ഹൈദരാബാദ്: ഐപിഎല്‍ കിരീടത്തിനായുള്ള അവസാന മത്സരം ഇന്ന്. കളിയിലു൦ കണക്കിലും തുല്യരായ മുംബൈയും ചെന്നൈയും തമ്മിലാണ് മത്സരം. ഇന്ന് രാത്രി 7.30 മുതൽ ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രണ്ടു ടീമുകളാണ് ചെന്നൈയും മുംബൈയും. ഇതുവരെ മൂന്ന് കിരീടം വീതമാണ് ഇരു ടീമുകളുടെയും സമ്പാദ്യം. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകമാണ്.
ഇന്നത്തെ മത്സരം അവസാനിക്കുമ്പോള്‍ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ കിരീടം എന്ന റെക്കോഡ് ഒരു ടീമിന് മാത്രം സ്വന്തമാകും. മുൻ നായകൻ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ ടീം ഏഴുതവണ ഫൈനലിലെത്തി അതിൽ നാലുതവണ തോറ്റു. രോഹിത് നയിക്കുന്ന മുംബൈ ഇന്ത്യൻസ്, കളിച്ച നാലു ഫൈനലിൽ മൂന്നിലും ജയിച്ചു.
മുംബൈയുമായി ആകെ 29 മത്സരം കളിച്ച ചെന്നൈ 18 തവണ തോറ്റുവെന്നതും ശ്രദ്ധേയമാണ്. ഈ സീസണിൽ പ്രാഥമിക റൗണ്ടിൽ ഏറ്റവും കുറവ് റൺ സ്കോർ ചെയ്ത ടീമുകളിലൊന്നാണ് ചെന്നൈ. മുംബൈയോട് 109 റണ്ണിനും ഹൈദരാബാദിനോട് 132 റണ്ണിനും അവർ പുറത്തായി.
ഈ സീസണിലെ റൺവേട്ടയിൽ ആദ്യപത്തിൽ ചെന്നൈയുടെ ഒരാളുമില്ല. മുൻനിര തകർന്നപ്പോഴൊക്കെ ധോണിയുടെ വ്യക്തിഗത .മികവായിരുന്നു ബാറ്റി൦ഗിലെ ശക്തി. എന്നാൽ രവീന്ദ്ര ജഡേജ, ഇമ്രാൻ താഹിർ, ഹർഭജൻ സിങ് എന്നീ സ്പിന്നർമാരാൽ ചെറിയ സ്കോർ പോലും പ്രതിരോധിക്കാൻ ടീമിനായി. പേസ് ബൗളർ ദീപക് ചഹാറും തിളങ്ങി.
മുംബൈയാകട്ടെ, സന്തുലിത ടീമാണ്. ബാറ്റി൦ഗിൽ ക്വിന്റൺ ഡികോക്കും സൂര്യകുമാർ യാദവും ഇടയ്ക്കെല്ലാം രോഹിത് ശർമയും തിളങ്ങിയപ്പോൾ ഓൾറൗണ്ടർമാരായ പാണ്ഡ്യ സഹോദരൻമാർ അവസാന ഓവറുകളിൽ ആഞ്ഞടിച്ചു.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് മുംബൈയും ചെന്നൈയും. ഇരു ടീമുകളിലും കളിയുടെ ഗതി മാറ്റിമറിക്കുന്ന താരങ്ങളുണ്ട്. റണ്ണൊഴുകുന്ന പിച്ചില്‍ ടോസിന്റെ ആനുകൂല്യം ടീമുകള്‍ക്ക് ലഭിക്കാത്തവിധത്തിലായിരിക്കും പിച്ച് ഒരുക്കുക.
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും നേര്‍ക്കുനേര്‍ വരുമ്പോള്‍ പ്രവചനം അസാധ്യം. ഇത് ഐ.പി.ൽ ഫൈനൽ.., രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് തീപാറും!! മത്സരം തുടങ്ങാൻ ഏതാനും മണിക്കൂറുകൾ മാത്രം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.