പ്രായ പൂർത്തിയാകാത്ത ചെറുമകളുടെ വിവാഹം നടത്താൻ വിസമ്മതിച്ച വയോധികനെ മകൻ ക്രൂരമായി കൊലപ്പെടുത്തി.

ബെംഗളൂരു: പ്രായ പൂർത്തിയാകാത്ത ചെറുമകളുടെ വിവാഹം നടത്താൻ വിസമ്മതിച്ച വയോധികനെ മകൻ ക്രൂരമായി കൊലപ്പെടുത്തി. കർണാടകത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. ഇവിടെ ദൊഡ്ഡബെല്ലാപുര കരെനഹള്ളി എന്ന സ്ഥലത്തായിരുന്നു സംഭവം.   ഈശ്വരപ്പ(70) എന്നയാളാണ് കൊല്ലപ്പെട്ടത്. വധവുമായി ബന്ധപ്പെട്ട് ഈശ്വരപ്പയുടെ മകൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇതിന് പിന്നാലെ തന്നെ വരന്റെ പിതാവ് സുബ്രഹ്മണി ഒളിവിൽ പോയിരിക്കുകയാണ്. 15കാരിയായ മകളെ സുബ്രഹ്മണിയുടെ മകനെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാൻ കുമാർ ശ്രമം നടത്തിയിരുന്നു. എന്നാൽ കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും 18 വയസായിട്ടെ വിവാഹം നടത്തു എന്നും ഈശ്വരപ്പ ഉറച്ച നിലപാടറിയിച്ചതോടെ അച്ഛനും മകനും തമ്മിൽ കലഹമുണ്ടാകുകയായിരുന്നു. ഇതാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്.

കൊലപാതകത്തിന്റെ പിന്നിൽ നടന്നതിനെ പറ്റി പൊലീസ് പറയുന്നതിങ്ങനെ

പതിനഞ്ചു വയസ്സുള്ള മകളെ സുബ്രമണിയുടെ മകന് വിവാഹം ചെയ്തുകൊടുക്കാൻ കുമാർ പദ്ധതിയിട്ടിരുന്നു. എന്നാൽ കുമാറിന്റെ പിതാവ് ഈശ്വരപ്പ ഇതിനെ ശക്തമായി എതിർത്തു. ചെറുമകൾക്ക് പ്രായപൂർത്തിയായില്ലെന്നും പഠനം കഴിഞ്ഞ് മതി വിവാഹമെന്നുമാണ് ഈശ്വരപ്പ പറഞ്ഞത്. 18 വയസ്സാകുന്നതുവരെ കാത്തിരിക്കാനും ഈശ്വരപ്പ ആവശ്യപ്പെട്ടു. എന്നാൽ, അച്ഛന്റെ വാക്കുകേൾക്കാതെ കുമാർ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

വിവാഹത്തിനുള്ള എല്ലാ ചെലവുകളും സുബ്രമണി വഹിച്ചുകൊള്ളാമെന്ന് ഏറ്റിരുന്നു. സ്ത്രീധനം വേണ്ടെന്നും അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ നിശ്ചയിച്ചതായി ചൈൽഡ് ഹെൽപ്പ്ലൈനിൽ അജ്ഞാത ഫോൺ സന്ദേശമെത്തി. ഇതോടെ ബാലാവകാശപ്രവർത്തകരും പൊലീസും അന്വേഷണത്തിനായി ഇവരുടെ വീട്ടിലെത്തി. വിവാഹം നടത്തിയാൽ നിയമപ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന് കുമാറിനെയും സുബ്രമണിയെയും അറിയിച്ചു.

ഇതേത്തുടർന്ന് വിവാഹം മുടങ്ങി. പെൺകുട്ടിയെ അമ്മയോടൊപ്പം സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കൗൺസലിങ് കേന്ദ്രത്തിലേക്ക് മാറ്റി. വിവാഹം മുടങ്ങിയതിൽ കുമാറും സുബ്രമണിയും രോഷാകുലരായിരുന്നു. അച്ഛൻ ഈശ്വരപ്പയാണ് ബാലാവകാശപ്രവർത്തകരെ വിവരം അറിയിച്ചതെന്ന് ഇവർ സംശയിച്ചു.

ഞായറാഴ്ച രാത്രി ഇക്കാര്യം ഈശ്വരപ്പയോട് ചോദിച്ചപ്പോൾ നിഷേധിച്ചു. ഇതേത്തുടർന്ന് കുമാറും സുബ്രമണിയുംചേർന്ന് ഈശ്വരപ്പയെ മർദിക്കുകയും കുമാർ കല്ലുപയോഗിച്ച് ഈശ്വരപ്പയുടെ തലയ്ക്കടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഈശ്വരപ്പയെ മറ്റുകുടുംബാംഗങ്ങൾ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us