കുടക്: കന്നഡ മണ്ണിൽ ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികളേറ്റുവാങ്ങുന്ന കാഴ്ചയാണ് രണ്ട് ദിവസങ്ങളായി അവിടെ നിന്നുള്ളത്. രണ്ട് ദിവസങ്ങൾക്കുള്ളിൽ നടന്ന രണ്ട് പ്രധാന രാഷ്ട്രീയ സംഭവങ്ങളിൽ രണ്ടും ബിജെപിക്ക് തിരിച്ചടി നൽകുന്നതാണ്. ഇന്നലെ കുടക് ജില്ലയിലെ മൂന്ന് നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ മൂന്നിടത്തും ബിജെപിക്ക് കാലിടറി.
മറ്റൊന്ന് നവംബർ 3ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രാമനഗർ മണ്ഢലത്തിലെ ബിജെപി സ്ഥാനാർത്ഥി കോൺഗ്രസിൽ ചേർന്നെന്ന പുതിയ വാർത്തകളും കർണാടകത്തിൽ നിന്നും വരുന്നു. ഇവ രണ്ടും കൂട്ടിവായിക്കുമ്പോൾ കോൺഗ്രസ് ജെഡിഎസ് സംഖ്യത്തിന് മുന്നിൽ കർണാടകയിൽ ബിജെപി തകർന്നടിയുകയാണെന്ന നിഗമനത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
കുടക് ജില്ലയിലെ മൂന്ന് നഗരസഭകളിലേക്കായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. മൂന്നിടത്തും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. വിരാജ്‌പേട്ട, കുശാൽനഗർ, സോമവാർപേട്ട നഗരസഭകളിലാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടത്. കുശാൽനഗറിലും സോമവാർപേട്ടയിലും ബിജെപി അധികാരത്തിൽ നിന്ന് പുറത്തായി. 16 അംഗ കുശാൽനഗർ നഗരസഭയിൽ ബിജെപി ആറു സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ തനിച്ച് മത്സരിച്ച കോൺഗ്രസ് ആറു സീറ്റ് നേടി. ജനതാദൾ നാലു സീറ്റുമായി നിർണായകശക്തിയായി. ഇവിടെ കോൺഗ്രസ്-ജനതാദൾ സഖ്യം നിവലിൽ വരും. സോമവാർപേട്ടയിൽ 22 വർഷത്തെ ഭരണത്തിന് അന്ത്യംകുറിച്ച് കോൺഗ്രസ് ജനതാദൾ സഖ്യം അധികാരത്തിലേക്ക്.
11 അംഗ നഗരസഭാ കൗൺസിലിൽ ബിജെപി മൂന്ന് സീറ്റിലൊതുങ്ങിയപ്പോൾ കോൺഗ്രസ് നാലുസീറ്റ് നേടി ബിജെപിയെ ഞെട്ടിച്ചു. ജനതാദൾ മൂന്ന് സീറ്റ് നേടിയപ്പോൾ സ്വതന്ത്രൻ ഒരുസീറ്റിൽ വിജയിച്ചു. വിരാജ്‌പേട്ടയിൽ സ്വതന്ത്രരുടെ പിന്തുണ തേടി അധികാരത്തിലെത്താനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഇത് വിജയിക്കുമെന്ന് തന്നെയാണ് കുടകിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. 18 അംഗ വിരാജ്‌പേട്ട നഗരസഭയിൽ എട്ടുസീറ്റ് നേടി ഭരണകക്ഷിയായ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ കോൺഗ്രസിന് ആറു സീറ്റും സഖ്യകക്ഷിയായ ജനതാദൾ ഒരുസീറ്റിലും വിജയിച്ചു.
മൂന്ന് സീറ്റിൽ സ്വതന്ത്രന്മാരാണ് വിജയിച്ചത്. ഇതിൽ മൂന്നുപേരും കോൺഗ്രസ്-ജനതാദൾ സംഖ്യത്തോട് ആഭിമുഖ്യം പുലർത്തുന്നവരാണ്. ബിജെപിയിൽ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ച മുൻ നഗരസഭാ ചെയർപേഴ്‌സൺ ദേശമ്മയ്ക്ക് കോൺഗ്രസ് ജനതാദൾ സഖ്യം പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആറാം വാർഡിൽനിന്ന് വിജയിച്ച സിപിഐ സ്വതന്ത്ര സ്ഥാനാർത്ഥിയും കോൺഗ്രസ് ജനതാദൾ സഖ്യത്തോടൊപ്പം ചേരുമെന്നാണ് വിവരം. വിജയിച്ച മൂന്നാമത്തെ സ്വതന്ത്രൻ കോൺഗ്രസ് വിമതനാണ്. മൂന്ന് മലയാളികൾ തമ്മിൽ ഏറ്റുമുട്ടിയ വിരാജ്‌പേട്ട ടൗൺ വാർഡായ ഗൗരിക്കരയിൽ കോൺഗ്രസിലെ സി കെ പ്രിത്യുനാഥ് 199 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭാ മുൻ ചെയർമാനായിരുന്ന ബിജെപിയിലെ ഇ.സി. ജീവനെയാണ് പ്രിത്യുനാഥ് പരാജയപ്പെടുത്തിയത്.
കർണാടകയിൽ നിന്നുള്ള മറ്റൊരു പ്രധാന സംഭവം നവംബർ 3ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രാമനഗര മണ്ഢലത്തിലെ ബിജെപി സ്ഥാനാർത്ഥി തന്നെ കോൺഗ്രസിൽ ചേർന്നെന്നുള്ളതാണ്. ബിജെപി സ്ഥാനാർത്ഥിയായിരുന്ന എൽ ചന്ദ്രശേഖരനാണ് ഇന്ന് ഡികെ ശിവകുമാറിന്റെ സഹോദരൻ ഡികെ സുരേഷിൽ നിന്ന് അംഗത്വം സ്വീകരിച്ച് കോൺഗ്രസിൽ ചേർന്നിരിക്കുന്നത്.
ജെഡിഎസിന്റെ അനിത കുമാരസ്വാമിയാണ് ഇവിടെ കോൺഗ്രസ്-ജെഡിഎസ് സംഖ്യത്തിന്റെ സ്ഥാനാർത്ഥി. രണ്ട് മണ്ഢലങ്ങളിൽ മത്സരിച്ച് വിജയിച്ച എച്ച് ഡി കുമാരസ്വാമി രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ജെഡിഎസിന്റെ ഉറച്ച സീറ്റുകളിലൊന്നാണിത്. തെരഞ്ഞെടുപ്പിന് രണ്ട് ദിവസങ്ങൾ ബാക്കി നിൽക്കെ ബിജെപിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് സ്ഥാനാർത്ഥി തന്നെ കോൺഗ്രസിലേകക് പോയത്. ബിജെപി നേതാക്കൾ തന്നെ ബലിയാടാക്കി എന്നാണ് പാർട്ടിവിട്ട ചന്ദ്രശേഖറിന്റെ വിശദീകരണം. രണ്ട് നിയമസഭാ മഢലങ്ങളിലേക്കും മൂന്ന് ലോകസഭാ മണ്ഡലങ്ങളിലേക്കും നവംബർ 3നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.