അയോഗ്യനാക്കാനുള്ള അധികാരം സ്പീക്കർക്ക്, കോടതി എന്തിന് ഇടപെടണം; സുപ്രീം കോടതി

ന്യൂഡൽഹി: എം.എൽ.എമാരെ അയോഗ്യരാക്കാനുള്ള അധികാരം നിയമസഭാ സ്പീക്കർക്കാണെന്നിരിക്കെ, അതില്‍ കോടതി തീരുമാനമെടുക്കേണ്ട കാര്യമെന്താണെന്ന് സുപ്രീംകോടതി. തമിഴ്നാട് ഡി.എം.കെ നേതാവ് നൽകിയ ഹരജിയിലാണ് കോടതിയുടെ നിർണായകമായ നിരീക്ഷണം.

എം.എൽ.മാരെ അയോഗ്യരാക്കിയ കർണാടക സ്പീക്കറുടെ തീരുമാനം പുനപരിശോധിക്കാൻ വിമത എം.എൽ.എമാർ കോടതിയെ സമീപിച്ചതിന് തൊട്ടടുത്ത ദിവസമാണ് സുപ്രീംകോടതി ചോദ്യമുന്നയിച്ചിരിക്കുന്നത്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം അയോഗ്യനാക്കാനുള്ള അധികാരം സ്പീക്കർക്കാണ്. ഇതിന്റെ പശ്ചാതലത്തിൽ കോടതി എന്തിന് ഇടപെടണമെന്നാണ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ആർ സുഭാഷ് റെഢി, ബി.ആർ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചത്.

തമിഴ്നാടിലെ 11 എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരെയും, ഉപമുഖ്യമന്ത്രി ഒ പനീർശെൽവത്തിനെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെയുടെ ആർ സക്കറപാണിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയം സ്പീക്കറുടെ അധികാര പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഹെെക്കോടതിയും ഹർജി തള്ളിയിരുന്നു.

കർണാടക വിമത എം.എൽ.എമാരെ അയോഗ്യരാക്കിയ സ്പീക്കർ കെ.ആർ രമേശ് കുമാറിന്റെ വിധിക്കെതിരെ കോൺഗ്രസ് എം.എൽ.എമാർ ഹർജി നൽകിയ സന്ദർഭത്തിലാണ് മറ്റൊരു കേസിലുള്ള കോടതിയുടെ നിരീക്ഷണമെന്നതും ശ്രദ്ധേയമാണ്.

അതേസമയം കര്‍ണ്ണാടകയില്‍ അയോഗ്യരാക്കിയ മുന്‍ സ്പീക്കറുടെ നടപടിക്കെതിരെ 15 കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. മുന്‍ സ്പീക്കര്‍ രമേഷ് കുമാറിന്റെ നടപടിക്കെതിരെ നേരത്തെ രണ്ട് വിമത കോണ്‍ഗ്രസ് എംഎല്‍എ മാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറ്റ് എംഎല്‍എ മാരുടെ നീക്കം.

കര്‍ണ്ണാടകയില്‍ രാജിവെച്ച വിമത എംഎല്‍മാരെ മുന്‍ സ്പീക്കര്‍ രമേഷ് കുമാര്‍ അയോഗ്യരാക്കിയിരുന്നു. എംഎല്‍എമാരുടെ രാജി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ നടപടി സ്വീകരിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് എല്‍ ജര്‍ഗ്ഗിഹോളി, മഹേഷ് കുത്തമല്ലി എന്നിവര്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

അയോഗ്യരാക്കപ്പെട്ട ജെഡിഎസ് എംഎല്‍എ മാരായ എ എച്ച്‌ വിശ്വനഥ്, കെ ഗോപാലയ്യ, നാരായണ ഗൗഡ എന്നിവര്‍ കോടതിയില്‍ സംയുക്ത അപേക്ഷ നല്‍കി. കോണ്‍ഗ്രസ് എംഎല്‍എ മാരായ പ്രതാപ് ഗൗഡ പാട്ടീല്‍, ബി സി പാട്ടീല്‍, ശിവറാം ഹെബ്ബാര്‍, എസ് ടി സോമശേഖര്‍, ഭ്യാരതി ബസവരാജ്, മുനിരത്‌ന എന്നിവര്‍ നടപടിക്കെതിരെ അനുബന്ധകോടതിയെയും സമീപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us