സംസ്ഥാന സർക്കാരിന്റെ ഭാവി തീരുമാനിക്കുന്ന ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി.യിൽ ഭിന്നത രൂക്ഷമാവുന്നു

ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ ഭാവി തീരുമാനിക്കുന്ന ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി.യിൽ ഭിന്നത രൂക്ഷമാവുന്നു. സംസ്ഥാന അധ്യക്ഷൻ നളിൻകുമാർ കട്ടീലും മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും തമ്മിലുള്ള ‘ശീതയുദ്ധ’മാണ് ഏറെ തലവേദനയായിരിക്കുന്നത്.

കോൺഗ്രസ്, ജെ.ഡി.എസ്. വിമതർക്ക് സീറ്റ് നൽകുന്നതിൽ പ്രദേശികതലത്തിൽ അതൃപ്തി നിലനിൽക്കുന്നതിനിടെ ഉയർന്ന നേതാക്കൾ തമ്മിലുള്ള ഭിന്നതയും രൂക്ഷമായി.

ആർ.എസ്.എസ്. നേതാവും ബി.ജെ.പി.യുടെ സംഘടനാ ജനറൽ സെക്രട്ടറിയുമായ ബി.എൽ. സന്തോഷിനെ പിന്തുണയ്ക്കുന്ന നളിൻകുമാർ കട്ടീൽ പാർട്ടികാര്യങ്ങളിൽ യെദ്യൂരപ്പയെ അവഗണിക്കുന്നെന്നാണ് ആരോപണം.

യെദ്യൂരപ്പയെ അവഗണിച്ചാൽ പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുവമോർച്ച ഉപാധ്യക്ഷൻ ഭീമ ശങ്കർ പാട്ടീൽ പാർട്ടി സംസ്ഥാന അധ്യക്ഷന് കത്തുനൽകി. യെദ്യൂരപ്പയുടെ പ്രവർത്തനശൈലിയെ എതിർക്കുന്ന നേതാവാണ് ബി.എൽ. സന്തോഷ്.

കർണാടകത്തിൽ പാർട്ടിയുടെ ചുമതലയുള്ള സംഘടനാ ജനറൽ സെക്രട്ടറിയായി സന്തോഷ് ചുമതലയേറ്റതോടെ പാർട്ടിയിൽ യെദ്യൂരപ്പയ്ക്കുള്ള സ്വാധീനം കുറയുകയായിരുന്നു. മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചത് ഇതിന് തെളിവാണ്. സന്തോഷിന്റെ ‘നോമിനി’യായാണ് നളിൻകുമാർ കട്ടീലിനെ കേന്ദ്രനേതൃത്വം സംസ്ഥാന അധ്യക്ഷനാക്കിയത്.

മുതിർന്ന നേതാവ് കെ.എസ്. ഈശ്വരപ്പ നേതൃത്വം നൽകുന്ന സങ്കോളി രായണ്ണ ബ്രിഗേഡിനെ പിന്തുണച്ചതിന് യെദ്യൂരപ്പ രണ്ട് നേതാക്കൾക്കെതിരേ സ്വീകരിച്ച അച്ചടക്കനടപടി നളിൻകുമാർ കട്ടീൽ റദ്ദാക്കിയതോടെ ഭിന്നത രൂക്ഷമായി. സംസ്ഥാന അധ്യക്ഷനായിരിക്കെ യെദ്യൂരപ്പ നിയമിച്ച ഭാരവാഹികൾക്ക് സമാന്തരമായി പുതിയ ഭാരവാഹികളെ നിയമിച്ചതും അസ്വാരസ്യമുണ്ടാക്കി. പാർട്ടിക്കുള്ളിലെ ഭിന്നത ഉപതിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്ക നേതാക്കൾക്കുണ്ട്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിലും കോൺഗ്രസ്, ജെ.ഡി.എസ്. വിമതരെ സ്ഥാനാർഥിയാക്കാണ് തീരുമാനം. ഇതിൽ പാർട്ടിയുടെ പ്രാദേശിക ഘടകങ്ങൾക്ക് ശക്തമായ എതിർപ്പുണ്ട്. ഹൊസ്‌കോട്ടയിൽ കോൺഗ്രസ് വിമതൻ എം.ടി.ബി. നാഗരാജിന് സീറ്റ് നൽകിയാൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് യുവമോർച്ച നേതാവ് ശരത് ബച്ചഗൗഡ ഭീഷണി മുഴക്കി.

പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചവരെ ഒഴിവാക്കി പുറത്തുനിന്നുള്ളവരെ സ്ഥാനാർഥിയാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ശരത് ബച്ചഗൗഡ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന് രണ്ടുമാസം സമയം ലഭിച്ചെങ്കിലും പാർട്ടിക്കുള്ളിലെ ഭിന്നതയാണ് ബി.ജെ.പി.യെ ആശങ്കയിലാക്കുന്നത്. കേന്ദ്രനേതൃത്വം ശക്തമായി ഇടപെട്ടില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us