കോർപറേഷൻ സർക്കിളിലെ എ ടി എമ്മില്‍ മലയാളി ബാങ്ക് മാനേജറെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച് കാശുമായി കടന്നു കളഞ്ഞ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ബെംഗളൂരു: മലയാളി ബാങ്ക് മാനേജർ ജ്യോതി ഉദയിനെ എടിഎമ്മിനുള്ളിൽ ആക്രമിച്ചു കവർച്ച നടത്തിയ കേസിലെ പ്രതി മധുകർ റെഡ്ഡിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ബെംഗളൂരു അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയിൽ കഴിഞ്ഞ 13നാണ് എൻആർ സ്ക്വയർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 2013 നവംബർ 19ന് കോർപറേഷൻ സർക്കിളിനു സമീപം എൻആർ സ്ക്വയറിലെ കോർപറേഷൻ ബാങ്ക് എടിഎമ്മിനകത്ത് രാവിലെ ഏഴു മണിയോടെ ജ്യോതിയെ വെട്ടിപ്പരുക്കേൽപിച്ച ശേഷം മൂന്നു വർഷത്തോളം ഒളിവിലായിരുന്ന മധുകറിനെ 2017 ജനുവരി 31ന് ആന്ധ്രയിലെ ചിറ്റൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിനു ശേഷം ആന്ധ്രപ്രദേശ് ഹിന്ദ്പുരിലെ ലോഡ്ജിൽ താമസിക്കുന്നതിനിടെ, പൊലീസ് തന്റെ തന്നെ ചിത്രം കാണിച്ച് തിരിച്ചറിയുമോ എന്ന് തിരക്കിയിരുന്നതായും, താനവരെ കബളിപ്പിച്ച് കടന്നതായും മധുകർ മൊഴി നൽകിയതായി 217 പേജുള്ള കുറ്റപത്രത്തിലുണ്ട്.

ബന്ധുവായ ആനന്ദ് റെഡ്ഡിയെ നാടൻ ബോംബെറി‍ഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ, ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ 2011ൽ കടപ്പ ജയിൽ ചാടിയ മധുകർ ഹൈദരാബാദിലേക്കാണ് കടന്നത്. 2013 നവംബറിൽ ജാദ്ചർലയിലെ ബാറിൽ ഒരാളെയും ബത്തലപ്പള്ളിയിൽ വീട്ടമ്മയെയും ആക്രമിച്ചിരുന്നു.ജ്യോതി ആക്രമിക്കപ്പെട്ട ദിവസം എൻആർ സ്ക്വയറിലെ കോർപറേഷൻ ബാങ്ക് എടിഎമ്മിലെത്തിയ ആനന്ദ് പണം ആവശ്യപ്പെട്ടു. എതിർത്ത ജ്യോതിയുടെ കഴുത്തു ഞെരിച്ചു. തുടർന്ന് തലയ്ക്കു വെട്ടി. ഇവരുടെ മൊബൈൽ ഫോണും 200 രൂപയും എടിഎം കാർഡും പിടിച്ചുവാങ്ങിയ ശേഷം സ്ഥലം വിട്ടു.

അപ്പോഴേക്കും ജ്യോതിയെ ആക്രമിക്കുന്ന വിഡിയോ എല്ലാ ചാനലുകളിലും സംപ്രേഷണം ചെയ്യാൻ ആരംഭിച്ചിരുന്നു. തുടർന്ന് രക്തക്കറ പുരണ്ട വസ്ത്രങ്ങൾ ഒരു കവറിലാക്കി താടിയും മുടിയും വടിച്ച് മറ്റൊരു ലോഡ്ജിലേക്ക് മാറി. ജന്മദേശമായ മദനപ്പള്ളിയിലെത്തിയ ശേഷം കൊടുവാൾ അവിടെ ഉപേക്ഷിച്ചു. തുടർന്ന് കേരളത്തിലേക്ക് കടന്നപ്പോൾ രക്തം പുരണ്ട വസ്ത്രം എറണാകുളത്തിനു സമീപം ഒരു വനത്തിൽ ഉപേക്ഷിച്ചു. ഹൈദരാബാദിലേക്ക് മടങ്ങിയ മധുകർ അറസ്റ്റിലാകും മുൻപ് രണ്ടു പേരെ കൂടി കൊലപ്പെടുത്തിയതായും കുറ്റപത്രത്തിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us