ഇനി യെദ്യുരപ്പയല്ല! “യെദിയൂരപ്പ”..

ബെംഗളൂരു : കർണാടക രാഷ്ട്രീയത്തെ കഴിഞ്ഞ ഒരു മാസത്തോളമായി മഥിച്ചുകൊണ്ടിരുന്ന പ്രശ്നമെന്തെന്ന് അജ്ഞാതനായ ഏതോ ഒരു ന്യൂമറോളജിസ്റ്റ് കണ്ടെത്തിക്കഴിഞ്ഞു. പിടിച്ച പിടിക്ക് പ്രശ്നത്തിന് പരിഹാരം നിർദ്ദേശിക്കുകയും അത് നടപ്പിലാക്കുകയും ഒക്കെ ചെയ്തു കഴിഞ്ഞ സ്ഥിതിക്ക് ഇനി മന്ത്രിസഭയുടെ ശകടം സുഗമമായി മുന്നോട്ടു പൊയ്‍ക്കോളുമത്രെ.

എല്ലാറ്റിനും കാരണം ഒരു ‘ഡി’ ആണത്രേ. ‘ഐ’ ഇരിക്കേണ്ടിടത്ത് ‘ഡി’ വന്നിരുന്നതാണ് പ്രശ്നം. മറ്റെവിടെയുമല്ല, ഇന്നലെ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി എസ് യെദിയൂരപ്പയുടെ പേരിലാണ് സംസ്ഥാനത്ത് പുകഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ മൂലകാരണം ഒളിച്ചിരുന്നത്.

ഡി. ഇംഗ്ലീഷ് അക്ഷരമാലയിലെ നാലാമത്തെ അക്ഷരം. അതിനെ മുഖ്യമന്ത്രിയുടെ പേരിൽ നിന്നും വെട്ടിമാറ്റി, പകരം അക്ഷരമാലയിലെ ഒമ്പതാം അക്ഷരമായ ‘ഐ’  പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇനിയങ്ങോട്ട് വെച്ചടിവെച്ചടി കയറ്റമായിരിക്കും. ബിജെപിക്കും, പുതിയ കർണാടക സർക്കാരിനും.

കഴിഞ്ഞ 3-  4 ദിവസമായി മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ചുകൊണ്ട് ഗവർണർക്കും മറ്റും പൊയ്ക്കൊണ്ടിരിക്കുന്ന കത്തുകൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ലെറ്റർഹെഡിൽ കാണുന്ന ഈ അക്ഷരവിന്യാസഭേദം എന്തായാലും ഒരു ‘ടൈപ്പോ എറർ’ ആകാനുള്ള സാധ്യത വളരെ കുറവാണ്. ഇത് ഏതോ അറിയപ്പെടുന്ന ന്യൂമറോളജിസ്റ്റിന്റെ വിദഗ്ധ ഉപദേശം തന്നെയാണ് എന്നാണ് കർണാടകയിലെ രാഷ്ട്രീയവൃത്തങ്ങളിലെ പൊതുസംസാരം.

2007  വരെ അദ്ദേഹത്തിന്റെ പേരിന്‍റെ സ്പെല്ലിങ് ‘Yediyurappa’ എന്നായിരുന്നു. എന്നാൽ അക്കൊല്ലം  വെറും ഏഴുദിവസത്തെ ആയുസ്സുമാത്രമേ ഉണ്ടായുള്ളൂ. അത് തന്റെ ഭാഗ്യക്കേടാണോ എന്ന സംശയത്തിൽ ഒരു ന്യൂമറോളജിസ്റിനെ ചെന്നു കണ്ട മുഖ്യമന്ത്രിക്ക് തന്റെ പേരിൽ നിന്നും ഒരു ‘ഐ’ തട്ടിക്കിഴിച്ച് ഒരു ‘ഡി’ ചേർക്കാൻ വിദഗ്ധോപദേശം കിട്ടി.

ഏറെക്കുറെ ഫലിച്ചു എന്ന് പറയാം. 2008-ൽ മുഖ്യമന്ത്രിപദം കൈവന്നത് 3 വർഷം കൊണ്ടുനടക്കാനായി. പക്ഷേ, കഴിഞ്ഞ കൊല്ലം പിന്നെയും ഭാഗ്യം തകിടം മറിഞ്ഞു. രണ്ടുദിവസം കൊണ്ട് അധികാരം കൈവിട്ടുപോയി.

അതുകൊണ്ടാവണം, ഇത്തവണ റിസ്കെടുക്കാൻ മുഖ്യമന്ത്രി തയ്യാറല്ല. രാഷ്ട്രീയത്തിൽ മികച്ചൊരു ഭാവിക്കായി ഒരു ഡി പൊഴിച്ച് ഐ സ്വീകരിക്കണം എന്ന ഉപദേശമാണ് ഒക്കുറി അദ്ദേഹത്തിന് കിട്ടിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വിധാൻ സൗധയിലെ ഓഫീസ്മുറിയുടെ നെയിം ബോർഡും, ട്വിറ്റർ ഹാൻഡിലിന്റെ ഡിസ്പ്ളേ നെയിമും ഒക്കെ ഈ പഴയ-പുതിയ സ്പെല്ലിങ്ങിലേക്ക് മാറ്റിക്കഴിഞ്ഞു. ഫേസ്‌ബുക്കിൽ ഇനിയും ആ മാറ്റങ്ങൾ പ്രതിഫലിച്ചിട്ടില്ല.

അദ്ദേഹത്തിന്റെ പേരിലെ ഈ മാറ്റങ്ങൾ ഓർത്തെടുത്തുകൊണ്ട് ഒരു മുതിർന്ന പത്രപ്രവർത്തകനായ ഡിപി സതീഷ് ഒരു ട്വീറ്റ് ചെയ്യുകയുണ്ടായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us