ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം!!

ബേ ഓവല്‍: ബേ ഓവലില്‍ ഇന്ത്യക്ക് റിപ്പബ്ലിക് ദിനാഘോഷം!!

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ഇന്ത്യന്‍ ടീം. ബേ ഓവലില്‍ കിവിസിനെ 90 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.

ആദ്യ പാതിയില്‍ തകര്‍പ്പന്‍ ബാറ്റിംഗ് നടത്തിയ ഇന്ത്യ പടുത്തുയര്‍ത്തിയ 325 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ 40.2 ഓവറില്‍ 234 റണ്‍സെടുത്ത് പുറത്തായി.

ബാറ്റിംഗില്‍ രോഹിത് തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ കുല്‍ദീപ് ഒപ്പത്തിനൊപ്പം നിന്നു. 10 ഓവറില്‍ 45 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്‌ത്തിയ കുല്‍ദീപാണ് ന്യൂസീലന്‍ഡിനെ എറിഞ്ഞൊതുക്കിയത്. ചാഹലും ഭുവിയും രണ്ട് വീതവും ഷമിയും ജാദവും ഓരോ വിക്കറ്റും വീഴ്‌ത്തി.

ന്യൂസിലന്‍ഡിന്‍റെ ബാറ്റിംഗ് തുടക്കത്തില്‍ തന്നെ തകരുകയായിരുന്നു. 51 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. 23ല്‍ നില്‍ക്കേ ഗപ്റ്റിലിനെ(16 പന്തില്‍ 15) ഭുവിയുടെ പന്തില്‍ തകര്‍പ്പന്‍ ക്യാച്ചില്‍ ചാഹല്‍ പറഞ്ഞയച്ചു. 11 പന്തില്‍ 20 റണ്‍സെടുത്ത നായകന്‍ വില്യംസിനെ ഷമി ബൗള്‍ഡാക്കി. പൊരുതി നോക്കിയ മണ്‍റോയെ 31ല്‍ നില്‍ക്കേ ഹാചല്‍ മടക്കിയതോട കിവികള്‍ 84-3. റോസ് ടെയ്‌ലറിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങാനായില്ല. 22 റണ്‍സെടുത്ത ടെയ്‌ലറെ ജാദവിന്‍റെ പന്തില്‍ ധോണി മിന്നല്‍ സ്റ്റംപിങില്‍ പുറത്താക്കി. പിന്നാലെ മധ്യനിരയെ കുല്‍ദീപ് കറക്കി വീഴ്‌ത്തി. ടോം ലഥാം(34), ഗ്രാന്‍ഡ്‌ഹോം(3), നിക്കോളസ്(28), സോധി(0) എന്നിവരാണ് കുല്‍ദീപിന്‍റെ പന്തില്‍ പുറത്തായത്.

എന്നാല്‍ ഫെര്‍ഗുസനെ കൂട്ടുപിടിച്ച് അര്‍ദ്ധ സെഞ്ചുറിയുമായി കുതിച്ച ബ്രേസ്‌വെല്‍ ഇന്ത്യയുടെ ജയം വൈകിപ്പിച്ചു. എന്നാല്‍ 40-ാം ഓവറില്‍ ഭുവി ഈ കൂട്ടുകെട്ട് പൊളിച്ചു. ബ്രേസ്‌വെല്‍ 46 പന്തില്‍ 57 റണ്‍സെടുത്തു. ചാഹലിന്‍റെ തൊട്ടടുത്ത ഓവറില്‍ ഫെര്‍ഗൂസണ്‍(12) അവസാനക്കാരനായി പുറത്തായി.

എന്നാല്‍,  ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ, നാലു വിക്കറ്റിന് 324 എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍‍ത്തി. രണ്ടാം ഏകദിനത്തില്‍ന്യൂസിലൻഡ് ബൗളിംഗിനു മേൽ സമ്പൂർണ്ണ ആധിപത്യത്തോടെയാണ് ഇന്ത്യ ബാറ്റിംഗ് പൂർത്തിയാക്കിയത്.

ഇന്ത്യക്കായി ബാറ്റിംഗ് ഓപ്പൺ ചെയ്ത ശിഖർ ധവാനും (66) രോഹിത്ത് ശർമ്മയും (87) മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍റെ തീരുമാനത്തെ ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇരുവരുടെയും പ്രകടനം. ധവാൻ-രോഹിത്ത് സഖ്യം, ആദ്യ വിക്കറ്റിൽ‌ 154 റൺസാണ് കൂട്ടി ചേർത്തത്.

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് 96 പന്തില്‍ ഒന്‍പതു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 87 റണ്‍സെടുത്തു. സഹ ഓപ്പണര്‍ ശിഖര്‍ ധവാനും (66) അര്‍ധസെഞ്ചുറി നേടി.

ബാറ്റിങ്ങിനിറങ്ങിയവരെല്ലാം ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. ശിഖര്‍ ധവാന്‍ (67 പന്തില്‍ 66), രോഹിത് ശര്‍മ (96 പന്തില്‍ 87), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (45 പന്തില്‍ 43), അമ്പാട്ടി റായുഡു (49 പന്തില്‍ 47) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ആദ്യ ഏകദിനം ജയിച്ച ഇന്ത്യ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0നു മുന്നിലാണ്.

ന്യൂസീലന്‍ഡില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഏകദിന സ്‌കോറാണിത്. 2009ല്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 393 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us