ഇവിടെ ഇനി എത്ര നേരം ആണ് ഇനി നിറുത്താൻപോകുന്നത്? ആ ചോദ്യം കഴിയുമ്പോഴേക്കും ഡോർ വലിച്ചു ഒരു അടക്കലും, നിങ്ങളോട് ഞങ്ങൾ പറഞ്ഞത് കേട്ടാൽ മതി; കൂടുതൽ വർത്തമാനം പറയണ്ട, വേണമെങ്കിൽ പോയി കേസ് കൊടുക്കൂ എന്ന് പറഞ്ഞു. വളരെ നല്ല പെരുമാറ്റം ആയിരുന്നു ആ സാറിന്റെ. അങ്ങിനെ നിലക്കൽ പാർക്കിങ്ങിൽ അടുത്ത പോസ്റ്റ് ആയി.
ഈ പോസ്റ്റ് പ്രെത്യേകിച്ചു മാളികപ്പുറം സ്വാമിമാർ കൂടെയുള്ളവർക്കുള്ള ഒരു അനുഭവ കുറിപ്പാണു. അതിനനുസരിച്ചു പ്ലാൻ ചെയ്തു പോവുക.
രാവിലെ 03:15നു എടതിരിഞ്ഞിയിലെ വീട്ടിൽ നിന്നും എരുമേലിയിലേക്കു പുറപ്പെട്ടു. രാവിലെ 06:10നു എരുമേലി കേരളRTC സ്റ്റാൻഡിൽ എത്തി. സാധാരണ സീസൺ അല്ലാത്തത് കാരണം ഹോട്ടലുകളോ, ബസുകളോ ഇല്ല. സ്റ്റാൻഡിൽ നിന്നും അറിയാൻ കഴിഞ്ഞു – ഏഴു മണിക്ക് റെഗുലർ ഓടുന്ന ഒരു ബസ് ഉണ്ട്. അത് പാർക്ക് ചെയ്തിരിക്കുന്നത് അടുത്തുള്ള ഗ്രൗണ്ടിൽ ആണ്. അവിടെ പോയി നോക്കിയപ്പോഴേക്കും ഏകദേശം 36 സീറ്റുകൾ ഫിൽ ആയി; സ്ത്രീകളുടെ സീറ്റിൽ മാത്രം ആരുമില്ല. നിരഞ്ജന (മകൾ) കൂടെയുള്ളത് കൊണ്ട് സീറ്റ് അവൾക്കു കിട്ടുമെന്നുള്ള ആശ്വാസം ഉണ്ടായിരുന്നു. എരുമേലി പമ്പ ചെയിൻ സർവീസ് (റെഗുലർ) ഉള്ള ബസ് ആയിരുന്നു.
ബസ് ഫുൾ ലോഡ് ആയിരുന്നു. ഏകദേശം 07:35നു പമ്പാവാലി (കണമല)യിലെത്തി. ഞാനും, നിരഞ്ജനയും മുൻ സീറ്റിൽ ആയിരുന്നു ഇരുന്നിരുന്നത്. നോക്കിയപ്പോൾ ഏകദേശം 25 പോലീസുകാർ വഴിയിൽ നിൽക്കുന്നു. മുകളിൽ നിന്നുള്ള ഉത്തരവ് പ്രകാരം ആരെയും പമ്പയിലേക്ക് വിടുന്നില്ല. ബസ് ജീവനക്കാർ പറഞ്ഞു – സാറെ ഇത് റെഗുലർ ഡെയിലി ബസ് ആണ്. ആളുകൾ കാത്തു നിൽക്കുന്നുണ്ടാകും. ഒരു രക്ഷയുമില്ല, മാത്രമല്ല അത് കേട്ട ഭാവം മേലുദ്യോഗസ്ഥനും ഇല്ല.
അവസാനം ബസിലുള്ളവരുടെ ക്ഷമ പോലീസുകാർ പരീക്ഷിച്ചു. അടുത്ത ബസ് കൂടെ വന്നതോട് കൂടി പോലീസുകാരുടെ ക്ഷമയും നശിച്ചിരുന്നു. അങ്ങിനെ 08:30നു ശേഷം തീരുമാനം അറിയിക്കാം എന്ന് പോലീസുകാർ പറഞ്ഞു. വിശപ്പിന്റെ വിളി അപ്പോഴേക്കും നന്നായി അറിഞ്ഞു തുടങ്ങി. ദൈവം സഹായിച്ചു ഒന്നും കിട്ടിയിരുന്നില്ല. ഇനി അഥവാ വലതും കഴിക്കാൻ പോയാൽ, ബസ് എങ്ങാനും പോയല്ലോ? ആകെ പണി പാളും. അവസാനം കുറച്ചു നടന്നു കഴിഞ്ഞപ്പോൾ കുമളി റോഡിലേക്ക് ഒരു വഴി കണ്ടു. അവിടെയാണെകിൽ ഒരു ലൈൻ (ഏകദേശം) ഒരു കിലോമീറ്റർ ക്യൂ. ചോദിച്ചപ്പോൾ വെളുപ്പിന് മൂന്നു മണിക്ക് വന്ന വണ്ടികളും വിട്ടിട്ടില്ല. ചുരുക്കം പറഞ്ഞാൽ രാജ്യത്തിന്റെ ബോർഡറിൽ നിൽക്കുന്ന അവസ്ഥ. ഒരു വണ്ടിയും കടത്തി വിടരുതെന്ന് മുകളിൽ നിന്നുള്ള ഉത്തരവ്. അവസാനം ഒരു നാല് പഴവും, ബിസ്കറ്റും വാങ്ങി ബസിൽ കയറി ഇരുന്നു.
സമയം ഒൻപതു കഴിഞ്ഞു. അവസാനം പോലീസുകാരുടെ / മുകളിൽ ഉള്ളവരുടെ മനസ് അലിഞ്ഞു. വണ്ടി കൊണ്ട് പൊക്കോളാൻ പറഞ്ഞു.
ഏകദേശം 09:30നു നിലക്കൽ ബെയ്‌സ് ക്യാമ്പിൽ എത്തി. അവിടെ നിൽക്കുന്നു റോഡിനു വട്ടം വച്ച് പോലീസുകാരും, മീഡിയക്കാരും. വണ്ടി നിലക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ കയറ്റാൻ പറഞ്ഞു. വണ്ടിയിൽ ഉള്ളവരുടെ ക്ഷമ ഏകദേശം നശിച്ചിരുന്നു. കുറെ ആളുകൾ ബസിൽ നിന്നും ഇറങ്ങാൻ പറഞ്ഞ വശം ഏതോ ഒരു മേലുദ്യോഗസ്ഥൻ വന്നു. അപ്പോൾ യാത്രക്കാർ ചോദിച്ചു – സാറേ, ഒന്നര മണിക്കൂർ അവിടെ പിടിച്ചിട്ടു. ഇവിടെ ഇനി എത്ര നേരം ആണ് ഇനി നിറുത്താൻപോകുന്നത്? ആ ചോദ്യം കഴിയുമ്പോഴേക്കും ഡോർ വലിച്ചു ഒരു അടക്കലും, നിങ്ങളോട് ഞങ്ങൾ പറഞ്ഞത് കേട്ടാൽ മതി; കൂടുതൽ വർത്തമാനം പറയണ്ട, വേണമെങ്കിൽ പോയി കേസ് കൊടുക്കൂ എന്ന് പറഞ്ഞു. വളരെ നല്ല പെരുമാറ്റം ആയിരുന്നു ആ സാറിന്റെ. അങ്ങിനെ നിലക്കൽ പാർക്കിങ്ങിൽ അടുത്ത പോസ്റ്റ് ആയി.
നിലയ്ക്കലിൽ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല, ഉള്ള ഒരു കടയിലാണെങ്കിൽ ഒരു പൂരത്തിനുള്ള ആളുകളും, വായിൽ തോന്നിയ വിലയും. ബസുകളുടെയും, വണ്ടികളുടെയും നിരകൾ കൂടി തുടങ്ങി. പല റാങ്കിൽ ഉള്ള സാറുമാരും ഉണ്ടായിരുന്നു. അവർക്കും വ്യക്തമായ ധാരണകൾ ഒന്നും ഉണ്ടായിരുന്നില്ല (അല്ലെങ്കിൽ അവർ അങ്ങിനെയാണ്).
അവിടെ നിന്നും ഏകദേശം 11 മണിയോടെ വണ്ടികളുടെ നമ്പറുകൾ എല്ലാം ഒരു പോലീസുകാരൻ വന്നെഴുതാൻ തുടങ്ങി. പിന്നെ ക്യാമറ കൊണ്ടുള്ള ഫോട്ടോ എടുപ്പും. 11:05 നു വണ്ടികൾ ലൈൻ ആയി നിന്ന് ഓരോന്നായി ഇറങ്ങി തുടങ്ങി. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ നല്ല കട്ട ബ്ലോക്ക്. ഞങ്ങൾ യാത്ര ചെയ്തിരുന്ന ബസ് ആണ് ആദ്യം വിട്ടിരുന്നതു.
ബസിനു മുൻപിൽ മീഡിയക്കാരുടെ 4 വണ്ടികൾ, അതിന്റെ മുൻപിൽ പോലീസ് ബസ്. അതിനു മുൻപിൽ പോലീസുകാരുടെ രണ്ടു ജീപ്പ്. നോക്കിയപ്പോൾ അയ്യപ്പ ഭക്തർ റോഡിലൂടെ നടന്നു പോകുന്നു(പ്രതിഷേധത്തിൽ). ചിലർ പമ്പ വാലി മുതൽ നടന്നു തുടങ്ങി, ചിലർ നിലയ്ക്കലിൽ നിന്നും. ഏകദേശം മൂന്ന് കിലോമീറ്റർ ബസ് ഫസ്റ്റ് ഗിയറിൽ നിന്നും മാറ്റിയിട്ടില്ല. ബസ് ഓവർടേക്ക് ചെയ്യാൻ നോക്കിയാൽ പോലീസുകാരുടെ വക ചീത്ത പറയൽ. അവസാനം റോഡിൽ നിന്ന അയ്യപ്പ ഭക്തർ ബസ് മാത്രം കടത്തി വിട്ടു.
ഞങ്ങളുടെ ബസ് ആണ് പമ്പയിൽ ആദ്യമായി എത്തിയത്. ഒരു അമ്പതോളം പോലീസുകാരുടെ സ്വീകരണം. അതും ഫോട്ടോ എടുത്തു കൊണ്ട്. അത് കൂടാതെ മീഡിയക്കാരും. പമ്പയിൽ എത്തിയതോടെ സകല ലോകവും മാറി. പമ്പ ക്ലീൻ ആയി വാഷ് ഔട്ട്. ഒന്നുമില്ല. കുളിക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്, കക്കൂസുകളും, കടകളും ഒന്നും തന്നെയില്ല. നല്ല മണലാരണ്യം. ചുട്ടു പഴുക്കുന്ന വെയിലും. സമയം ഒരു മണിയായി.
വിശന്നു തളർച്ച തുടങ്ങിയിരുന്നു. കഴിക്കാം എന്ന് വിചാരിച്ചാൽ ഒന്നുമില്ല, ഇനി അഥവാ കഴിച്ചാൽ ടോയ്ലറ്റ് ഇല്ല. അവസ്ഥ പറയുവാൻ പറ്റില്ല. എല്ലാവരും വളരെ അധികം തളർന്നിരുന്നു. പമ്പയിൽ നിന്നും ഞങ്ങൾ നീലിമല വഴി കയറി തുടങ്ങി. വഴിയിൽ വെള്ളമില്ല, ടോയ്ലറ്റുകൾ ഇല്ല, കടകൾ ഇല്ല. ചൂട് കാരണം കാലു പൊളിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും നിരഞ്ജന പറഞ്ഞു – അച്ഛാ എനിക്ക് അയ്യപ്പനെ കാണണ്ട, വീട്ടിലേക്കു തിരിച്ചു പോകാം, ഭയങ്കര ക്ഷീണം, വയറു വേദന എടുക്കുന്നു, എന്താണ് ചെയ്യണ്ടതെന്നു അറിയാത്ത അവസ്ഥ ആയിരുന്നു.
ആരോട് പറയാൻ, എന്ത് പറയാൻ. കുടിക്കാൻ കൊണ്ട് വന്ന വെള്ളം കഴിഞ്ഞിരുന്നു. അവസാനം അയ്യപ്പ ഭക്തർ വന്നു ചോദിച്ചു തുടങ്ങി – എന്തിനാണ് മാളികപ്പുറം കരയുന്നതു? കുറച്ചു പേര് വന്നു അവരുടെ കൈയിൽ ഉള്ള വെള്ളം, ബിസ്‌ക്കറ്റ്, ഗ്ളൂക്കോസ് കൊടുത്തു. പക്ഷെ അവൾ വല്ലാതെ ക്ഷീണിച്ചിരുന്നു. ഇടയ്ക്കിടെ പൊലീസുകാരെ കണ്ടതോട് കൂടെ അവൾക്കു പേടിയുമായി.
നീലിമല ടോപ്പിൽ എത്തിയപ്പോഴേക്കും നിരഞ്ജന തളർന്നിരുന്നു. വഴിയിൽ പോകുന്ന സ്വാമിമാർ എല്ലാം ഇവളെ നോക്കുന്നുണ്ടായിരുന്നു. വെള്ളവുമില്ല, കടകളുമില്ല, ടോയ്ലറ്റ് സംവിധാനങ്ങളും ഇല്ല. അവസാനം അപ്പാച്ചിമേട്ടിൽ എത്തിയപ്പോഴേക്കും എല്ലാവരും തളർന്നു കിടപ്പായി. ഞാൻ അവിടെയുള്ള മെഡിക്കൽ സെന്ററിൽ പോയി ഡോക്ടറെ കണ്ടു. കാലിന്മേൽ പോള വന്നു പൊട്ടിയിട്ടുണ്ടായിരുന്നില്ല. ഡോക്ടർ വളരെയധികം സഹായിച്ചു; വലിയ കാര്യം എന്താണെന്ന് വച്ചാൽ കുടിക്കാൻ നല്ല ചൂടുള്ള വെള്ളം അവിടെ നിന്നും കിട്ടി. ഒരു വിധത്തിൽ മരക്കൂട്ടം വരെ എത്തി. അപ്പോഴേക്കും കാൽ പാദത്തിൽ കെട്ടുണ്ടായിരുന്നു. മരക്കൂട്ടത്തിൽ എത്തിയപ്പോൾ അവിടെയും തടസം, സാധാരണ പോകുന്ന വഴിയിൽ വിടുന്നില്ല. അവസാനം ഒരു ഹോട്ടൽ ഇടത്തെ ഭാഗത്തുണ്ടായിരുന്നു; അവിടെ ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞതു കൊണ്ട് പോലീസുകാർ വിട്ടു.
ആ ഹോട്ടൽ എല്ലാവർക്കും ഒരുമിച്ചു സ്വർഗം കിട്ടിയ അവസ്ഥയായിരുന്നു; കടക്കാരുടെ സകല കണ്ട്രോളും പോയിരുന്നു. ഞങ്ങൾ കിട്ടിയതൊക്കെ (കഞ്ഞി, കടല) എടുത്തു കഴിച്ചു അവസാനം ബില്ലും കൊടുത്തു വന്നപ്പോൾ വീണ്ടും പോലീസ് തടഞ്ഞു, പിന്നെ എന്തോ എന്റെ കാലിലെ കേട്ട് കണ്ടിട്ടോ അല്ലെങ്കിൽ നിരഞ്ജനയുടെ മുഖം കണ്ടിട്ടോ പോലീസുകാർ വിട്ടു. അഞ്ചരയോടെ നടപന്തലിൽ എത്തി. ഈ പറയുന്ന വഴികളിൽ എല്ലാം മീഡിയ ടീം നിരഞ്ജനയെ ഫോക്കസ് ചെയ്തിരുന്നു. പതിനെട്ടാം പടി തൊട്ടു വഴങ്ങി തൊഴാനും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അവിടെ നിന്നും വീണ്ടും തുടങ്ങി.
അവിടെ താമസിക്കാൻ പാടില്ല, നെയ്യഭിഷേകത്തിനു ടോക്കൺ ഇല്ല. ഹോട്ടൽ ഇല്ല, ടോയ്ലറ്റ്, ബാത്ത്റൂം ഇല്ല. കുടിക്കാൻ വെള്ളം ഇല്ല. ശരിക്കും വെറുക്കപ്പെട്ട നിമിഷങ്ങൾ തന്നെയാണ്. അവസാനം കിടക്കാൻ പെരുവഴി ആയ അവസ്ഥയാണ്; മനസ്സിൽ സങ്കടം ഉണ്ടായില്ല, കാരണം ഞാൻ മാത്രമല്ല വഴിയിൽ കിടക്കുന്നതു; കുറെ അമ്മമാരും, മക്കളും ഉണ്ടായിരുന്നു. അവരെ നോക്കുമ്പോൾ സഹതാപം അല്ലാതെ വേറെ ഒന്നും ഉണ്ടായിരുന്നില്ല.
അങ്ങിനെ അവസാനം ഒരാളെ കിട്ടി. അതും ആൾ എന്തോ രഹസ്യമായി – സ്വാമി വിരി തരാം; അഭിഷേകം കഴിഞ്ഞ ഉടനെ ഇവിടെ നിന്നും പോകണം, നില്ക്കാൻ പാടില്ല, കുളിമുറിയോ, കക്കൂസോ സൗകര്യം ചോദിക്കരുത്. എങ്ങിനെയെങ്കിലും ഉറങ്ങിയാൽ മതിയെന്ന അവസ്ഥയിൽ എല്ലാം സമ്മതിച്ചു. അങ്ങിനെ വിരി എടുത്തു. അങ്ങിനെ കുളിക്കാൻ ഉള്ള സ്ഥലവും, കക്കൂസും അന്വേഷിച്ചു നടക്കാൻ തുടങ്ങി; കാൽ ആണെങ്കിൽ ഒരു മാതിരി വേദനയും. എങ്ങിനെയെക്കെയോ രാത്രി പോലീസ് ക്യാമ്പിന്റെ അടുത്തുള്ള സ്ഥലത്തു ഉള്ള കുളിമുറിയും, കക്കൂസും കണ്ടു പിടിച്ചു. അവിടെ വെള്ളമില്ല. പൈപ്പിൽ നിന്നും കുറച്ചു വെള്ളം വരുന്നുണ്ടായിരുന്നു. ബക്കറ്റ് ഇല്ല, കപ്പ് ഇല്ല. വെള്ളമെടുക്കാൻ കുടി വെള്ളത്തിന്റെ കുപ്പി ആരോ മുറിച്ചു വച്ചിരുന്നു. അത് സഹായമായി. അങ്ങിനെ അവസാനം തിരിച്ചു വിരിയുടെ അവിടെ എത്തിയപ്പോൾ നിരഞ്ജന ഉറങ്ങി. ക്ഷീണം അത്രക്കുണ്ടായിരുന്നു. എന്റെ മനസ്സിൽ അപ്പോൾ വേദനിച്ചതു ഒന്നും രാത്രി കഴിക്കാൻ കൊടുക്കാൻ പറ്റിയില്ല എന്നതായിരുന്നു. ഒരു ഭാഗം ആശ്വാസം എന്തെന്നാൽ, കഴിക്കാതിരുന്നാൽ ടോയ്ലെറ്റിൽ പോകേണ്ടി വരില്ല എന്നുമായിരുന്നു. ആവശ്യമുള്ള കടകൾ ഒന്നും ഇല്ല. അങ്ങിനെ പത്തരയോടെ ഉറങ്ങി. രാവിലെ എഴുന്നേറ്റു കുളിക്കാൻ നിന്നില്ല. പല്ലു തേക്കാനും അറക്കും. ഒരു വിധത്തിൽ സന്നിധാനത്തും നിന്നും ഇറങ്ങി.
ജീവിതത്തിൽ ആദ്യമായി ചെരുപ്പ് വാങ്ങി ഇട്ടു മല ഞാൻ ഇറങ്ങി. നിരഞ്ജനയോട് ചോദിച്ചപ്പോൾ അവൾക്കു വേണ്ട എന്ന് പറഞ്ഞു. അവളുടെ കാൽ കണ്ടപ്പോൾ എനിക്ക് വിഷമം ആയി, ഞാൻ ചെരുപ്പ് ധരിച്ചും, അവൾ…..
ആ കൊച്ചു പാദങ്ങൾക്ക് ഇനിയും മല ചവിട്ടാൻ സാധിക്കട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട്…..
പമ്പയിൽ എത്തിയപ്പോൾ ബസ്സും പണി തന്നു… അതെന്തായാലും എഴുതുന്നില്ല….
(ബൊമ്മനഹള്ളി എന്‍ എസ് എസ് കരയോഗതിന്റെ പി ആര്‍ ഓയും Blood Donors Bengaluru വിന്റെ സ്ഥാപക അംഗവുമാണ് ലേഖകന്‍ )
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.