്കനുസരിച്ചു പുതിയ ചിത്രങ്ങൾ അപ്ഡേറ്റ് ചെയ്യാമെന്നതാണ് വെബ്‌സൈറ്റുണ്ടായാലുള്ള ഗുണം.

ഓഡിഷൻസ് / കാസ്റ്റിംഗ് കാൾസ്
ഇത്രയുമായാൽ മോഡലിംഗ്/ സിനിമ രംഗത്തേക്കുള്ള അവസരങ്ങളിലേക്കുള്ള വാതിൽ നിങ്ങൾക്കായി തുറക്കുമെന്നത്തിനു സംശയമില്ല. പക്ഷേ തേടിയെത്തുന്ന അവസരങ്ങളെ നിങ്ങൾ എങ്ങിനെ വിനിയോഗിക്കും എന്നുള്ളതിനെ ആശ്രയിച്ചിരിക്കും ലൈം ലൈറ്റിലേക്കുള്ള നിങ്ങളുടെ പ്രവേശനത്തിന്റ്റെ ദൂരം. ഇ-മെയിലുകൾ ഇടയ്ക്കിടെ പരിശോധിക്കുക. മിക്കവാറും പ്രൊഫഷണൽ ഏജൻസികളും ഒരു “Courtesy Reply” ഇ-മെയിൽ അയക്കാറുണ്ട്. അതിനു നന്ദി സൂചകമായി മറുപടി അയക്കുക. വരുന്നത് ഫോൺ കാളുകളാണെങ്കിൽ ആത്മ വിശ്വാസത്തോടെ മറുപടി പറയുക. പ്രോജക്ടിനെക്കുറിച്ചുള്ള കാര്യങ്ങൾ, ഓഡിഷൻ തീയതി, സ്ഥലം എന്നിവ മര്യാദ പൂർവം ചോദിച്ചറിയുക. വിളിച്ചയാളുടെ പേരും ഫോൺ നമ്പറും തീർച്ചയായും വാങ്ങുക. ഓഡിഷനുകൾക്ക് പറഞ്ഞിരിക്കുന്ന സമയത്തിലും അര മണിക്കൂർ നേരത്തെ എത്താൻ ശ്രമിക്കുക, കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി മാത്രം പെർഫോം ചെയ്യുക.

പ്രമുഖ പരസ്യ ഏജൻസികളും, സിനിമ നിർമ്മാണകമ്പനികളും അവരുടെ പ്രോജക്ടുകൾക്കായി കാസ്റ്റിംഗ് കാളുകൾ പ്രഖ്യാപിക്കാറുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളും പരമാവധി വിനിയോഗിക്കുക. പോർട്ട് ഫോളിയോകൾ അയച്ചു കൊടുക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്യുക. ഇത്തരം കാസ്റ്റിങ് കാളുകളുടെ വിശ്വാസ്യത ഉറപ്പു വരുത്തിയിട്ടു മാത്രം പങ്കെടുക്കുവാൻ ശ്രമിക്കുക. കുറെയേറെ ഓഡിഷനുകളിൽ പങ്കെടുത്ത് അവസരങ്ങൾ നഷ്ടപ്പെട്ടെന്ന് കരുതി നിരാശരാകാതെ കൂടുതൽ ആത്മ വിശ്വാസത്തോടെ, ക്ഷമയോടെ നിങ്ങളെത്തേടിയെത്തുന്ന ആ സുവർണ്ണ വിളിക്കായി കാത്തിരിക്കുക. വിജയം സുനിശ്ചിതം!

Opportunities don’t just happen, you should create them!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us