ബംഗളുരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനു നേരെ നിറയൊഴിച്ചത് അറസ്റ്റിലായ ആറംഗസംഘത്തിൽ ഉൾപ്പെട്ട പരശുറാം വാഗ്മരെയെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം അറിയിച്ചു. സാമൂഹ്യപ്രവർത്തകരായിരുന്ന ഗോവിന്ദ് പൻസാരെ, എം.എം.കൽബുർഗി എന്നിവരെ കൊലപ്പെടുത്താൻ ഉപയോഗിച്ച അതേ തോക്കാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താനും ഉപയോഗിച്ചതെന്ന് അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഫോറൻസിക് പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം, ഈ തോക്ക് ഇതേവരെ അന്വേഷണ സംഘത്തിനു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അഞ്ചു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഹിന്ദു വലതുപക്ഷ തീവ്രവാദ സംഘടനയുടെ ഭാഗമാണ് ഇവർ. മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 60 അംഗ സംഘടനയ്ക്ക് നിശ്ചിത പേരില്ല. ഈ സംഘടനയ്ക്ക് ഉത്തർപ്രദേശുമായി ബന്ധങ്ങളില്ല. ഹിന്ദു ജാഗ്രതി സമിതി, സനാതൻ സൻസ്ത എന്നീ തീവ്രവാദ സംഘടനകളിൽനിന്നാണ് കൊലയാളി സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. കൽബുർഗി, ഗൗരി ലങ്കേഷ്, പൻസാരെ എന്നിവരുടെ കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന ആരോപണം ഈ സംഘടനകൾ നിഷേധിച്ചിരുന്നു.
ഹിന്ദു യുവ സേന നേതാവ് കെ.ടി. നവീൻകുമാർ, അമോൽ കാലെ, മനോഹർ ഇഡ്വെ, സുജിത്കുമാർ, അമിത് ദേഗ്വെകർ എന്നിവരാണു ഗൗരി ലങ്കേഷ് വധക്കേസിൽ ഇതുവരെ അറസ്റ്റിലായത്. കാലെയും ദേഗ്വെകറും മഹാരാഷ്ട്രക്കാരാണ്. മറ്റു മൂന്നു പേരും കർണാടക സ്വദേശികളാണ്. നവീൻകുമാറാണ് ആദ്യം അറസ്റ്റിലായത്. സുജിത്കുമാറാണ് കൊലയാളി സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്.
ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്കു തീവ്ര വലതുപക്ഷ സംഘടനയായ ശ്രീരാമസേനയുമായുള്ള ബന്ധത്തിനു കൂടുതൽ തെളിവുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ശ്രീരാമസേനയുടെ തലവൻ പ്രമോദ് മുത്തലിക് കേസിൽ അറസ്റ്റിലായ പരശുറാം വാഗ്മറെയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണു പുറത്തായത്. കേസിലെ മറ്റൊരു പ്രതിക്കൊപ്പം മുത്തലിക് നിൽക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. എന്നാൽ ഇവരുമായി ബന്ധമില്ലെന്ന നിലപാടിലാണ് മുത്തലിക്. 2009ൽ മംഗളുരുവിൽ പബ്ബിൽ യുവതീയുവാക്കളെ മർദിച്ചു കുപ്രസിദ്ധി നേടിയ ആളാണ് മുത്തലിക്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.