ഉപതിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക്; ബി. ജെ.പി.യും കോൺഗ്രസ്-ദൾ സഖ്യവും പ്രചാരണരംഗത്ത് ഒപ്പത്തിനൊപ്പം.

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് നീങ്ങിയതോടെ നേതാക്കൾ മുഴുവൻ സമയവും മണ്ഡങ്ങളിലാണ്. ബി. ജെ.പി.യും കോൺഗ്രസ്-ദൾ സഖ്യവും പ്രചാരണരംഗത്ത് ഒപ്പത്തിനൊപ്പം മുന്നേറുകയാണ്.

മൂന്ന് ലോകസഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാമണ്ഡലങ്ങളിലേക്കും നവംബർ മൂന്നിനാണ് തിരഞ്ഞെടുപ്പ്. ശിവമോഗ, ബല്ലാരി ലോകസഭാ മണ്ഡലങ്ങളിലും ജാംഖണ്ഡി നിയമസഭ മണ്ഡങ്ങളിലുമാണ് വാശിയേറിയ പോരാട്ടം. ശിവമോഗയിലും ബല്ലാരിയിലും ബി.ജെ.പി.ക്ക് ആധിപത്യമുണ്ടെങ്കിലും കോൺഗ്രസും ദളും ഒന്നിച്ചതോടെ മത്സരം കടുത്തു. ഇത് മുന്നിൽ കണ്ട് ബി.ജെ.പി.യും പ്രചാരണം ശക്തമാക്കി.

സിറ്റിങ് സീറ്റായ ശിവമോഗയും ബല്ലാരിയും നിലനിർത്തേണ്ടത് ബി.ജെ.പി.ക്ക് അഭിമാന പ്രശ്നമാണ്. ശിവമോഗയിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി മൂന്നുദിവസത്തെ പ്രചാരണത്തിന് തുടക്കംകുറിച്ചു. കോൺഗ്രസ് നേതാക്കൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയെത്തിയത്. മുൻ മുഖ്യമന്ത്രിയായിരുന്ന എസ്. ബംഗാരപ്പയുടെ മകൻ മധു ബംഗാരപ്പയ്ക്കുവേണ്ടി കോൺഗ്രസും ദളും വോട്ടർമാരെ നേരിൽ കണ്ടുള്ള പ്രചാരണത്തിലാണ്. റോഡ് ഷോയും റാലികളുമായി കോൺഗ്രസ്, ജനതാദൾ നേതാക്കൾ പ്രചാരണരംഗത്ത് ശക്തമായി മുന്നേറുകയാണ്.

മറുഭാഗത്ത് ബി.എസ്. യെദ്യൂരപ്പയും ശോഭ കരന്തലജെയും പ്രചാരണത്തിന് നേതൃത്വംനൽകുന്നു. പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പിന്തുണ ഉറപ്പാക്കുന്ന പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നത്. ബല്ലാരിയിൽ കോൺഗ്രസിനുവേണ്ടി മുൻമുഖ്യമന്ത്രി സിദ്ധരാമയ്യും മന്ത്രി ഡി.കെ. ശിവകുമാറുമാണ് പ്രചാരണത്തിന് നേതൃത്വംനൽകുന്നത്. കോൺഗ്രസിൽ ക്ലീൻ ഇമേജുള്ള വി.എസ്. ഉഗ്രപ്പ ബി.ജെ.പി.ക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ ബല്ലാരിയിലെ ശക്തരായ റെഡ്ഡി സഹോദരങ്ങളും ബി. ശ്രീരാമുലുവും നയിക്കുന്ന പ്രചാരണം മുന്നേറുകയാണ്. ശ്രീരാമുലിവിന്റെ സഹോദരി ജെ. ശാന്തയാണ് ബി.ജെ.പി. സ്ഥാനാർഥി. അതിനാൽ ശ്രീരാമുലു വിജയം ഉറപ്പിക്കാൻ തീവ്രശ്രമത്തിലാണ്.

എന്നാൽ കോൺഗ്രസ് പ്രതീക്ഷിക്കുന്നത് അട്ടിമറിവിജയമാണ്. ബല്ലാരിയിൽ കോൺഗ്രസ് നേതാക്കളായ അനിൽ ലാഡയും സന്തോഷ് ലാഡയും ഉയർത്തുന്ന എതിർസ്വരങ്ങൾ കോൺഗ്രസിനെ അലോസരപ്പെടുത്തുന്നുണ്ട്. മുതിർന്ന നേതാവും മന്ത്രിയുമായ രമേശ് ജാർക്കിഹോളിക്കും അതൃപതിയുണ്ട്. പ്രദേശത്ത് നിന്നുള്ള നേതാക്കളെ ഒഴിവാക്കി ഡി.കെ. ശിവകുമാറിന് തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയതാണ് നേതാക്കളെ ചെടിപ്പിച്ചത്.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മുഴുവൻ സമവയവും പ്രചാരണ രംഗത്തുണ്ട്. ജാംഖണ്ഡി നിയമസഭ മണ്ഡലത്തിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണെങ്കിലും ബി.ജെ.പി.ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണിത്. സിദ്ധരാമയ്യയാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. മണ്ഡലം പിടിച്ചെടുക്കുമെന്ന അവകാശവാദത്തിലാണ് ബി.ജെ.പി. മുതിർന്ന ആർ.എസ്‌.എസ്. നേതാവ് ശ്രീകാന്ത് കുൽക്കർണിയാണ് സ്ഥാനാർഥി. സിദ്ധുഭീമപ്പ നാമഗൗഡ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നാമഗൗഡയുടെ മകൻ ആനന്ദ് സിദ്ധുവിനെ നിർത്തി സഹതാപതരംഗം വോട്ടാക്കാനാണ് കോൺഗ്രസ് ശ്രമം.

രാഷ്ട്രീയജീവിതത്തിലെ അവസാനത്തെ തിരഞ്ഞെടുപ്പ് എന്ന പ്രചാരണമാണ് ശ്രീകാന്ത് കൽക്കുർണിയുടേത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2795 വോട്ടിനാണ് കോൺഗ്രസ് വിജയിച്ചത്. ഇത് മറിക്കടക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ബി.ജെ.പി.ക്കുള്ളത്. മാണ്ഡ്യയിലും രാമനഗരയിലും കോൺഗ്രസ്-ദൾ സഖ്യം വിജയമുറപ്പിച്ച നിലയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us