ലോകകപ്പിൽ ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യയ്ക്ക് ആധികാരിക ജയം!

ലോകകപ്പിൽ ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യയ്ക്ക് ആധികാരിക ജയം. ഇന്ത്യക്കെതിരേ ഓസ്ട്രേലിയ്ക്ക് കാലിടറി. 353 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറിൽ 316 റൺസിന് എല്ലാവരും പുറത്തായി.

സ്മിത്തും വാർണറും ഓസീസിനായി അർധ സെഞ്ചുറി കണ്ടെത്തി. ഉസ്മാൻ ഖ്വാജ 42 റൺസ് അടിച്ചു. ഓസീസ് ബാറ്റിങ് തുടങ്ങി മികച്ച രീതിയിൽ മുന്നേറുകയായിരുന്ന ഓപ്പണിങ് കൂട്ടുകെട്ടിനെ റൺ ഔട്ടിലൂടെ കേദർ ജാദവും ഹാർദിക് പാണ്ഡ്യയും ചേർന്ന് പൊളിച്ചു. 35 പന്തിൽ 36 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ് പുറത്തായത്. മൂന്നു ഫോറും ഒരു സിക്സും ഫിഞ്ച് കണ്ടെത്തി. ഓപ്പണിങ് വിക്കറ്റിൽ ഡേവിഡ് വാർണറുമായി ചേർന്ന് 61 റൺസിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. 39-ാം ഓവറിൽ സ്മിത്തിനേയും സ്റ്റോയിൻസിനേയും പുറത്താക്കി ഭുവനേശ്വർ കുമാറാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകർപ്പൻ ബാറ്റിങ്ങാണ് പുറത്തെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ ധവാനും രോഹിതും ചേർന്ന് പടുത്തുയർത്തിയത് 127 റൺസിന്റെ കൂട്ടുകെട്ട്. 70 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 57 റൺസെടുത്ത രോഹിതിനെ പുറത്താക്കി കോൾട്ടർ നൈൽ ഓസീസിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു.

എന്നാൽ പിന്നീട് കോലിയെ കൂട്ടുപിടിച്ചായിരുന്നു ധവാന്റെ മുന്നേറ്റം. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 93 റൺസ് അടിച്ചു. സെഞ്ചുറിക്ക് പിന്നാലെ ധവാൻ പുറത്തായി. ലോകകപ്പിലെ മൂന്നാം സെഞ്ചുറി പൂർത്തിയാക്കിയ ധവാൻ പുറത്താകുമ്പോൾ 109 പന്തിൽ 117 റൺസ് നേടിയിരുന്നു. 16 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു ഈ ഇന്നിങ്സ്.

തുടർന്ന് ഹാർദിക് പാണ്ഡ്യയും കോലിയും ചേർന്ന് സ്കോറിങ് വേഗത കൂട്ടി. ഇരുവരും മൂന്നാം വിക്കറ്റിൽ 81 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആദ്യ പന്തിൽ തന്നെ പുറത്താകേണ്ടിയിരുന്ന ഹാർദികിനെ ഭാഗ്യം തുണച്ചപ്പോൾ അടിച്ചെടുത്തത് 48 റൺസാണ്. 27 പന്തിൽ നാല് ഫോറും മൂന്നു സിക്സും സഹിതമായിരുന്നു ഇന്നിങ്സ്. പിന്നീട് ക്രീസിലെത്തിയ എം.എസ് ധോനി അവസാന ഓവറുകളിൽ കൂറ്റനടികൾക്ക് ശ്രമിച്ചു. മൂന്നു ഫോറും ഒരു സിക്സും കണ്ടെത്തി. 49-ാം ഓവറിലെ ആദ്യ പന്തിൽ പുറത്തായി. 14 പന്തിൽ 27 റൺസായിരുന്നു സമ്പാദ്യം.

അവസാന ഓവറിലെ അഞ്ചാം പന്തിൽ കോലിയും ക്രീസ് വിട്ടു. അപ്പോഴേക്കും 77 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം ഇന്ത്യൻ ക്യാപ്റ്റൻ 82 റൺസ് അടിച്ചിരുന്നു. ധോനി പുറത്തായപ്പോൾ ക്രീസിലെത്തിയ കെ.എൽ രാഹുൽ നേരിട്ട ആദ്യ പന്ത് തന്നെ സിക്സിലേക്ക് പറത്തി. ഇന്ത്യയുടെ ഇന്നിങ്സിലെ അവസാന പന്തും നേരിട്ടത് രാഹുലാണ്. അതും ഗാലറിയിലെത്തിയതോടെ ഓസീസിന് മുന്നിൽ ലക്ഷ്യം 353 റൺസ് ആയി.

മൂന്നു പന്തിൽ 11 റൺസാണ് രാഹുൽ നേടിയത്. കേദർ ജാദവ് പുറത്താകാതെ നിന്നു. ഇതിനിടെ ഓസ്ട്രേലിയക്കെതിരേ ഏകദിനത്തിൽ 2000 റൺസ് പൂർത്തിയാക്കുന്ന നാലാമത്തെ താരമെന്ന റെക്കോഡ് രോഹിത് ശർമ്മ സ്വന്തമാക്കി. സച്ചിൻ, ഡെസ്മണ്ട് ഹെയ്ൻസ്, വിവിയൻ റിച്ചാർഡ് എന്നിവരാണ് രോഹിതിന് മുമ്പ് ഈ നേട്ടത്തിലെത്തിയവർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us