ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ വൻ തോൽവി വലിയ ആശങ്കയിലേക്ക് നയിച്ചിരിക്കുകയാണ്. പരീക്ഷണാർത്ഥം നാലാംനമ്പറിൽ വരുത്തിയ മാറ്റമാണ് അമ്പേ പരാജയപ്പെട്ടത്. സ്വിങ് ബൗളിങ്ങിനെ നേരിടാനുള്ള ഇന്ത്യ ബാറ്റ്സ്മാന്മാരുടെ ദൗര്‍ബല്യം ഒരിക്കല്‍ക്കൂടി തുറന്നുകാട്ടുന്നതായി ന്യൂസിലന്‍ഡിനെതിരായ സന്നാഹമത്സരം.
ഇംഗ്ലണ്ടിലെ സാഹചര്യത്തിനൊത്ത് ബാറ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കനത്ത തോല്‍വിയായിരിക്കും ഇന്ത്യയെ ലോകകപ്പില്‍ കാത്തിരിക്കുന്നത്. സന്നാഹമത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയത് കെഎല്‍ രാഹുല്‍ ആയിരുന്നു. ഓപ്പണര്‍മാരെ നഷ്ടപ്പെട്ട് സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല രാഹുലിനും വിരാട് കോലിക്കുമായിരുന്നു. എന്നാല്‍ 6 റണ്‍സ് മാത്രമെടുത്ത് രാഹുല്‍ പുറത്തായി. പിന്നാലെ വിരാട് കോലിയും പുറത്തായതോടെ ഇന്ത്യന്‍ വാലറ്റം കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുകയും കുറഞ്ഞ സ്കോറില്‍ പുറത്താവുകയും ചെയ്യുകയായിരുന്നു.
ഇംഗ്ലണ്ടില്‍ നാലാം നംബർ ബാറ്റസ്മന് വളരെയധികം പ്രാധന്യമാണ് ഉള്ളത്. ആദ്യ 15 ഓവറിനുള്ളില്‍ രണ്ടോ അതിലധികമോ വിക്കറ്റുകള്‍ വീണാല്‍ ഇന്നിങ്സ് കെട്ടിപ്പടുക്കേണ്ട ഉത്തരവാദിത്വം നാലാം നമ്പര്‍ ബാറ്റ്മാനായിരിക്കും. ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരമാണ് കെ എല്‍ രാഹുല്‍. ഫോം തുടരുമെന്നാണ് ഇന്ത്യന്‍ ക്യാമ്പിന്റെ പ്രതീക്ഷ.
300 റണ്‍സെങ്കിലും എടുക്കാവുന്ന പിച്ചില്‍ തുടക്കത്തില്‍ ബാറ്റിങ് ദുഷ്കരമാകും. വിക്കറ്റ് സൂക്ഷിച്ച് പിന്നീട് വേഗം കൂട്ടിയുള്ള കളിയാണ് ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ പൊതുവെ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ആദ്യ ഓവറുകളിലെ വിക്കറ്റുകള്‍ മത്സരഫലം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും. സാഹചര്യമറിഞ്ഞ് ബാറ്റ് വീശാനായില്ലെങ്കില്‍ ലോകകപ്പില്‍ ഇന്ത്യ സെമിഫൈനല്‍പോലും കാണാതെ തിരിച്ചുവരേണ്ടിവന്നേക്കാം.
ഐപിഎല്ലിലെ മത്സരക്രമം ഇന്ത്യന്‍ കളിക്കാരെ ക്ഷീണിതരാക്കിയിട്ടുണ്ടാകുമെന്ന വിലയിരുത്തലുകളുമുണ്ട്. ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ശേഷിക്കുന്ന സന്നാഹ മത്സരത്തിലെങ്കിലും ടീം ഉത്തരവാദിത്വത്തോടെ കളിക്കുമെന്നാണ് പ്രതീക്ഷ. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ബംഗ്ലാദേശിനെതിരെ ജയം അനിവാര്യമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.