ബെംഗളൂരു: മോദിയുടെ ആശയങ്ങളെ വിമര്‍ശിക്കുന്നതിന്‍റെ പേരില്‍ തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവച്ച് ചലച്ചിത്ര താരം പ്രകാശ് രാജ്.
കാശ്മീരിലെ ഗുല്‍മാര്‍ഗിലെ ഹോട്ടലില്‍ താമസിക്കുന്നതിനിടെ പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ഒരു സ്ത്രീയും കുട്ടിയും സെല്‍ഫിയെടുക്കാന്‍ തന്നെ സമീപിച്ചതായും ഫോട്ടോ എടുത്ത ശേഷമുള്ള അവരുടെ ഭര്‍ത്താവിന്‍റെ പ്രതികരണവുമാണ് പ്രകാശ് രാജ് വിശദീകരിച്ചിരിക്കുന്നത്.
തനിക്കൊപ്പം എടുത്ത ഫോട്ടോ ഫോണില്‍ നിന്നും നീക്ക൦ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് യുവതിയെ ശകാരിക്കുകയായിരുന്നു. ചുറ്റുമുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ എല്ലാം ഇത് കണ്ടുവെന്നും ശകാരത്തെ തുടര്‍ന്ന് സ്ത്രീ കരഞ്ഞതായും കുറിപ്പില്‍ പറയുന്നു. തന്‍റെ ഔദ്യോഗിക ട്വിറ്ററിലൂടെ പങ്കുവച്ച കുറിപ്പിലാണ് പ്രകാശ് രാജ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.
താന്‍ മോദിയുടെ ആശയങ്ങളെ വിമര്‍ശിക്കുന്നതിനാലാണ് അയാള്‍ അപ്രകാരം പെരുമാറിയതെന്നും പ്രകാശ് രാജ് കുറിപ്പില്‍ വ്യക്തമാക്കുന്നു.
A moment in Kashmir… Why do we HURT the ones we LOVE for someone else ?? Why do we HATE because we differ ?? #justaskingpic.twitter.com/RurmY369Kd
— Prakash Raj (@prakashraaj) June 15, 2019
അയാളുടെ പെരുമാറ്റത്തിന് തക്കതായ മറുപടി നല്‍കിയാണ് പ്രകാശ് രാജ് മടങ്ങിയതെന്നും കുറിപ്പില്‍ പറയുന്നു.
“താനോ മോദിയോ അല്ല നിങ്ങള്‍ വിവാഹിതരാകാന്‍ കാരണം. അവര്‍ നിങ്ങള്‍ക്ക് ഈ ഭാഗ്യവതിയായ മകളെ തന്നു.. നല്ലൊരു ജീവിതം നിങ്ങളോടൊത്ത് പങ്കു വെച്ചു.. നിങ്ങളുടെ കാഴ്ച്ചപ്പാടുകളെ അവര്‍ മാനിക്കുന്നതു പോലെ അവരുടേത് നിങ്ങളും മാനിക്കുക.. വെക്കേഷന്‍ നന്നായിരിക്കട്ടെ”- പ്രകാശ് രാജ് കുറിച്ചു.
ആ ഫോട്ടോ നീക്കം ചെയ്യാന്‍ അയാള്‍ക്ക് ആകുമായിരിക്കും എന്നാല്‍, അവരുടെ മനസിലുണ്ടായ മുറിവ മായ്ക്കാന്‍ അയാള്‍ക്കാകുമോ?- ഈ ചോദ്യത്തോടെയാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.