അഹമ്മാദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കുന്‍വര്‍ജി ബവാലിയ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് മണിക്കൂറുകള്‍ക്കകം കാബിനറ്റ് പദവിയുള്ള മന്ത്രിയായി അധികാരമേറ്റു.
കോണ്‍ഗ്രസില്‍നിന്നും രാജിവെച്ച് മണിക്കൂറുകള്‍ക്കമാണ് മന്ത്രിയായി ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തിലെ പ്രബല സാമുദായമായ കോളി നേതാവ് കൂടിയായ ബവാലിയ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളില്‍ ഒരാളായിരുന്നു.
കോളി സമുദായ നേതാവും കൂടിയായിരുന്ന അദ്ദേഹം രാജ്കോട്ടിലെ ജസ്ദന്‍ മണ്ഡലത്തില്‍നിന്നു നാലുവട്ടം അദ്ദേഹം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ 2009-ല്‍ രാജ്കോട്ടില്നിന്നു൦ ലോക്സഭയിലേക്കു൦ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ പ്രതിപക്ഷ നേതാവ് പദവിക്കായി അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍ യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി ഇടപെട്ട് പരേഷ് ധനാനിക്ക് പദവി നല്‍കുകയായിരുന്നു. പാര്‍ട്ടിയില്‍ ഉന്നതസ്ഥാനങ്ങള്‍ നല്‍കാത്തതില്‍ വളരെ കാലമായി പാര്‍ട്ടി നേതൃത്വവുമായി ഉടക്കിനില്‍ക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെയാണ് ബവാലിയ തന്റെ രാജിക്കത്ത് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയ്ക്ക് കൈമാറിയത്. രാജിവച്ചതിന് പിന്നാലെ ബിജെപി ആസ്ഥാനത്തെത്തിയ കുന്‍വര്‍ജി സംസ്ഥാന പ്രസിഡന്റ് ജിത്തു വഗാനിയുമായും രണ്ടു കാബിനറ്റ് മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
സൗരാഷ്ട്ര മേഖലയിലെ പ്രമുഖ നേതാവാണ് ബവാലിയ. ഈ മേഖലയില്‍ ബിജെപിക്ക് 2017ലെ തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട സീറ്റുകള്‍ നഷ്ടമായിരുന്നു. കോളി സമുദായത്തില്‍പ്പെട്ട പ്രമുഖ നേതാവിനെ ലഭിച്ചത് ബിജെപിയെ സംബന്ധിച്ചിടത്തോളം നേട്ടം തന്നെയാണ്.
ബവാലിയയുടെ ബിജെപിയിലേയ്ക്കുള്ള കൂടുമാറല്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും 2019 ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുഴുവന്‍ സീറ്റുകള്‍ നേടുമെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിതു വഗാനി പറഞ്ഞു. ബവാലിയയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും, ബിജെപി നേതാക്കള്‍ നടത്തുന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും ബവാലിയ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ബവാലിയയുടെ നടപടി നിര്‍ഭാഗ്യകരമെന്ന് ഗുജറാത്ത് പിസിസി അധ്യക്ഷന്‍ അമിത് ചാവ്ദ പറഞ്ഞു. ബവാലിയ കോണ്‍ഗ്രസ് ടിക്കറ്റില്‍ അഞ്ചു തവണ എംഎല്‍എയും ഒരു തവണ എംപിയും ആയിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരിയും മകളും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്. സൗരാഷ്ട്രയിലെ ജനങ്ങളോട് ബവാലിയ മറുപടി പറയണമെന്നും ചാവ്ദ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.