ബെംഗളൂരു: കേരളത്തിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി ബെംഗളൂരുവിലെ മലയാളി കൂട്ടായ്മകൾ. ഇതിനോടകം വിവിധ സംഘടനകൾ സഹായമെത്തിച്ചിട്ടുണ്ട്. കൂടുതൽ സംഘടനകൾ സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്.
മാണ്ഡ്യ രൂപത
മാണ്ഡ്യ രൂപതയുടെ നേതൃത്വത്തിൽ വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നു. രൂപതയുടെ എല്ലാ പള്ളികളും സ്ഥാപനങ്ങളും ദുരിതമനുഭവിക്കുന്നവർക്കായുള്ള അവശ്യവസ്തുക്കൾ ധർമാരാം, മത്തിക്കരെ, സുൽത്താൻപാളയ, ഹൊങ്ങസാന്ദ്ര, ഹിങ്കൽ എന്നീ ഫൊറോന ദേവാലയങ്ങളിൽ ഈ മാസം 17-ന് മുമ്പ് എത്തിക്കും. രൂപതാ ടീം ഇവ സമാഹരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യും. സഹായം നൽകാൻ ആഗ്രഹിക്കുന്നവർ രൂപതാ ചാൻസലർ ഫാ. ജോമോൻ കോലഞ്ചേരിയുമായി ബന്ധപ്പെടുക. ഫോൺ: 9448304299, 080 41645560.
കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ്
കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ നേതൃത്വത്തിൽ കേരളത്തിൽ മഴക്കെടുതിയനുഭവിക്കുന്നവർക്ക് സഹായം നൽകുന്നു. ബെംഗളൂരുവിൽനിന്ന് ലോറിയിൽ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും കേരളത്തിലേക്ക് കൊണ്ടുപോയി. കമ്മിറ്റി അംഗങ്ങളായ അരവിന്ദ്, ജഗത്, കിഷോർ, കേശവൻ, ശിവശങ്കരൻ നായർ, സുധീർ, രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി
കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി കുട്ടനാട്ടിലെ പ്രളയബാധിത മേഖലകളിൽ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തു. ഭക്ഷ്യധാന്യങ്ങൾ, ശുചീകരണ ഉൽപന്നങ്ങൾ, മരുന്നുകൾ എന്നിവയാണ് വിവിധ ക്യാംപുകളിലായി വിതരണംചെയ്തത്. പ്രസിഡന്റ് പി.ഡി.പോൾ, സുരേഷ് പരമേശ്വരൻ, പി.കെ.രമേശ്, സുരേഷ് ബാബു, ശ്രീകുമാർ, ജോയ് ജോസഫ്, സന്ദീപ് എന്നിവർ നേതൃത്വം നൽകി.
കർണാടക മലയാളി കോൺഗ്രസ്
കേരളത്തിൽ പ്രളയക്കെടുതി നേരിടുന്ന പ്രദേശങ്ങളിൽ കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസവിതരണം നടത്തുന്നു. ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവ 28 നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്തിലാണ് സമാഹരിക്കുന്നത്. കേരളത്തിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ സഹായത്തോടെ ദുരിത മേഖലകളിൽ വിതരണം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ പറഞ്ഞു. ഫോൺ: 9741659788.
എസ്‌വൈഎസ്
എസ്‌വൈഎസ് ബെംഗളൂരു ജില്ലാ കമ്മിറ്റി കേരളത്തിലെ പ്രളയബാധിത മേഖലകളിൽ വിതരണം ചെയ്യുന്നതിനായി ദുരിതാശ്വാസ സാമഗ്രികൾ സമാഹരിച്ചു തുടങ്ങി. കൺവീനർ ടി.സി. സ്വാലിഹ്, അബ്ദുൽ ജലീൽ എന്നിവർ ചേർന്ന് വിഭവങ്ങൾ കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെത്തിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.