ബെംഗളൂരു: കെംപെഗൗഡ വിമാനത്താവളം വഴി സ്വർണം കടത്താൻ കൂട്ടുനിന്ന മുൻ കസ്റ്റംസ് ഉദ്യോഗസ്ഥന്റെപേരിൽ സി.ബി.ഐ. കേസെടുത്തു. 2017-ൽ വിമാനത്താവളത്തിലെ കസ്റ്റംസ് എസ്.പി. ആയിരുന്ന ഡി. അശോകിനെതിരേയാണ് കേസെടുത്തത്. ദുബായിൽനിന്നുവന്ന രണ്ടുയാത്രക്കാരെ 6.42 കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ സഹായിച്ചെന്നാണ് പരാതി.
പ്രതിഫലമായി അശോക് പണം കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു. 2017-ലായിരുന്നു സംഭവമെങ്കിലും കഴിഞ്ഞ ദിവസമാണ് സി.ബി.ഐ. കേസ് രജിസ്റ്റർ ചെയ്തത്. ഇന്ദിരാനഗർ സ്വദേശി ചന്ദ്രശേഖർ, ന്യൂതിപ്പസാന്ദ്ര സ്വദേശി ജോൺ വില്യംസ് എന്നിവർക്കാണ് സ്വർണം കടത്താൻ സഹായം ചെയ്തത്. വില്യംസും ചന്ദ്രശേഖറും കഴിഞ്ഞ 20 വർഷത്തോളമായി ബെംഗളൂരുവിലാണ് താമസം.
2017 സെപ്റ്റംബർ 13-ന് ഇരുവരും ദുബായിക്കുപോയി രണ്ട് ദിവസങ്ങൾക്കുശേഷം സ്വർണവുമായി മടങ്ങുകയായിരുന്നു. ചന്ദ്രശേഖറുമായും വില്യംസുമായും ഗൂഢാലോചന നടത്തിയ അശോക് ഇരുവർക്കുംവേണ്ടി 20.12 കിലോ സ്വർണം കടത്താൻ സഹായം ചെയ്തുകൊടുത്തെന്നായിരുന്നു പരാതി. കസ്റ്റംസ് പ്രിൻസിപ്പൽ കമ്മിഷണർ എസ്. നാസർ ഖാനാണ് അശോകിനെതിരേ പരാതി നൽകിയത്.
നേരത്തേയും ചന്ദ്രശേഖറിന് സ്വർണം കടത്താൻ അശോക് സഹായം ചെയ്തുകൊടുത്തിട്ടുണ്ടെന്നും പ്രതിഫലമായി കിലോയ്ക്ക് 60,000 രൂപവരെ വാങ്ങിയിരുന്നെന്നും പരാതിയിൽ പറയുന്നു. ചന്ദ്രശേഖറും വില്യംസും ബെംഗളൂരു വഴി കേരളത്തിലേക്ക് സ്വർണം കടത്തുന്ന സംഘത്തിലെ അംഗങ്ങളാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.