വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിൽ കനത്ത മഴ, മരണം 111 കവിഞ്ഞു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമുണ്ടായ കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 111 കവിഞ്ഞു.

ബീഹാറിലും അസമിലും കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ബീഹാറില്‍ നിന്നാണ്. ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച് ബീഹാറില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 83 ആണ്.

ബീഹാറില്‍ മാത്രം 48 ലക്ഷം പേരെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണു ഔദ്യോഗിക കണക്ക്. ഇവിടെമാത്രം ഒന്നര ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. 831 ഗ്രാമങ്ങളെ പ്രളയം പൂര്‍ണമായും ബാധിച്ചിട്ടുണ്ട്. ആയിരക്കണക്കിനു കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നഷ്ടമായത്. അതേസമയം, ബീഹാറിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി രംഗത്തെത്തിയിട്ടുണ്ട്.

221 ദുരിതാശ്വാസ ക്യാമ്പുകളിലായി ആയി ഒരു ലക്ഷത്തോളം പേരാണ് കഴിയുന്നത്. എഴുന്നൂറോളം കമ്മ്യൂണിറ്റി കിച്ചണുകൾ തുറന്നിട്ടുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേത്യത്വലുള്ള സംഘം പ്രളയബാധിത പ്രദേശങ്ങളിലൂടെ ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തി. വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രളയബാധിത സംസ്ഥാനങ്ങളിൽ തുറന്ന എന്‍.ഡി.ആര്‍.എഫ് കൺട്രോൾ റൂമുകൾക്ക് പുറമെ ഡൽഹിയിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

അസമിൽ 33 ജില്ലകളിലായി 57 ലക്ഷം പേരെ പ്രളയം ബാധിച്ചതായാണ് സർക്കാറിന്‍റെ പ്രാഥമിക കണക്ക്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. 427 ദുരിതാശ്വാസ ക്യാമ്പുകളും 392 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 251.55 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. കാസിരംഗ ദേശീയ പാർക്കിന്‍റെ 90 ശതമാനവും വെള്ളത്തിനടിയിലാണ്. കണ്ടെത്തുന്ന മൃഗങ്ങളെ സംരക്ഷിക്കാൻ ശ്രമം തുടരുകയാണ്.

അതേസമയം, രണ്ട് ദിവസം കൂടി മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴ നിലക്കാത്തത് പ്രളയത്തിൽ മുങ്ങിയ ബീഹാര്‍, ത്രിപുര, അസം, ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ സ്ഥിതി അതീവ ഗുരുതരമാക്കിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us