ഇരുപതോളം യുവതികളെ പീഡിപ്പിച്ച ശേഷം കൊലചെയ്ത സയനൈഡ് മോഹന് ഇത് നാലാം വധശിക്ഷ

ബെംഗളൂരു: ഇരുപതോളം യുവതികളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് കലര്‍ത്തിയ ഗര്‍ഭ നിരോധന ഗുളിക നല്‍കി കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാറിനു വധശിക്ഷ.

20 കൊലക്കേസുകളുള്ള മോഹനു പതിനേഴാമത്തെ കേസിലാണു ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2005-ലാണ് മോഹന്‍ 17-ാം കൊലപാതകം നടത്തിയത്. മംഗളൂരുവിൽ ബണ്ട്വാള്‍ ബലെപുനിയിലെ അങ്കണവാടി അസിസ്റ്റന്റായ ശശികലയെ (26) കൊലപ്പെടുത്തിയ കേസിലാണ് ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സയ്യിദുന്നീസ വധശിക്ഷ വിധിച്ചത്.

തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, കൊലപാതകം, വിഷംകുടിപ്പിക്കല്‍, ആഭരണ കവര്‍ച്ച, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളിലാണ് വധശിക്ഷ. മുന്‍പ്, ബണ്ട്വാള്‍ സ്വദേശികളായ വാമനപദവിലെ ലീലാവതി, ബരിമാറിലെ അനിത, സുള്ള്യ പെരുവാജെയിലെ സുനന്ദ എന്നീ യുവതികളെ കൊന്ന കേസുകളിലും മോഹനു വധശിക്ഷ വിധിച്ചിരുന്നു.

ബി സി റോഡ് ബസ് സ്റ്റാന്‍ഡില്‍ വച്ച് പരിചയപ്പെട്ട യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി മോഹന്‍ അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 21-ന് വിവാഹത്തിനെന്നു പറഞ്ഞ് ബംഗളൂരുവിലേക്കു കൊണ്ടുപോയി. യുവതിയുടെ മുഴുവന്‍ ആഭരണങ്ങളുമെടുക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ശൃംഗേരിയില്‍ വിനോദയാത്ര പോകുന്നുവെന്നാണ് യുവതി വീട്ടില്‍ പറഞ്ഞത്.

ബംഗളൂരുവിലെ ഹോട്ടലില്‍ മുറിയെടുത്ത് ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പിറ്റേന്നു രാവിലെ ബസ് സ്റ്റാന്‍ഡിലെത്തി. ഗര്‍ഭിണിയാകാതിരിക്കാനുള്ള മരുന്നെന്നുപറഞ്ഞ് സയനൈഡ് ഗുളിക നല്‍കി. ഇതുകഴിച്ചാല്‍ ഛര്‍ദിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബാത്ത്റൂമില്‍ പോയി കഴിക്കാനും പറഞ്ഞു. ഇതനുസരിച്ച യുവതി ഗുളിക കഴിച്ചയുടന്‍ കുഴഞ്ഞുവീണു മരിച്ചു. മോഹന്‍കുമാര്‍ മുറിയില്‍ തിരിച്ചെത്തി യുവതിയുടെ ആഭരണങ്ങളുമായി നാട്ടിലേക്കു മടങ്ങി.

തിരിച്ചറിയാത്തതിനെത്തുടര്‍ന്ന് യുവതിയുടെ മൃതദേഹം അഞ്ച് ദിവസത്തിനു ശേഷം പോലീസ് സംസ്‌കരിക്കുകയും ചെയ്തു. വിനോദയാത്രയ്ക്കെന്നു പറഞ്ഞ് പോയ യുവതി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മംഗളൂരു കൊണാജെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

2009 സെപ്റ്റംബര്‍ 21-ന് മറ്റൊരു കേസില്‍ മോഹന്‍കുമാര്‍ പിടിയിലായതോടെയാണ് ശശികലയടക്കം 20 യുവതികളെ ഇയാള്‍ സമാനരീതിയില്‍ കൊലപ്പെടുത്തിയ വിവരം പുറത്തുവരുന്നത്. ശശികലയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണയ്ക്കായി 41 സാക്ഷികളെയും 67 രേഖകളും കോടതിയില്‍ ഹാജരാക്കി.

ലീലാവതി(32), ബരിമാറിലെ അനിത(22), സുള്ള്യ പെരുവാജെയിലെ സുനന്ദ(25) എന്നിവരെ കൊന്ന കേസുകളിലാണ് മോഹന്‍കുമാറിന് മുൻപ് വധശിക്ഷ ലഭിച്ചത്.

മംഗളൂരുവില്‍ ബണ്ട്വാള്‍ കന്യാനയിലെ കായിക അധ്യാപകനായിരുന്ന മോഹന്‍കുമാര്‍ 2003-2009 കാലയളവില്‍ നാലു മലയാളികളടക്കം ഇരുപതോളം യുവതികളെയാണു സയനൈഡ് നല്‍കി അതിക്രൂരമായി കൊന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകങ്ങള്‍. 20 കൊലക്കേസുകളുടെയും വിചാരണ നടക്കുകയാണ്. 16 എണ്ണത്തിലും മോഹന്‍ കുറ്റക്കാരനാണെന്നു നേരത്തെ കോടതി കണ്ടെത്തിയിരുന്നു.

ഗര്‍ഭ നിരോധന ഗുളികയാണെന്നു പറഞ്ഞു സയനൈഡ് നല്‍കി കൊന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു രീതി. കാസര്‍കോട് ഉപ്പള സ്വദേശിനിയായ സംഗീത അധ്യാപിക പൂര്‍ണിമയെ കൊന്ന കേസില്‍ സെപ്റ്റംബര്‍ 25ന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചതാണു മുന്‍പത്തെ ശിക്ഷാവിധി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us