ബെംഗളൂരു: മഴക്കെടുതിയുടെ വിശദമായ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനത്തിന് കേന്ദ്രസഹായം പ്രഖ്യാപിച്ചിട്ടില്ല. തീരദേശ ജില്ലകളിലും വടക്കൻ കർണാടകത്തിലും 35000 കോടിയുടെ നാശനഷ്ടമാണുണ്ടായത്.
കേന്ദ്ര സഹായം ലഭിക്കാത്തതിൽ ദുരിതബാധിതർക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല. ദുരിതബാധിതർ സർക്കാരിനെതിരേ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ നടപടിയിൽ ബി.ജെ.പി.യിലും അമർഷം ശക്തമാണ്.
മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ പല നേതാക്കളും കേന്ദ്രസഹായം വൈകുന്നതിൽ അതൃപ്തിയറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി വിമർശിച്ച് ബി.ജെ.പി. എം.എൽ.എ. ബസനഗൗഡ പാട്ടീൽ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. മഴക്കെടുതി ബാധിച്ച ബിഹാറിന് സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത് വ്യാപക പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു.
കർണാടകത്തിൽ ബി.ജെ.പി.ക്ക് വോട്ടുചെയ്ത ജനങ്ങൾക്ക് എന്ത് കിട്ടിയെന്നാണ് ബസനഗൗഡ പാട്ടീൽ ചോദിച്ചത്. മഴക്കെടുതി ദുരിതബാധിതർ സമരം തുടങ്ങിയത് സർക്കാരിന് തിരിച്ചടിയായി. ബെംഗളൂരുവിലും ബെലഗാവിയിലും ദുരിതബാധിതർ പ്രതിഷേധിച്ചു.
ദുരിതാശ്വാസസഹായം വൈകുന്നതിൽ കോൺഗ്രസും ജെ.ഡി.എസും സമരത്തിലാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മന്ത്രിസഭാ യോഗം വിളിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 28 സീറ്റിൽ 25 എണ്ണത്തിലും ബി.ജെ.പി.യാണ് വിജയിച്ചത്. ബി.ജെ.പി.യോടൊപ്പം നിന്ന സംസ്ഥാനത്തെ ജനങ്ങൾ മഴക്കെടുതി നേരിട്ടപ്പോൾ കേന്ദ്ര സർക്കാർ കൈയൊഴിഞ്ഞെന്നാണ് ആരോപണം. ബി.ജെ.പി.ക്ക് സ്വാധീനമുള്ള വടക്കൻ കർണാടകത്തിൽ പ്രതിഷേധം ശക്തമാണ്.
അടിയന്തര സഹായമായി 3000 കോടി അനുവദിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല. അതിനിടെ, കേന്ദ്രസഹായം വൈകുന്നതിൽ മന്ത്രി ബി. ശ്രീരാമുലു ജനങ്ങളോട് മാപ്പ് ചോദിച്ചു. കേന്ദ്രസഹായം വേഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദുരിതബാധിതർക്ക് സഹായം വേഗത്തിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തിനുള്ളിൽ കേന്ദ്ര സഹായം ലഭിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ യെദ്യൂരപ്പയ്ക്ക് ജനങ്ങളുടെ പ്രതിഷേധത്തെയും നേരിടേണ്ടിവന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് കർണാടകത്തിന്റെ ദൗർഭാഗ്യമാണെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ കേന്ദ്രനേതൃത്വം തഴഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.