ബെംഗളൂരു: ഇന്ത്യയിൽ ഏറ്റവുംകൂടുതൽ വായുമലിനീകരണമുണ്ടാകുന്ന നഗരങ്ങളിൽ രണ്ടാം സ്ഥാനത്ത് ബെംഗളൂരുവെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിന്റെ (സി.എസ്.ഇ.) റിപ്പോർട്ട്. രാജ്യത്തെ പ്രധാനപ്പെട്ട 14 നഗരങ്ങളിൽ സി.എസ്.ഇ. നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഏറ്റവുംകൂടുതൽ കാർബൺഡൈ ഓക്സൈഡ് പുറത്തുവിടുന്ന നഗരം ഡൽഹിയാണ്. ചെന്നെയാണ് രണ്ടാംസ്ഥാനത്ത്. പഠനം നടത്തിയ മുഴുവൻ നഗരങ്ങളിലും വാഹനപ്പെരുപ്പവും ബന്ധപ്പെട്ട മലിനീകരണവും അതിഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണെന്നും റിപ്പോർട്ട് പറയുന്നു.
നേരത്തേ കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് പുറത്തുവിട്ട റിപ്പോർട്ടിലും ബെംഗളൂരുവിൽ വായുമലിനീകരണത്തോത് അപകടകരമായ വിധത്തിൽ വർധിച്ചുവരികയാണെന്ന കണ്ടെത്തലാണുള്ളത്. എന്നാൽ, സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് ഇത് തള്ളിയിരുന്നു. നഗരത്തിൽ വലിയതോതിൽ അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന ഫാക്ടറികളൊന്നും പ്രവർത്തിക്കുന്നില്ലെന്നായിരുന്നു അധികൃതരുടെ വാദം. ഇതിനുപിന്നാലെയാണ് സി.എസ്.ഇ.യുടെ പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
നൈട്രജൻ ഡയോക്സൈഡ് പുറത്തുവിടുന്നതിലും ബെംഗളൂരുവിന് രണ്ടാം സ്ഥാനമാണുള്ളത്. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലും രൂക്ഷമായ മലിനീകരണമാണുണ്ടാകുന്നത്. മലിനീകരണനിയന്ത്രണത്തിന് കൃത്യമായ നയങ്ങളില്ലാത്തതാണ് ഈ നഗരങ്ങൾക്ക് വിനയാകുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വാഹനപ്പെരുപ്പം നിയന്ത്രിച്ച് പൊതുഗതാഗത സംവിധാനങ്ങളിലേക്ക് മാറുന്നത് ഫലപ്രദമായ മാർഗങ്ങളിലൊന്നാണെന്നും കണ്ടെത്തലുണ്ട്.
അതേസമയം, 2017 മുതൽ ഹരിതനയം പിന്തുടർന്ന് ഇലക്ട്രിക് വാഹനങ്ങളും പൊതുഗതാഗത സംവിധാനവും പ്രോത്സാഹിപ്പിക്കാൻ ഒട്ടേറെ മാർഗങ്ങളാണ് സംസ്ഥാന സർക്കാരും ബെംഗളൂരു കോർപ്പറേഷനും പിന്തുടരുന്നത്. ടു സ്ട്രോക്ക് ഓട്ടോറിക്ഷകൾ നിരോധിക്കുന്നതും ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്സിഡി വർധിപ്പിച്ചതുമെല്ലാം ഇതിന്റെ ഭാഗമാണ്. എന്നാൽ ഈ പദ്ധതികളൊന്നും ഫലം കണ്ടില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ തെളിയിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.