രാജയോഗം എന്നു പറഞ്ഞാലിതാണ്. രുചിയിൽ മുന്നിലായിരുന്നെങ്കിലും വിലയുടെ കാര്യത്തിൽ ജാഡകളില്ലാതിരുന്ന കപ്പ ഇപ്പോൾ അക്കാര്യത്തിലും രാജകീയമായി. മലയാളിയുടെ പ്രിയപ്പെട്ട ആഹാരം കപ്പക്കിഴങ്ങ് പ്രമുഖ ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിൽ വിൽപനയ്ക്കെത്തി. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സൂപ്പർസ്റ്റാറായി വിലസിയിരുന്ന കപ്പ ആമസോണിലേയ്ക്കെത്തുമ്പോൾ വിലകേട്ടു ഞെട്ടരുത്.
ഒരു കിലോ കപ്പയ്ക്ക് 499 രൂപ! ഡിസ്കൗണ്ട് കഴിച്ച് 429 രൂപയ്ക്കു ലഭിക്കുമെന്നാണു ഹായ്ഷോപ്പി എന്ന സെല്ലറുടെ ഓഫർ. യഥാർഥ കർഷകന് 20 രൂപയിൽ താഴെ മാത്രം കിട്ടുമ്പോഴാണ് ആമസോണിലെ ഈ തീവില. ഇത്രയും വിലയ്ക്കു കപ്പ വിൽക്കാൻ വച്ചിരിക്കുന്നതു കണ്ട് ഒരാൾ ചോദ്യം ചെയ്തപ്പോൾ പറഞ്ഞ മറുപടി അതിലും രസകരം. കപ്പയ്ക്ക് വില 30 ആയിരിക്കും. പക്ഷേ ഡെലിവറി കോസ്റ്റ് 169 രൂപയാണ്. ദൂരം കൂടിയാൽ അതിനനുസരിച്ച് പിന്നെയും ചെലവേറും. പാക്കിങ്ങിനും കവറിന്റെ പ്രിന്റിങ്ങിനുമായി 45 രൂപയാകുമെന്നുമാണു മറുപടി. ശുദ്ധ കേരള ജൈവ കപ്പയാണെന്നാണു വാഗ്ദാനം.
രണ്ടു കാര്യങ്ങൾ കച്ചവടക്കാരൻ എടുത്തു പറഞ്ഞിട്ടുണ്ട്. വിറ്റ കപ്പ തിരിച്ചെടുക്കില്ല. കപ്പയുടെ ലഭ്യതയിൽ കുറവുള്ളതുകൊണ്ട് ഒരാൾക്ക് മൂന്നു കിലോയിൽ കൂടുതൽ വാങ്ങാനുമാകില്ല. മൂന്നു കിലോയിൽ കൂടുതൽ ഓർഡർ ചെയ്താൽ ഓർഡർ തനിയെ ക്യാൻസലാകും. എന്തായാലും ഈ കൊള്ളവില സമൂഹമാധ്യമങ്ങളിൽ വൈറലായെന്നു കണ്ട വിൽപനക്കാരൻ കപ്പയ്ക്ക് വിലകുറച്ച് 157 ആക്കിയിട്ടുണ്ട്. പക്ഷെ വാങ്ങാനുള്ള ഓപ്ഷൻ എടുത്തു കളഞ്ഞു.
‘ആമസോൺ ചേട്ടാ എന്നാലും കപ്പ/കൊള്ളി/ മരച്ചീനി എന്ന പേരിൽ അറിയപ്പെടുന്ന ഈ കിഴങ്ങു വർഗത്തിന് ശരാശരി കിലോയ്ക് 30 രൂപ മുതൽ 50 രൂപയെ നിലവിൽ മാർക്കറ്റ് വിലയുള്ളപ്പോൾ ഡിസ്കൗണ്ടും കഴിച് 429 രൂപയ്ക് വിൽക്കാൻ കാണിക്കുന്ന നിങ്ങളുടെ ലോല മനസിന് മുന്നിൽ നമിക്കുന്നു”എന്നാണ് മലയാളിയായ ലിജോ ചീരൻ ജോസ് എന്നയാൾ ഇതേപ്പറ്റി ഫെയ്സ്ബുക്കിൽ കുറിച്ചത്.
മറ്റൊരു ഷോപ്പിങ് സൈറ്റായ ബിഗ്ബാസ്കറ്റിലും കപ്പ വിൽപനയ്ക്കു വച്ചിട്ടുണ്ട്, കിലോയ്ക്ക് 59 രൂപ..നേരത്തേ, ചിരട്ടയ്ക്കു 3000 രൂപ വിലയിട്ടും ആമസോൺ ഞെട്ടിച്ചിട്ടുണ്ട്. ഡിസ്കൗണ്ട് 55% കിഴിച്ചു 1365 രൂപയ്ക്കു വാങ്ങാമെന്നായിരുന്നു ഓഫർ.
ഒരു മുറി ചിരട്ട ‘നാച്വറൽ ഷെൽ കപ്പ്’ എന്ന പേരിലാണ് 3000 രൂപ വിലയിട്ടു വിറ്റത്. ‘ഹെഡ്റഷ് ഇന്ത്യ’ എന്ന കമ്പനിയാണ് ചിരട്ട വിൽപനയ്ക്കെത്തിച്ചത്. ആമസോൺ ഡോട്കോം വഴി ചിരട്ട വാങ്ങിയവർ ‘ഇത് ഏറെ ഉപകാരപ്രദമാണ്’ എന്ന മട്ടിൽ റിവ്യൂ ചെയ്തിരുന്നു….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.