കുറ്റവാളികളെ പിടികൂടുന്നതിനും വേഗതയിൽ ഓടുന്നതിനും സാരി തടസ്സമാകുന്നുവെന്ന കണ്ടെത്തല്‍;വനിതാപോലീസുകാരും പാന്റ്സും ഷർട്ടും ധരിക്കണമെന്ന് പോലീസ് മേധാവി നീലമണി എൻ. രാജു

ബെംഗളൂരു: സംസ്ഥാനത്തെ വനിതാപോലീസുകാർ യൂണിഫോമായി കാക്കിസാരി ഉപയോഗിക്കുന്നതിന് വിലക്ക്. പുരുഷ പോലീസുകാർക്ക് സമാനമായി മുഴുവൻ വനിതാപോലീസുകാരും പാന്റ്സും ഷർട്ടും ധരിക്കണമെന്ന് പോലീസ് മേധാവി നീലമണി എൻ. രാജു നിർദേശം നൽകി. ഉന്നതപോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് യൂണിഫോം ഏകീകരിക്കാനുള്ള തീരുമാനമുണ്ടായത്. ഗർഭിണികളായ വനിതാപോലീസുകാർക്ക് സാരി ഉപയോഗിക്കാൻ അനുമതിയുണ്ട്. യൂണിഫോം ചട്ടം തെറ്റിക്കുന്നവർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടിയെടുക്കുമെന്നും നീലമണി എൻ. രാജു ഉത്തരവിൽ പറയുന്നു.

കുറ്റവാളികളെ പിടികൂടുന്നതിനും വേഗതയിൽ ഓടുന്നതിനും സാരി തടസ്സമാകുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് തീരുമാനം. തിരക്കേറിയ സ്ഥലങ്ങളിൽനിന്ന് മാല പൊട്ടിച്ചോടുന്ന കള്ളന്മാരെ പിടികൂടാൻ കഴിയാതിരുന്ന ഒട്ടേറെ സംഭവങ്ങൾ പരിശോധിച്ചതിൽ നിന്നാണ് വനിതാപോലീസുകാർ സാരിയുടുക്കുന്നത് കൃത്യനിർവഹണത്തിന് തടസ്സമുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയത്. നേരത്തേ പാന്റും ഷർട്ടും ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സാരി ഉപയോഗിക്കാമെന്നായിരുന്നു ചട്ടം.

മുടിയിൽ അലങ്കാരം പാടില്ലെന്നും സർക്കുലറിൽ നിർദേശമുണ്ട്. കറുപ്പ് നെറ്റോ കറുപ്പ് മുടിപ്പിന്നോ ഉപയോഗിച്ച് മുടി ചുരുട്ടിക്കെട്ടി വെക്കണം. പൂവ് ചൂടുക, മുടിക്ക് കളർ നൽകുക തുടങ്ങിയവ ഒഴിവാക്കണം. പൊട്ട് തൊടണമെങ്കിൽ ചെറിയ പൊട്ട് ഉപയോഗിക്കാം. കമ്മലും ചെറുതാകണം. കുപ്പിവളയ്ക്ക് പകരം ലോഹവളകളാണ് ഉപയോഗിക്കേണ്ടത്. തൊഴിലിന്റെ ഗൗരവത്തിനും ഉത്തരവാദിത്വത്തിനും അനുസരിച്ചുള്ള വസ്ത്രധാരണും രീതിയുമാണ് ഇതിലൂടെ ഉറപ്പുവരുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വളരെ ചുരുങ്ങിയ വനിതാപോലീസുകാരാണ് യൂണിഫോമായി നിലവിൽ സാരി ഉപയോഗിക്കുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us