രജനികാന്തിനെ പരിഹസിച്ച് ‘കോമാളി’; പ്രതിഷേധം ശക്തം!!

ജയം രവിയെ നായകനാക്കി പ്രദീപ്‌ രംഗനാഥന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചലച്ചിത്രമാണ് ‘കോമാളി’. വളരെ പുതുമ നിറഞ്ഞ പ്രമേയവുമായി തയാറാക്കിയിരിക്കുന്ന ‘കോമാളി’യുടെ ട്രെയിലറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

നടന്‍ രജനീകാന്തിനെ പരിഹസിക്കുന്ന രീതിയിലാണ് ട്രെയിലര്‍ തയാറാക്കിയിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് രജനി ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തുന്നത്.

പതിനാറ് വര്‍ഷങ്ങള്‍ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ക്ക് ബോധം തിരിച്ചു കിട്ടുന്നതാണ് ‘കോമാളി’യുടെ പ്രമേയം. രണ്ടേകാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിന്‍റെ  അവസാന ഭാഗത്തെ രംഗമാണ് വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്.

#BoycottComali എന്ന ഹാഷ് ടാഗുമായാണ് രജനി ആരാധകര്‍ ട്വിറ്ററില്‍ സിനിമക്കെതിരെ രംഗത്തെത്തിയത്. കോമയില്‍ നിന്നും വിമുക്തനായ നായക കഥാപാത്ര൦ ചുറ്റുപാടും നിരീക്ഷിക്കുകയും ഇതേതു വര്‍ഷമെന്ന് സുഹൃത്തിനോട് ചോദിക്കുകയും ചെയ്യുന്നു.

2016 ആണെന്നു പറഞ്ഞിട്ടും വിശ്വസിക്കാത്തതിനാല്‍ മുറിയിലെ ടിവി ഓണ്‍ ചെയ്യുന്നു. തന്‍റെ രാഷ്ട്രീയ പ്രവേശനം ഉറപ്പാണെന്ന് ചൂണ്ടിക്കാട്ടി രജനികാന്ത് നടത്തിയ പ്രസംഗമായിരുന്നു ടിവിയില്‍.

എന്നാല്‍ ഈ ദൃശ്യം കാണുന്ന നായകന്‍, ‘ഇത് 96 ആണെന്നും ആരെയാണ് പറ്റിക്കാന്‍ ശ്രമിക്കുന്നതെന്നും’ ചോദിക്കുന്നു. 1996ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജയലളിതയ്ക്കെതിരെ രജനി നടത്തിയ ഒരു പരാമര്‍ശം നേരത്തെ വിവാദമായിരുന്നു.

‘ഒരിക്കല്‍ക്കൂടി ജയലളിത തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ദൈവത്തിന് പോലും തമിഴ്നാടിനെ രക്ഷിക്കാനാവില്ല’ എന്നായിരുന്നു അന്ന് രജനിയുടെ പ്രസ്താവന.

ആ പ്രസ്താവനയാണ് ‘കോമാളി’യിലെ നായകന്‍ പുതിയ പ്രസംഗം കാണുമ്പോഴും ഓര്‍ക്കുന്നത്. ഈ തമാശ നിലവാരമില്ലാത്തതാണെന്നും രംഗം സിനിമയില്‍ നിന്ന് നീക്കണമെന്നുമൊക്കെ ട്വിറ്ററില്‍ ആവശ്യം ഉയരുന്നുണ്ട്.

രജനീകാന്തിന്റെ പേര് പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും ആളുകള്‍ പറയുന്നു. എന്നാല്‍ ഇതിനെകുറിച്ച്  പ്രതികരിക്കാന്‍ ‘കോമാളി’യുടെ അണിയറപ്രവര്‍ത്തകര്‍ തയാറായിട്ടില്ല. ചിത്രത്തില്‍ കാജല്‍ അഗര്‍വാളും സംയുക്ത ഹെഗ്ഡെയുമാണ് നായികമാര്‍. രവികുമാര്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ജയം രവിയുടെ ഇരുപത്തിനാലാമത്തെ ചിത്രമാണ് കോമാളി. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കാജലിന്‍റെയും ജയം രവിയുടെയും നിരവധി ഗെറ്റപ്പുകളിലെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us