ഡൽഹി :രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് ഏഴിന് ദില്ലിയിൽ രാഷ്ട്രപതി ഭവനിൽ നടക്കും.
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
ദില്ലിയിൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയായത്. രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, നിർമല സീതാരാമൻ, പ്രകാശ് ജാവദേകർ, രവിശങ്കർ പ്രസാദ്, നരേന്ദ്ര സിംഗ് തോമാർ, രഅജുൻ മേഖ്‍വാൾ എന്നിവർ തുടരും.
ഇവർ മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. രാഷ്ട്രപതി ഭവനിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം.
ചടങ്ങിൽ 6500 ലേറെ പേർ പങ്കെടുക്കും. ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ആരോഗ്യകാരണങ്ങളാൽ മന്ത്രിസഭയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് മോദിക്ക് ഇന്നലെ കത്ത് നൽകി.
മോദി ഇന്നലെ രാത്രി ജയ്‌റ്റ്‌ലിയുമായി കൂടിക്കാഴ്‌ച നടത്തി. ആരോഗ്യപ്രശ്നങ്ങൾ കാരണം വിദേശകാര്യമന്ത്രി സുഷമസ്വരാജും മന്ത്രിസഭയിൽ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്.
സഖ്യകക്ഷികളിൽ ജെഡിയുവിനും എൽ. ജെ. പിക്കും എ. ഡി. എം. കെയ്‌ക്കും മന്ത്രിമാർ ഉണ്ടാവും. എൽ. ജെ. പി നേതാവ് രാംവിലാസ് പാസ്വാൻ ഉൾപ്പെടെയുള്ള ചില സഖ്യകക്ഷി അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തേക്കും.
കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരൻ, വി മുരളീധരൻ, അൽഫോൺസ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചർച്ചയിലുണ്ടായിരുന്നത്. കുമ്മനം രാജശേഖരനോട് ഇന്ന് ദില്ലിയിലെത്താൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടതോടെ ഇദ്ദേഹം കേന്ദ്രമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നു. കുമ്മനവും കണ്ണന്താനവും കേരളത്തിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു. കേരളത്തെ അറിഞ്ഞ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള പറഞ്ഞത്.
അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ല. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബിജെപിക്കെതിരെ കൊൽക്കത്തയിൽ ഇന്ന് ധർണ്ണ തുടങ്ങും.
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, മുൻപ്രധാനമന്ത്രി മൻമോഹൻസിങ് എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‌ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളടങ്ങിയ ബിംസ്റ്റെക് (ബേ ഒഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് എക്കണോമിക്ക് കോ – ഓപ്പറേഷൻ) രാജ്യങ്ങളിലെ തലവൻമാരെ ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. മൗറീഷ്യസ്, കിർഗിസ്ഥാൻ രാജ്യങ്ങളിലെ ഭരണ തലവന്മാർ ചടങ്ങിൽ പങ്കെടുക്കും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.