ബെംഗളൂരു: ദസറ ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ പ്രത്യേക സർവീസുകളുമായി കർണാടക ആർ.ടി.സി. കേരളത്തിലേക്കും കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമായി 2,500 പ്രത്യേക സർവീസുകളാണ് നടത്തുന്നത്. ദസറയുടെ ഭാഗമായി മാത്രം 300 പ്രത്യേക ബസുകൾ സർവീസ് നടത്തും.
ഇതിൽ 150 ബസുകൾ ബെംഗളൂരുവിലെ മൈസൂരു റോഡ് ബസ് സ്റ്റേഷനിൽനിന്ന് മൈസൂരുവിലേക്കായിരിക്കും സർവീസ് നടത്തുക. ബാക്കി 150 ബസുകൾ മൈസൂരുവിൽനിന്ന് സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ചാമുണ്ഡിമല, കെ.ആർ.എസ്. അണക്കെട്ട്, വൃന്ദാവൻ ഗാർഡൻ, ശ്രീരംഗപട്ടണ, നഞ്ചൻകോട്, മഡിക്കേരി, മാണ്ഡ്യ, മാലവള്ളി, എച്ച്.ഡി. കോട്ടെ, ചാമരാജനഗർ, ഹുൻസൂർ, കെ.ആർ. നഗർ, ഗുണ്ടൽപേട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവീസ് നടത്തും.
ഒക്ടോബർ 17-നും 22-നും ഇടയിലാണ് ഇത്രയും സർവീസുകൾ നടത്തുക. ബെംഗളൂരുവിൽനിന്നുള്ള പ്രത്യേക ബസുകൾ കെംപെഗൗഡ ബസ് സ്റ്റേഷൻ, മൈസൂരു ബസ് സ്റ്റേഷൻ, ശാന്തിനഗർ ബി.എം.ടി.സി. സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നായിരിക്കും പുറപ്പെടുക. കേരളത്തിലേക്ക് മാത്രം മുപ്പതോളം പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. കേരളത്തിൽ എറണാകുളം, പാലക്കാട്, കോഴിക്കോട്, തൃശ്ശൂർ, കണ്ണൂർ, കുമിളി, തേക്കടി എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്.
കൂടാതെ ധർമസ്ഥല, കുക്കെ സുബ്രഹ്മണ്യ, ശൃംഗേരി, ഹൊറനാട്, ശിവമോഗ, മഡിക്കേരി, മംഗളൂരു, ദാവൻഗരെ, ഗോകർണ, കൊല്ലൂർ, ഹുബ്ബള്ളി, ധാർവാഡ്, ബെലഗാവി, വിജയപുര, കാർവാർ, ബല്ലാരി, ഹൊസപേട്ട്, കലബുറഗി, റായ്ച്ചൂർ, ഹൈദരാബാദ്, ചെന്നൈ, ഊട്ടി, കൊടൈക്കനാൽ, സേലം, തിരുച്ചിറപ്പള്ളി, പുതുക്കോട്ടെ, മധുരൈ, ഷിർദി, പുണെ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുകളുണ്ടാകും. യാത്രക്കാർക്ക് കർണാടക ആർ.ടി.സി.യുടെ വെബ്സൈറ്റിലൂടെയും കൗണ്ടറുകളിൽനിന്നും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. നാലോ അതിലധികമോ യാത്രക്കാർ ഒന്നിച്ച് ബുക്ക് ചെയ്താൽ അഞ്ച് ശതമാനം നിരക്കിളവുണ്ടാകും. മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഒന്നിച്ച് ബുക്ക് ചെയ്താൽ 10 ശതമാനം നിരക്കിളവ് ലഭിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.