‘ലോകം ബെംഗളൂരുവിൽ’ എന്നാണ് ബെംഗളൂരു ഇന്റർനാഷനൽ ചലച്ചിത്ര മേളയുടെ പരസ്യവാചകം .അക്ഷരാർത്ഥത്തിൽ അത് ശരിയാണ് .ഒരാഴ്ചക്കാലം ലോകം ബെംഗളൂരുവിലാണ് .കണ്ടമ്പററി വേൾഡ് സിനിമാവിഭാഗത്തിൽ മാത്രം നൂറുചിത്രങ്ങൾ .ഇതരവിഭാഗങ്ങളിലായി നൂറ്റമ്പതോളം ചിത്രങ്ങൾ വേറെയും .ഓറിയോൺ മാളിന്റെ മൂന്നാം നിലയിലുള്ള കൂറ്റൻ മൾട്ടിപ്ളെക്സിലെ പതിനൊന്നു സ്‌ക്രീനുകളിലായി ദിവസേന നാല്പതിലേറെ സിനിമകളുടെ പ്രദർശനം .ഓരോ സ്ക്രീനിലും രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുമണിവരെ ആറു ഷോകൾ .സിനിമാവിദ്യാർത്ഥികൾ ഉൾപ്പെടെ ആറായിരത്തിൽപരം ഡെലിഗേറ്റുകൾ .കൂടാതെ മാധ്യമക്കാർ ,വിദേശികളും സ്വദേശികളുമായ അതിഥികൾ ,ഡെയ്‌ലി പാസ്സുകാർ വേറെയും .സംഘാടകസമിതി അംഗങ്ങളും വളണ്ടീയർമാരും മുന്നൂറോളം വരും .
അങ്ങനെ ആളുകളുടെ പ്രളയം .പതിനഞ്ചു ,മുപ്പത് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഓരോ സ്ക്രീനിലും ഷോകൾ ആരംഭിക്കുക .മെറ്റൽ ഡിറ്റക്ടറും സെക്യൂരിറ്റി ചെക്കിങ്ങും കഴിഞ്ഞു കാണികൾ എത്തിച്ചേരുന്ന സ്‌ക്രീനുകൾക്ക് പുറത്തെ വിസ്തീർണ്ണം കുറഞ്ഞ അങ്കണത്തിൽ മങ്ങിയ പ്രകാശമേയുള്ളൂ .ഓരോ സ്‌ക്രീനിന്റെ മുന്നിൽനിന്നും ആരംഭിക്കുന്ന ക്വുകൾ വളഞ്ഞുപുളഞ്ഞും പരസ്പരം ചുറ്റിപ്പിണഞ്ഞും ആകെ ബഹളമാകും .ഏതു സ്‌ക്രീനിലേക്കുള്ള ക്വു ആണ് എന്ന് കണ്ടുപിടിക്കാനാവാതെ കാണികൾ വലയും .അങ്കണത്തിൽ കാലുകുത്താൻ പോലും സ്ഥലമുണ്ടാകില്ല
ഇഷ്ടപ്പെട്ട സിനിമയ്ക്ക് സീറ്റുകിട്ടാത്തവർ മറ്റൊരു ക്വുവിലേക്കോടും .അതിനിടയിൽ ഷെഡ്യൂൾ ചെയ്ത സിനിമയുടെ മാറ്റം ,സമയമാറ്റം തുടങ്ങിയ പ്രശ്നങ്ങൾ ഡെലിഗേറ്റുകളും സംഘാടകരും തമ്മിലുളള വാക്കേറ്റത്തിനും വഴക്കിനും വഴിവെക്കും .ഇത്തവണ അത്തരം വഴക്കുകളും പ്രശ്നങ്ങളും കൂടുതലായിരുന്നു .വളന്റീയർ മാർക്കെതിരെ പരാതികൾ നിരവധിയുണ്ടായിരുന്നു .മങ്ങിയ വെളിച്ചത്തിൽ സിനിമകളുടെ സിനോഫിസോ സ്ക്രീനിംഗ് ഷെഡ്യൂളോ വായിക്കാനാവില്ല .പ്രായമുള്ളവർക്ക് പ്രത്യേകിച്ചും .
ഡെലിഗേറ്റുകളിൽ പകുതിയും പ്രായമായവരാണ് ,ഈ കുറിപ്പുകാരൻ ഉൾപ്പെടെ .അവർക്ക് പ്രത്യേകം ക്വുവും മറ്റുചില സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നെങ്കിലും അതൊന്നും പ്രവർത്തികമായില്ല .കാണുന്ന സിനിമയുടെ ദൈർഘ്യം മനസ്സിലാക്കിയാലേ അടുത്ത സിനിമ പ്ലാൻ ചെയ്തു കാണാനാവൂ .അതിനിടയിൽ ഭക്ഷണത്തിനും ടോയ്‌ലെറ്റിൽ പോകാനും സമയം കണ്ടെത്തണം .തിയേറ്ററിനകത്ത് ഭക്ഷണം കിട്ടും .പക്ഷെ കൊല്ലുന്ന വിലയാണ് .ഇഷ്ടഭക്ഷണം കിട്ടുകയുമില്ല .ചലച്ചിത്ര മേള വന്നാൽ ഫുഡ് കോർട്ടുകാർക്ക് കൊയ്ത്താണ് .മേളത്തിരക്ക് ഫുഡ് കോർട്ടിലും ആനുഭവപ്പെടും .സിനിമ തീരുമ്പോൾ പിൻഭാഗത്തുകൂടിയാണ് പുറത്തിറങ്ങേണ്ടത് .അങ്ങനെ ഇറങ്ങുമ്പോൾ നാലാമത്തെ ഫ്ലോറിലാണ് എത്തുക .വീണ്ടും എക്‌സലേറ്ററിലൂടെ താഴേക്ക് .വീണ്ടും മെറ്റൽ ഡിറ്റക്ടർ .സെക്യൂരിറ്റി ചെക്കിങ്ങ് ..മേളയ്ക്ക് വരുന്നവർ പലവട്ടം ഇതൊക്കെ തരണം ചെയ്യണം .ഓരോ ഷോയും തുടങ്ങും മുൻപ് ദേശീയഗാനം പ്ളേ ചെയ്യുമ്പോൾ എഴുനേറ്റുനിൽക്കുകയും
വേണം .സിനിമ കഴിഞ്ഞാൽ മുതിർന്നവർക്ക് മുൻവശത്തുകൂടി തന്നെ ഇറങ്ങാം .ഈ സൗകര്യം യുവാക്കളും ഉപയോഗപ്പെടുത്തുമ്പോൾ വാക്കേറ്റം ,സംഘർഷം ….കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും മേള ഉത്സവം തന്നെ .ആയിരങ്ങൾ ഒഴുകിയെത്തുന്ന ,ലോകസിനിമയെ നെഞ്ചോടുചേർക്കുന്ന മഹോത്സവം .സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുക എന്ന സ്വപ്നവുമായി എത്തിയ നിരവധി യുവാക്കളെ ഇത്തവണയും മേളയിൽ കണ്ടുമുട്ടി .അവരൊക്കെ സിനിമ ചെയ്യുമോ ആവോ ?